Thursday, November 11, 2010

ഒരു പുഴ, ഒരു പെണ്‍കുട്ടി.ജാലകത്തിലൂടെ
നോക്കിയാല്‍
ഒരു പുഴ.
മൃതപ്രായമായത്.

മാറു തുരന്ന്
കരിവണ്ടുകള്‍
അകത്തേക്ക്.

കടിച്ചു തുപ്പിയതിന്റെ
ബാക്കി
അരിച്ചെത്തുന്ന
പുഴുക്കള്‍ക്ക്.

ശേഷിച്ച നിണം
തളം കെട്ടി
കാക്കകള്‍ക്ക് കുളിക്കാന്‍.

അര്‍ദ്ധരാത്രിയില്‍
ഉച്ചത്തില്‍ കരഞ്ഞത്‌
പുഴയെന്നു മുത്തശ്ശി.

ജാലകതിനകത്തെ
പെണ്‍കുട്ടി;
പുസ്തക കെട്ടുകള്‍ക്ക് മീതെ
സ്വര്‍ണവും ഒരുക്കി
വരനെ കാത്തിരിക്കുന്നു.

അവളുടെ കണ്ണുകള്‍
പുഴയുടെ
കണ്ണീര്‍ പോലെ.

ചുവരില്‍
നോക്കിയും കണ്ടും
ചെമ്പിച്ച കണ്ണാടി.

ഉത്തരത്തില്‍ തലതല്ലി
താഴെ വീണുപിടഞ്ഞ
ഒരു പല്ലി

രണ്ടാനമ്മയുടെ
നാവു നീണ്ടു:
ദുശ്ശകുനങ്ങള്‍!


*********

Thursday, October 14, 2010

തെരെഞ്ഞെടുപ്പുകള്‍.


പടിയടച്ചു
പിണ്ഡം വെച്ച
പ്രത്യയശാസ്ത്രങ്ങള്‍
ജരാനരകള്‍
ചായം പൂശി മിനുക്കി
നാട്ടുവഴികളില്‍
ചുവരെഴുതുന്നു!

ഇന്നലെ,
രക്തസാക്ഷികളുടെ
ആത്മാക്കള്‍ വന്നിരുന്നു.
പതിനെട്ടു തികഞ്ഞവരെ
പട്ടികയില്‍ ചേര്‍ക്കാന്‍!

അന്തിച്ചുനിന്ന
പെറ്റമ്മമാരുടെ
കാതിലവര്‍ പറഞ്ഞു:
നാളെ നമുക്കൊരു
പുലരിവരും
പത്തായം നിറയെ
ലോട്ടറിക്കാരുടെ
പണം നിറയും കാലം!

നാല്‍കവലയില്‍
ഒരു കുഞ്ഞാടിന്റെ
ഇടയലേഖനം കേട്ടു:
വികസന വിരുദ്ധര്‍,
അവര്‍
കണ്ടല്‍ പാര്‍ക്ക്‌
പൂട്ടിച്ചു.

പോലീസുകാര്‍
തല്ലിക്കൊന്ന
ഒരു വോട്ടെറുടെമകന്‍
വോട്ടേഴ്സ് ലിസ്റ്റ്‌ പരതുന്നു!
എന്റച്ചന്റെ
പേരുണ്ടാണവോ!?

പുലര്‍ച്ചെ
മുറ്റത്തിറങ്ങിയ
മുത്തശ്ശി
നിറയെ വെളുത്ത
രൂപങ്ങള്‍ കണ്ട്
പിറുപിറുത്തു:
കാലന്മാരാണ്;
എന്നെ കൊണ്ടോവാന്‍...


റോഡിലെ
കുഴിയില്‍
വീണു മരിച്ച
പൊതുമരാമത്ത്
എഞ്ചിനിയരുടെ
ഭാര്യ പറഞ്ഞു:
അല്ലമ്മേ...
അത് സ്ഥാനാര്‍ഥിയാ...
വോട്ടു ചോദിക്കാന്‍
വന്നതാ!
****

Tuesday, September 21, 2010

ആല്‍ബക്ഷതങ്ങള്‍

മകള്‍ അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ പടിയിറങ്ങിപ്പോകുമ്പോള്‍ ഉള്ളില്‍ ആധിയുണ്ടെങ്കിലും അമ്മ സമാധാനിച്ചു.

ഇല്ല അവള്‍ വഴി തെറ്റിപ്പോവില്ല. അങ്ങനെയല്ലല്ലോ ഞാനവളെ വളര്‍ത്തിയത്. ഇത്ര കാലം അവള്‍ നല്ല പെണ്‍കുട്ടി എന്ന പേര് മാത്രമേ കേള്‍പ്പിചിട്ടുള്ളൂ.

അച്ഛനെ അമ്മ പറഞ്ഞു സമ്മതിപ്പിക്കണം എന്നായിരുന്നു അവളുടെ നിര്‍ബന്ധം.

ആല്‍ബത്തില്‍ അഭിനയിക്ക്യാ എന്നതൊക്കെ ഇപ്പോഴത്തെ കുട്ട്യോള്‍ടെ ആഗ്രഹങ്ങളാ...നിങ്ങളായിട്ട് ഇനി എതിരൊന്നും പറയണ്ട. നമ്മടെ മോള് വല്യ സിനിമാക്കാരിയാവും....പിന്നെ നല്ല പണവും പേരും ഒക്കെ കിട്ടും!

മനസില്ലാമനസ്സോടെ സമ്മതിക്കുമ്പോഴും ഒരു തിരയുടെ ആരവം അയാളുടെ നെഞ്ചില്‍ അവശേഷിച്ചു.

ചെറുപ്പം മുതലേ അവള്‍ വലിയ നാട്യക്കാരിയായിരുന്നു. എതെങ്കിലും സിനിമാപ്പാട്ട് കേട്ടാല്‍ ഡാന്‍സ്‌ ചെയ്യാന്‍ തുടങ്ങും. സിനിമയിലെ നായികമാരെപ്പോലെ അഭിനയിച്ചു കാണിക്കും. കൌതുകത്തോടെ ഞങ്ങള്‍ നോക്കി നില്‍ക്കുമായിരുന്നു. ഇനി അവളുടെ ആഗ്രഹം അതാണെങ്കില്‍ അതു നടക്കട്ടെ.

വില കൂടിയ വാഹനങ്ങളില്‍ സുഹൃത്തുക്കളുടെ കൂടെ അവള്‍ പറന്നു വന്ന കാലമായിരുന്നു പിന്നെ. പല വര്‍ണ്ണങ്ങളിലുള്ള വിലപിടിച്ച മൊബൈലിലൂടെയുള്ള അവളുടെ കിന്നാരങ്ങള്‍ നാട്ടുകാര്‍ പുകഴ്ത്തിപ്പറഞ്ഞു. ഫാഷന്‍ വസ്ത്രങ്ങളുടെ വൈവിധ്യം കണ്ട് അയല്‍ക്കാരികള്‍ മൂക്കത്ത് വിരല്‍ വെച്ച് അടക്കം പറഞ്ഞു.

കൈ നിറയെ പണം തരുമ്പോഴും അവളുടെ മുഖത്ത്‌ ആ പഴയ സന്തോഷമില്ലെന്നു അയാള്‍ ഒരിക്കല്‍ പറഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു:

അതു നിങ്ങള്ക്ക് തോന്നുന്നതാ.. അവള്‍ക്കൊരു കുഴപ്പവുമില്ല. അവള്‍ നമ്മളുടെ മോളല്ലേ!

ഒരു വൈകുന്നേരത്ത് അവള്‍ പെട്ടെന്നു കയറി വന്ന്‌ മുറിയില്‍ കയറി വാതിലടച്ചത് അവര്‍ അന്ധാളിപ്പോടെ കണ്ടു. എത്ര വിളിച്ചിട്ടും തുറക്കാത്ത ആ വാതിലിനപ്പുറം വല്ലാത്ത തേങ്ങല്‍!

ദൈവമേ എന്ന് ആത്മാര്‍ഥമായി വിളിച്ച അവരുടെ ജീവിതത്തിലെ ആദ്യത്തെ സന്ദര്‍ഭം. ആ വിളിയുടെ അലകള്‍ അണയും മുമ്പേ ചാനലില്‍ വന്നു തുടങ്ങിയ വാര്‍ത്തകള്‍ അവര്‍ കേട്ടിരുന്നില്ല.!

പെണ്‍മാംസത്തിന് വില പതിനായിരം!. ആല്‍ബം ചിത്രീകരണത്തിന്റെ മറവില്‍ പെണ്‍വാണിഭം! ചാനല്‍ ഇന്‍വെസ്ടിഗെഷന്‍!

ഒളി ക്യാമറകളാല്‍ ഒപ്പിയെടുത്ത ചിത്രങ്ങളില്‍ പേര്‍ത്തും പേര്‍ത്തും പ്രദര്‍ശിപ്പിക്കുന്ന പെണ്‍കുട്ടിയുടെ മുഖം മറച്ച ചിത്രം. കൂടെ ആവശ്യക്കാരനെ ഏര്‍പ്പാടാക്കികൊടുക്കുന്ന പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ തന്‍റെ “പ്രൊഫഷനെ” വിശദീകരിച്ചു കൊണ്ടിരിക്കുന്നു.

കറുത്ത കോട്ടും ടൈയും അണിഞ്ഞ അവതാരകന്‍ തല നീട്ടി കണ്ണുകള്‍ തുറിച്ച് വ്യഭിചാര കഥകള്‍ ആവേശപൂര്‍വ്വം പറഞ്ഞു കൊണ്ടേയിരിക്കുന്നു.

പുലരുവോളം ആ അച്ഛനും അമ്മയും ഉറങ്ങിയില്ല. അച്ചന്‍ പറഞ്ഞു കൊണ്ടിരുന്നു: നീയല്ലേ പറഞ്ഞത് നമ്മടെ മോള്‍ പ്രശസ്തയാവുംന്ന്......!

**************************************************************************

Wednesday, September 8, 2010

റമദാന്‍...മനസ്സിനെ
ആര്‍ദ്രമാക്കിയത്

ശരീരത്തെ
മലിനമുക്തമാക്കിയത്

വിശ്വാസം
ദൃഡമാക്കിയത്

വിചാരങ്ങളെ
നിര്‍മലമാക്കിയത്

ബന്ധങ്ങളെ
ഈടുറ്റതാകിയത്

കടമകളെ
ഓര്‍മ്മപ്പെടുത്തിയത്

പാപങ്ങളെ
മായ്ച്ചുകളഞ്ഞത്

വിശപ്പിന്‍റെ
കാഠിന്യമറിയിച്ചത്

റമദാന്‍...
നീയായിരുന്നല്ലോ!
നീ അകന്നു പോകുമ്പോഴും
ഞങ്ങള്‍ക്ക്‌ നല്‍കുന്നു
നന്മയുടെ ഒരു
പെരുന്നാള്‍ ദിനം!

*******

Monday, July 26, 2010

വ്യഥ [കവിത]

ഒരു വ്യഥ
എപ്പോഴുമെന്‍
കൂടെയുണ്ട്;
ഒരു നിഴല്‍ പോലെ!

ഉറക്കിലും
ഉണര്‍വിലും
നിനവിലുമെല്ലാം
ഒരു സുഹൃത്ത്‌ പോലെ!

പൊന്നുമകനെ
പുറത്തിരുത്തി
ആന കളിക്കാന്‍
എനിക്കാവുന്നില്ലല്ലോ
എന്നതാണോ അത്?

പൊന്നുമകളുടെ
മുടിചീകി നല്‍കി,
പൌഡറിട്ട്
കവിളിലൊരു
മുത്തം നല്കാന്‍
ആയുസ്സ് ശേഷിക്കുമോയെന്ന
വീണ്ടുവിചാരമോ?

വാര്‍ദ്ധക്യത്തിന്‍റെ
ദുരിതത്തടവറയില്‍
ഏകാന്തതയുടെ
ചുഴിയിലുലയുന്ന
അച്ഛന്‍റെ ചാരത്ത്
ഒരു പകലെങ്കിലും
കൂട്ടിരിക്കാനെനിക്കാകുമോ
എന്ന ചിന്തയോ?

സ്വര്‍ണ്ണത്തിന്റെ വിലയും
പെങ്ങളുടെ വയസ്സും
അമ്മയുടെ ആകുലതയും
വളര്‍ന്നു വളര്‍ന്നെന്‍
നെഞ്ചിലെ ഭാരമാകുന്നതോ?

‘പുറത്ത് നല്ല മഴ,
മക്കളുറങ്ങിയിരിക്കുന്നു,
ഈ മുറിയില്‍
ഞാന്‍ മാത്രമുറങ്ങാതെ’
എന്നെന്‍ പ്രിയയതമ
പറയുമ്പൊഴൊക്കെയും...
പെയ്തു തീര്‍ന്ന
മഴയെക്കുറിച്ചുള്ള
എന്നാത്മനൊമ്പരങ്ങളാണോ
ആ വ്യഥ?

ആരുമറിയാതെ
പിഴുതെടുത്ത
വെളുത്ത
താടി രോമത്തിനു
പകരമായ്‌
നരയുടെ
ചാകര സമ്മാനിച്ച
കാലമോ
അതോ പ്രവാസമോ
എന്‍ വ്യഥ??

******

Thursday, July 15, 2010

അപൂര്‍വ്വ ചിത്രങ്ങള്‍!

എന്റെ സുഹൃത്ത് ശ്രീ. മുഹമ്മദ്‌ കാസിം അയച്ചു തന്ന ഈ ചിത്രങ്ങള്‍ നിങ്ങളുമായി പങ്കു വെക്കുന്നു.
These pictures are shot by Mr. Michel Denis-Huot, and given on this blog just for your information. All the rights are fully reserved with the original author.


Photographer Michel Denis-Huot, who captured these amazing pictures on safari in Kenya 's Masai Mara in October last year, said he was astounded by what he saw: "These three brothers have been living together since they left their mother at about 18 months old,' he said. 'On the morning we saw them, they seemed not to be hungry, walking quickly but stopping sometimes to play together. 'At one point, they met a group of impala who ran away. But one youngster was not quick enough and the brothers caught it easily'".

These extraordinary scenes followed…


Thursday, July 8, 2010

നിങ്ങളുടെ ആ കൈകള്‍!

ഒരു
കാര്യമുറപ്പാണ്;
ആ കൈ
വല്ലാത്തൊരു
കൈയാണ്,
ഒരൊന്നൊന്നര
കൈ.

ജനകോടികളുടെ
ജീവന്‍റെ തുടിപ്പായ
ദൈവദൂതന്‍റെ മേല്‍
വിഷവചനങ്ങള്‍ക്ക്‌
പിറവി നല്‍കി
കളങ്കിതമായ
ദുഷിച്ച കൈ.

പക്ഷെ..
ആ കൈ
മുറിച്ചെടുത്ത
നിങ്ങളുടെ കൈകളെ
എന്തൊരു
പേര് വിളിക്കും!

തെളിമയാര്‍ന്ന
മതത്തിന്‍റെ
മുഖത്ത്
ചെളിവാരിയെറിഞ്ഞ
കൈകളെന്നോ?

മാപ്പു കൊടുക്കലും
വിട്ടുവീഴ്ച ചെയ്യലും
മതത്തിന്‍റെ
മുഖമുദ്രയെന്നോതിയ
ലോകഗുരുവിന്റെ
അധ്യാപനങ്ങളെ
ചുട്ടെരിച്ച
കൈകളെന്നോ?

തലമുറകള്‍ക്ക്
പകര്‍ന്നു നല്‍കാന്‍
സ്നേഹം
കാത്തുവെച്ചവരുടെ
നെഞ്ചില്‍
മഴുവിറക്കിയ
പാപക്കറ പൂണ്ട
കൈകളെന്നോ?

**********

Thursday, June 10, 2010

ദരിദ്ര പ്രവാസി [കവിത]


പതം കുറഞ്ഞ ഖുബൂസിന്റെ
അതിര്‍ത്തികള്‍ പറിച്ചെടുത്ത്‌
എന്നോ മരിച്ച
ബ്രസീലിയന്‍ കോഴിയെ
ഉള്ളിയില്‍ വഴറ്റിയെടുത്ത
ചുക്കയില്‍ കുത്തി,
എന്‍റെ മാനസപുത്രി യിലെ
കരഞ്ഞു മാത്രം ശീലിച്ച
നാട്യകണ്‍കളില്‍ നോക്കി,
ചവക്കാന്‍ മറന്ന്
അന്ന നാളത്തിലേക്ക്
ഉന്തി വിടുമ്പോള്‍...

ചിരിക്കുന്ന അവളുടെ മുഖം
ഏറെ കൊതിപ്പിച്ച്..
മിസ്ഡ് കാള്‍ ആയി മൊബൈലില്‍!.
ധൃതിയില്‍ നെറ്റില്‍ തൂങ്ങി
മക്കള്‍ക്ക്‌ വീണ്ടും പനിയായോ
എന്നാധിയില്‍
എന്തെയെന്ന ചോദ്യത്തിന്
മറന്നു പോയ വലിയൊരു കാര്യം
ഓര്‍ത്തെടുത്തു പറഞ്ഞ പോലെ
ആവേശത്തോടെ അവള്‍:
നാളെ നമ്മുടെ വിവാഹ വാര്‍ഷികം,
ഒമ്പതാമത്തെ!.

നെടുവീര്‍പ്പോടെ
നഷ്ടമായ ദാമ്പത്യം, കൂടെ ജീവിച്ച നാളുകള്‍
ദിനങ്ങളെണ്ണി അവള്‍ പറയുമ്പോള്‍..
ചിക്കെന്‍ ചുക്കയില്‍
ടോമാടോ പേസ്റ്റ് ഇത്തിരി കൂടിപ്പോയെന്നു
ഉസ്താതിനെ കുറ്റം പറയാനുറച്ച് ഞാന്‍!.
“ഇനിയെന്നാ നമ്മള്‍...”
ആവര്‍ത്തിച്ചേക്കാവുന്ന
അവളുടെ പല്ലവി
ശ്രുതി പോയ, താളമില്ലാത്ത,
ടെമ്പോ കൂടിയതാണെന്ന്
പണ്ടേ തിരിച്ചറിഞ്ഞ ഞാന്‍
സ്റ്റാര്‍ സിങ്ങറിലെ ജഡ്ജിനെ പോലെ
“എല്ലാം ശരിയാവും കുട്ടാ”
എന്ന വാക്കില്‍ മറുപടിയൊതുക്കി.
പിന്നെ,
ചങ്ങന്‍ തെങ്ങില്‍ കേറുന്ന പോലെ
ഇരട്ട കട്ടിലില്‍ വലിഞ്ഞു കേറി,
ചീനക്കാരന്റെ കംബിളിക്കുള്ളിലേക്ക്
ചുരുണ്ട് കൂടുമ്പോള്‍..
ഒരിക്കലും ഉറങ്ങാന്‍ വിടെല്ലെന്ന
ധാര്‍ഷ്ട്യത്തോടെ
വിപ്ലവ ബോധമുള്ള മൂട്ടകള്‍
മൂന്നാറിലെ ഭൂമാഫിയ പോലെ
എത്ര ഒഴിപ്പിചാലും ഒഴിഞ്ഞുപോകാതെ!.

പാതിരാക്ക്‌ കയറി വരുന്നവന്‍ ലൈറ്റിട്ടു
തൊണ്ടയനക്കുമ്പോള്‍ വീണ്ടുമുണര്‍ന്നു
പണ്ടാരടങ്ങാന്‍ ശപിച്ചു
ഉറക്കം കിട്ടാതെ പിടയുമ്പോള്‍..
ഉള്ളിലെ പുതുമണവാളന്‍
പിന്നെയുമുണര്‍ന്ന്
ആദ്യ രാത്രിയിലവളെ
നെഞ്ചോട് ചേര്‍ത്തതും,
വെളുത്ത മാറിലെ തുടുത്ത യൗവനം
ഒരു തിരയോളം തിടുക്കത്താല്‍
കോരിയെടുത്തതും...
കനവുകളാക്കുമ്പോള്‍

വിയര്‍പ്പു മണക്കുന്ന തലയിണയില്‍
മുഖമമര്‍ത്തി
എപ്പോഴോ ഉറങ്ങിപ്പോവുന്നതും,
പിന്നെയുമവള്‍
സ്വപ്നങ്ങളായിരച്ചു വന്നെന്‍
മനോദുഃഖങ്ങളെ സ്ഖലിപ്പിക്കുമ്പോള്‍
ഓര്‍ക്കുന്നത്;
ബംഗാളികള്‍ ക്യൂ നില്‍ക്കും
ബാത്‌റൂമില്‍ നിന്നും
ഈ തടിയൊന്നു നനചെടുക്കണമല്ലോ
എന്‍റെ ദൈവമേ! എന്ന്.
******

Monday, May 3, 2010

അമ്മയുറങ്ങാത്ത വീട് (കഥ)

പൂമരത്തിന്റെ ചില്ലകളിലൂടെ അരിച്ചിറങ്ങുന്ന സന്ധ്യ അച്ഛന്‍റെ കുഴിമാടത്തിലെക്കുള്ള അവളുടെ കാഴ്ചയുടെ ശക്തി കുറക്കുന്നുണ്ടായിരുന്നു. ഇരുട്ട് കനത്തു വന്നതോടെ കാഴ്ചയുടെ അറ്റത്ത്‌ കുഴിമാടത്തിന്റെ അവ്യക്ത ചിത്രം. ഇളകി മറിഞ്ഞ മണ്ണില്‍ അന്ത്യകര്‍മ്മങ്ങളുടെ ശേഷിപ്പുകള്‍ നേര്‍ത്ത പാടുകള്‍ പോലെ. തലച്ചോറിലേക്കു ഇരച്ചു കയറുന്ന കുന്തിരിക്കത്തിന്റെയും സാംബ്രാണിയുടെയും മണം. ചില്ലകളെ ശക്തിയായി ഇളക്കി പൂമരത്തിലുണ്ടായിരുന്ന അവസാനത്തെ കാക്കയും പറന്നു പോയി.

നിര്‍വ്വികാരത തളംകെട്ടി നിന്ന മനസ്സുമായ്‌ അനിത ആ കാഴ്ചകളില്‍ നിന്നും പതുക്കെ തിരിച്ചു വന്നു. ജനല്‍ കമ്പികളില്‍ മുഖമമര്‍ത്തിയുള്ള അവളുടെ നില്‍പ്പു തുടങ്ങിയിട്ട് കുറെ നേരമായിരിക്കുന്നു. കൈകാലുകള്‍ മരവിച്ച പോലെ. വിറങ്ങലിച്ചു നില്‍ക്കുന്ന അവളുടെ ഹൃദയത്തിലേക്ക് അലയടിച്ചു വരുന്ന കനത്ത ശൂന്യതക്കൊപ്പം അമ്മയുടെ തേങ്ങലിന്റെ നേര്‍ത്ത കണങ്ങള്‍. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വന്നവരില്‍ ബാക്കിയായ ആരുടെയൊക്കെയോ അടക്കിപ്പിടിച്ച ശബ്ദങ്ങള്‍ ജാലകതിനപ്പുറത്തു കേള്‍ക്കാം. അകത്തും പുറത്തുമായി ചിതറി നില്‍ക്കുന്ന കുടുംബക്കാരും സുഹൃത്തുക്കളും. ശബ്ദിക്കാന്‍ മറന്നു പോയവരായി അല്ലെങ്കില്‍ സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാത്തവരായി അവര്‍. ചുവരിലെ ചിത്രങ്ങള്‍ മാറി മാറി നോക്കി അച്ഛന്‍റെ ഓര്‍മ്മകളെ അവര്‍ ദീര്‍ഘനിശ്വാസങ്ങളാക്കുന്നു.


“ മോളെ... നീ ഒന്നും കഴിചില്ലല്ലോ.. വന്നിത്തിരി കഞ്ഞി കുടിക്ക്.. നേരം കുറെയായില്ലേ നില്‍പ്പ് തുടങ്ങീട്ട്...”
ഭവാനി ചേച്ചിയാണ്. തിരുത്ത്തിന്മേലെ ആശാരി നാരായണന്‍റെ ഭാര്യ. സഹതാപം മുറ്റിനില്‍ക്കുന്ന മുഖവുമായ്‌ അവര്‍ കൈ പിടിച്ചപ്പോള്‍ അനിത ഒന്നു തേങ്ങി. മനസ്സും ശരീരവും വല്ലാതെ ദുര്‍ബലമായിരിക്കുന്നു. ഒരു കയില്‍ കഞ്ഞി വായിലേക്കു വെക്കുമ്പോള്‍ അറിയാതെ ഒരിറ്റു കണ്ണുനീര്‍ ഉതിര്‍ന്നു വീണു..
“ഭവാനി ചേച്ചീ.. അമ്മ... അമ്മ വല്ലതും കഴിച്ചോ..?”
അവളുടെ കണ്ണുകള്‍ തെക്കേ മുറിയിലെക്ക് നീണ്ടു. ഒരു നീണ്ട നെടുവീര്‍പ്പിനൊടുവില്‍ അവര്‍ പറഞ്ഞു: “ഇല്ല മോളെ ആ കിടപ്പ് തന്നെയാണ്. വിളിച്ചിട്ടും ഒരനക്കവുമില്ല.!”

ചൂടുള്ള കഞ്ഞി കുടിച്ചപ്പോള്‍ അനിതയുടെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു. ശരീരം തളര്‍ന്നു. അമ്മയുടെ നേര്‍ക്ക്‌ മുഖം തിരിച്ച് അവള്‍ ചുവരിലേക്ക് ചാരി. വല്ലാത്ത ഒരു മയക്കത്തില്‍ തന്നെയാണ് അമ്മ. അച്ചനെന്തോ അപകടം പറ്റിയെന്നും ആശുപത്രിയില്‍ അഡ്മിറ്റ്‌ ആണെന്നും അബുദാബിയില്‍ നിന്നും അച്ഛന്റെ സുഹൃത്ത് അഡ്വക്കേറ്റ് സലിം വിളിച്ചു പറയുകയായിരുന്നു. അത് മുഴുവന്‍ കേള്‍ക്കാന്‍ അമ്മക്ക് പറ്റിയില്ല. അപ്പോഴേ തളര്‍ന്നു വീണു. ഒരുപക്ഷെ ആ വാക്കുയര്‍ത്തുന്ന സൂചന അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ ആ നിമിഷത്തില്‍ തന്നെ അമ്മ ഏറ്റുവാങ്ങിയിരിക്കണം. ദുഖത്തിന്റെ അലകള്‍ ഒഴിയാത്ത അമ്മയുടെ നെഞ്ചകത്ത് നിന്നും ഒരു ദൈന്യമായ തേങ്ങല്‍ മാത്രം ഇടക്കുയരുന്നു.


മൃതദേഹം അടക്കം ചെയ്ത ഇന്നേക്ക് അച്ഛന്‍ മരിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. കഴിഞ്ഞുപോയ ആ ദിനങ്ങള്‍ ശരിക്കും ഭീകരമായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ, കേട്ടത് സത്യമാണെന്ന് വിശ്വസിക്കാനകാതെ അസ്ഥിരമായ മനസ്സുകളോടെ ഞങ്ങള്‍... ഒടുവില്‍ മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തുന്നു എന്ന വിവരം. ഏറ്റുവാങ്ങാന്‍ പോകുന്നതിന്നായുള്ള അമ്മാമന്‍മാരുടെ ചര്‍ച്ചകള്‍... അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കാനുള്ള ശക്തിപോലും അനിതക്കില്ലായിരുന്നു. ഉള്ളിലടക്കിവെച്ച സങ്കടം പെയ്തു തീരുമ്പോഴും തീരാ ദുഖമായി അമ്മയുടെ വാക്കുകള്‍ അവളുടെ നെഞ്ചില്‍ ഇടിത്തീയാകുന്നു:
“എന്‍റെ മോളെ നിന്‍റെ അച്ചനൊന്നു വന്നിട്ടു വേണം അമ്മക്ക് സ്വസ്ഥായോന്നുറങ്ങാന്‍!”.

അമ്മ ഇടക്കിടെ പറയാറുണ്ടായിരുന്ന വാക്കുകളാണിത്. അമ്മ കാത്തിരുന്നത് അച്ഛനോടോത്തുള്ള ജീവിതമായിരുന്നു. അതു കൊണ്ടാണ് പ്രവാസത്തിന്‍റെ ആകുലതകളുമായ് വിരഹം മാത്രം സമ്മാനിച്ച ജീവിതം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാം മതിയാക്കി തിരിച്ചു പോരാന്‍ അച്ഛനെ അമ്മ നിര്‍ബന്ധിച്ചത്. കഴിഞ്ഞ തവണ ലീവിനു വന്നപ്പോള്‍ അമ്മ കുട്ടികളെ പോലെ വാശിപിടിച്ചു. മതി ബാബ്വേട്ടാ.. എത്ര കാലാ ഇങ്ങനെ ജീവിക്യാ...മോളും വലുതായില്ലേ?.
ഒരു പാരലല്‍ കോളേജ് അധ്യാപകന്‍. പ്രയാസമില്ലാതെ നാളുകള്‍ നീക്കാനുള്ള വരുമാനം. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം. പിന്നെന്തിനാണച്ചന്‍ ഞങ്ങളെ വിട്ടു പോയത്. കാര്യങ്ങളെയും കാരണങ്ങളെയും വിലയിരുത്താനുള്ള അറിവെത്തിയപ്പോള്‍ ഞാനേറെ ചിന്തിച്ചതാണത്. തററവാടു ഭാഗിച്ചപ്പോള്‍ ഓഹരിയായിക്കിട്ടിയ മെയിന്‍ റോഡിനോട് ചേര്‍ന്ന സ്ഥലത്ത് നല്ല ഒരു വീട്. പിന്നെ ഭാവിയെക്കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകളും. അച്ഛന്റെ സുഹൃത്ത് സലീംക്ക ഗള്‍ഫിലേക്ക്‌ വരുന്നോ എന്ന് ചോദിച്ചപ്പോള്‍ ആഴ്ചകളോളം അച്ഛനുമമ്മയും ചര്‍ച്ച ചെയ്ത വിഷയമായിരുന്നത്രെ അത്. ഒടുവില്‍ മഞ്ഞുപെയ്യുന്ന ഒരു പുലര്കാലത്ത്തില്‍ പ്രതീക്ഷകളുടെ നിറവും പേറി ആര്‍ദ്രതയോടെ അച്ഛന്‍ യാത്രപറഞ്ഞപ്പോള്‍ ജാലകത്തിനിപ്പുറത്ത് അമ്മയോടൊപ്പം വേര്‍പാടിന്റെ ആഴമറിയാതെ ഞാനും വിതുമ്പി നിന്നു.

പിന്നീട് ഞങ്ങള്‍ ജീവിച്ചത് അച്ഛന്‍റെ ഓര്‍മ്മകളിലാണ്‌. അച്ഛന്‍ പകര്‍ന്നു നല്‍കിയ സ്നേഹം, നന്മ എന്നിവ അച്ചന്റെ അഭാവത്തിലും ഞങ്ങള്‍ തലോലിച്ചു. അച്ചനെക്കുറിചോര്‍ക്കാത്ത രാവുകളോ പകലുകളോ ഞങ്ങളിലുണ്ടായില്ല. അച്ഛന്‍റെ പുസ്തകങ്ങളും ഫോട്ടോകളും പഴയ വസ്ത്രങ്ങളും ഞങ്ങള്‍ക്ക് കൂട്ടായി. കൊടുത്തയക്കുന്ന ഓരോ സമ്മാനപ്പൊതികളിലും അച്ഛന്റെ ചിരിക്കുന്ന മുഖം ഞങ്ങള്‍ കണ്ടു. അച്ഛന്‍റെ ഗന്ധം തങ്ങി നില്‍ക്കുന്ന പഴയ വസ്ത്രങ്ങള്‍ ഓരോ വരവിലും അമ്മ സൂക്ഷിച്ചു വെക്കും. അതില്‍ ഒന്ന് കഴുകാതെ എടുത്തുവെക്കും. മറ്റുള്ളവ ഇടക്കെടുത്ത് കഴുകി ഇസ്തിരിയിടും.

“ഈ അമ്മക്കിതെന്താ… അതില്‍ ചെളിയൊന്നുമില്ലല്ലോ അതിങ്ങനെ അലക്കാന്‍?” ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
“ഇതെല്ലാം അമ്മയുടെ അവകാശമാ മോളെ... നിനക്കതൊന്നും അറിയാരായിട്ടില്ല”. ജീവിതത്തിന്റെ ഓരോ മിടിപ്പുകളിലും അച്ഛന്‍റെ സാന്നിധ്യമുണ്ടാകാന്‍ എന്‍റെ അമ്മ ഏറെ കൊതിച്ചു.

കോളേജ് സമയം കഴിഞ്ഞാല്‍ എത്രയും നേരത്തെ വീട്ടിലെത്തുന്ന അച്ഛന്‍. മെയിന്‍ റോഡിലേക്ക് നീണ്ടു കിടക്കുന്ന വരമ്പിലേക്ക് കണ്ണും നട്ട് ഞാനും അമ്മയും കാത്തിരിക്കും. നേര്‍ത്ത ഇരുളില്‍ നിന്നും ടോര്‍ച്ചിന്റെ വെളിച്ചം കാണുമ്പോള്‍ ഞാന്‍ പറയും:
അമ്മേ.. അച്ഛന്‍ വന്നു!
പതിവ് പോലെ കൈയിലെ പഴംപോരിയും ഉള്ളിവടയും പിന്നെയെനിക്ക് ഉമ്മയും. അച്ഛന്‍റെ സ്നേഹസമ്മാനം. കണ്ടു നില്‍ക്കുന്ന അമ്മയും കവിള്‍ നീട്ടും. അച്ഛനില്‍ നിന്നും ബലമായ്‌ ചുംബനം വാങ്ങുമ്പോള്‍ അമ്മയെ ചേര്‍ത്തു പിടിച്ചു ആനന്ദത്തോടെ അച്ഛന്‍ പറയും:

“അനുമോളെ.. നിന്‍റെ അമ്മയുണ്ടല്ലോ.. അവളെന്റെ ആദ്യത്തെ മോളാ.. നീ രണ്ടാമാത്തതും.”

ശരിയായിരുന്നു. അച്ഛന്‍റെ മുമ്പില്‍ കുസൃതിക്കാരിയായ ഒരു കൊച്ചു കുട്ടിയാവും അമ്മ. മടിയില്‍ കിടക്കാന്‍ ഞാനും അമ്മയും തിരക്ക് കൂടും. ചോറുരുള വാങ്ങാന്‍ ഞങ്ങള്‍ മത്സരിക്കും. അവര്‍ക്കു നടുവില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മയെന്നെ പതിയെ നുള്ളും. “ അനുമോളെ വേഗം ഉറങ്ങിക്കോ..അമ്മ... ഒരു കഥ പറഞ്ഞു തരാം..”. കഥ പറഞ്ഞു തീരുമ്പോഴും ഞാനുറങ്ങിയിടുണ്ടാവില്ല. അച്ഛന്‍ മന്ദഹാസത്തോടെ എന്‍റെ കവിളത്ത് ചുംബിക്കുമ്പോള്‍ നാണം കലര്‍ന്ന കുറുംബിയായി അമ്മ ഞങ്ങളെ ചേര്‍ത്ത് പിടിക്കും: “ഈ പെണ്ണിന് ഉറക്കൂല്യ.. സമയം കളയാന്‍..”.

ഒരു സ്കൂള്‍ കുട്ടിയായ എന്നെ യാത്രയാക്കുന്ന അത്ര കരുതലോടെയായിരുന്നു അമ്മ രാവിലെ അച്ഛനെ ജോലിക്ക് പറഞ്ഞയക്കുക. ഷര്‍ട്ടിന്റെ ബട്ടന്‍സിട്ടു കൊടുക്കുമ്പോഴും ഷൂവിന്റെ ലേസ് കെട്ടിക്കൊടുക്കുംബോഴും ഒരു ഒന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയുടെ നിഷ്കളങ്കതയോടെ അച്ഛന്‍ തിരക്ക് കൂട്ടും. അടുക്കളയില്‍ അമ്മയെ സഹായിച്ചും മുറ്റത്ത്‌ എന്നോടൊപ്പം കളിച്ചും ഞായറാഴ്ചകളില്‍ ഞങ്ങളുടെ കൂടെതന്നെയുണ്ടാകും അച്ഛന്‍. ഞങ്ങളുടെ സന്തോഷത്തിന് ഞങ്ങളോടൊപ്പം ക്ഷേത്രത്തില്‍ വരുന്ന അച്ഛനെ ‘ദൈവവിശ്വാസിയായ കമ്മ്യൂണിസ്റ്റ്’ എന്ന് പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. അപ്പോള്‍ അച്ഛന്‍ പറയും - എന്‍റെ ദൈവം എന്‍റെ കുടുംബമാണെന്ന്.

‘അച്ഛന്‍ മതിയിനി ഗള്‍ഫില്‍ നിന്നത്. നാട്ടിലെന്താ എന്റച്ചന് പണി കിട്ടില്ലേ?. എന്‍റെ കൂട്ടുകാരൊക്കെ അവരുടെ അച്ചന്മാരുടെ കൂടെ സ്കൂളില്‍ വരുന്നതും ഉത്സവത്തിന്‌ പോകുന്നതും കാണുമ്പോള്‍ എനിക്ക് സഹിക്കാനാകുന്നില്ല. എനിക്ക് അച്ഛന്‍ കൊടുത്തയക്കുന്ന ഹെയര്‍പിന്നോ, റിബ്ബണോ ഒന്നും വേണ്ട. അച്ഛനടുതുണ്ടായാല്‍ മതി. ആ വിരല്‍ത്തുമ്പില്‍ തൂങ്ങി കോട്ടയില്‍ കുന്നു ശിവക്ഷേത്രതിലേക്ക് നടന്നു പോകുംബോഴുണ്ടാവുന്ന നിര്‍വൃതി.....അച്ചനെന്നാ വര്വാ...?’
അമ്മയുടെ കത്തിന്‍റെ കൂടെയുള്ള അവളുടെ നാലുവരിക്ക് അച്ഛന്‍ പിന്നീട് മറുപടി എഴുതി:

‘ഉടനെ വരും മോളെ. നിങ്ങളിലേക്കോടിയെത്താന്‍ തുടിക്കുന്ന മനസ്സിനെ ഈ ഉരുകുന്ന മരുഭൂവില്‍ തടഞ്ഞു നിര്‍ത്താന്‍ അച്ഛന്‍ നന്നേ പാടുപെടുന്നുണ്ട്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിരിക്കുന്നു. പ്രവാസം ഒരു തരത്തില്‍ തടവറയാണ് മോളെ. നാട്ടിന്‍പുറത്തെ പച്ചപ്പും ഇടവഴികളും അയ്കാട്ടു കുളവുമെല്ലാം അച്ഛനെ ഗൃഹാതുരനാക്കുന്നുണ്ട്..’

അച്ഛന്‍റെ സ്ഥാനം അമ്മ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പക്വമതിയായ ഒരു വീട്ടമ്മ. ഒരേ സമയം അമ്മയായും അച്ഛനായും മാറാന്‍ വളരെപെട്ടെന്ന് അമ്മക്ക് കഴിഞ്ഞു. പക്ഷെ അച്ചനുണ്ടായിരുന്നപ്പോള്‍ അമ്മയെ ആദരവോടെ നോക്കിയിരുന്നവരുടെ കണ്ണുകള്‍ക്ക് പിന്നീട് അനാവശ്യമായ തിളക്കം. സുഖവിവരങ്ങളറിയാന്‍ ഒട്ടോരിക്ഷക്കാരനും മീന്‍കാരനും തിടുക്കം. രാത്രിയില്‍ പലപ്പോഴും വീടിനു പുറത്ത്‌ ചൂളം വിളികളും മൂളിപ്പാട്ടും. ഇടയ്ക്കെപ്പോഴെങ്കിലും കറന്‍റ് പോയാല്‍ അമ്മ വല്ലാതെ ഭയപ്പെടുന്നു. ശരിക്കൊന്നുറങ്ങാന്‍ അമ്മക്ക് കഴിഞ്ഞിരുന്നില്ല. സ്കൂള്‍ വിട്ടുവരാന്‍ ഞാനല്‍പ്പം വൈകിയാല്‍ വര്‍ദ്ധിച്ച ശ്വാസമിടിപ്പുമായ് ഞാനെത്തുന്നതുവരെ മുറ്റത്ത്‌ തന്നെയുണ്ടാകും അമ്മ. നീയിപ്പോ കൊച്ചു കുട്ടിയൊന്നുമല്ല. സ്കൂള്‍ വിട്ടാല്‍ പെട്ടെന്നിങ്ങു പോന്നാലെന്താ?. എന്തു കാരണമുണ്ടായിരുന്നാലും ആ ചോദ്യത്തിന് ഞാന്‍ മറുപടി പറയില്ല. അമ്മയുടെ മനസ്സ് ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു.
പക്ഷെ...അമ്മയുടെ ഹൃദയമിടിപ്പ് നെഞ്ചിലേറ്റാനോ ദീര്‍ഘ നിശ്വാസങ്ങള്‍ക്ക് ആശ്വാസമാകാനോ ഇനി അച്ഛനില്ല. കനത്ത ഇരുളില്‍ നിന്നും സ്നേഹത്തിന്റെ നേര്‍ത്ത പ്രകാശമായ് പടികടന്ന് അച്ഛന്‍ വരില്ല. ആരു നാട്ടില്‍ വരുമ്പോഴും ആവശ്യപ്പെടാതെ തന്നെ കൊടുത്തയച്ചിരുന്ന സമ്മാനപ്പൊതികളും ഇനിയില്ല. അച്ഛന്‍റെ മടങ്ങി വരവിലേക്ക് ജീവിതം കാത്തു വെച്ച അമ്മക്ക് പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഉറക്കം നഷ്ടപ്പെടുത്തുന്നതായിരിക്കുന്നു.

നേരം പുലര്‍ന്നു തുടങ്ങിയിരിക്കുന്നു. തീരെ ഉറങ്ങാന്‍ കഴിയാഞ്ഞതാവും നല്ല തലവേദന. അനിത നെറ്റിയില്‍ കൈ വെച്ചു. ചെറിയ ചൂടുണ്ട്. പനി വരുമോ ആവൊ. അടുക്കളയില്‍ പാത്രങ്ങളുടെ ഒച്ചകള്‍ക്കൊപ്പം സംസാരവും കേള്‍ക്കുന്നുണ്ട്. ജാലകത്തിലൂടെ അരിച്ചെത്തിയ കാറ്റില്‍ ഒരു പേക്കിനാവിന്‍റെ ബാക്കി പോലെ കുന്തിരിക്കത്തിന്റെയും ചന്ദനത്തിരിയുടെയും ഇനിയും തീരാത്ത ഗന്ധം. അവള്‍ മുറ്റത്തേക്കിറങ്ങി. പറമ്പിന്റെ കിഴക്കേ അറ്റത്തേക്ക് നോട്ടം നീണ്ടപ്പോള്‍ അവള്‍ അസ്വസ്ഥയായി. കാണാകടലിനക്കരെ നിന്നും എന്‍റെ അച്ഛനിതാ തൊട്ടടുത്ത്. ഒന്ന് നോക്കാതെ ഒന്നും മിണ്ടാനാകാതെ...ഈശ്വരാ...!

അനിത ഒന്നു നില്‍ക്കൂ..

അകത്തേക്കു തിരിച്ചു കയറാനൊരുങ്ങിയ അവള്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. വൃത്തിയായി വസ്ത്രം ധരിച്ച മെലിഞ്ഞു വെളുത്ത ഒരാള്‍. കൈയില്‍ ഒരു വലിയ ബാഗ്‌.


അനിതയ്ക്ക് എന്നെ കണ്ടാലറിയാന്‍ വഴിയില്ല. പറഞ്ഞാല്‍ അറിയും. ഞാന്‍ ബാബുരാജിന്റെ സുഹൃത്താണ്‌. പേര് സലീം. അച്ഛന്‍റെ ആത്മസുഹൃത്ത് അഡ്വക്കേറ്റ് സലീം... ഈശ്വരാ..അനിതയുടെ മനസ്സ് നിറഞ്ഞു പെയ്യാനൊരുങ്ങി. ഇന്നലെ ഞാനും വന്നിരുന്നു ബാബുവിന്‍റെ കൂടെ.. മോളെ ഒന്നു കണ്ടിട്ടു പോകാമെന്നു കരുതി. നാളെ എനിക്ക് മടങ്ങിപ്പോണം. വിഷമിക്കരുത്. ഞങ്ങളൊക്കെയുണ്ട് കൂടെ. അനിതയുടെ നിറകണ്ണുകളിലേക്കു നോക്കി അയാള്‍ തുടര്‍ന്നു. ഇതില്‍ ബാബുവിന്‍റെ സാധനങ്ങളാണ്. സലീം കൈയിലെ ബാഗ്‌ അവള്‍ക്കു കൊടുത്തു. പിന്നെ വാചാലമായ നിമിഷങ്ങള്‍. വാക്കുകള്‍ കിട്ടാതെ അയാള്‍. അച്ഛനെക്കുറിച്ചുള്ള വാക്കുകള്‍ക്കായ്‌ കാതോര്‍ത്ത് അവള്‍. ഇന്നലെ തരാന്‍ കഴിഞ്ഞില്ല. അവസ്ഥ അതായിരുന്നല്ലോ. അയാളില്‍ ദുഃഖം കനത്തു.
“സലീംക്കാ..എന്റച്ചനു സുഖായിരുന്നോ അവിടെ...”
ഊം.. സുഖായിരുന്നു. പക്ഷെ വിധിയെ തടുക്കാന്‍ നമുക്കാവില്ലല്ലോ. മുസ്സഫ്ഫയിലേക്ക് കമ്പനി ആവശ്യാര്‍ത്ഥമുള്ള ഒരു യാത്ര. വഴിയില്‍ റെഡ്‌ സിഗ്നല്‍ മുറിച്ചു കടന്നു വന്ന ഒരു ടാങ്കര്‍ ലോറി. എല്ലാം തീര്‍ന്നു മോളെ.. ഒരു തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലായിരുന്നു ബാബു. നിങ്ങളെ ഏറെ സ്നേഹിച്ചിരുന്നു. ഇവിടുത്തെ കാര്യങ്ങള്‍ എപ്പോഴും പറയും.
സോഷ്യല്‍ സെന്റെറില്‍ വെച്ചു കണ്ടപ്പോള്‍ ഒരു കുപ്പി തേന്‍ തരാമെന്നു പറഞ്ഞിരുന്നു. നിങ്ങള്‍ കൊടുത്തയച്ചതാണ് എന്നും പറഞ്ഞു. അപകടമുണ്ടാകുന്നതിന്റെ തലേ ദിവസം കൊണ്ടു വന്നു തന്നു. ചെറിയ വാക്കിന് പോലും വലിയ വില കല്പ്പിക്കുമായിരുന്നു മോള്‍ടെ അച്ഛന്‍!. അയാള്‍ പറഞ്ഞു നിര്‍ത്തി.

എന്നാല്‍ ഞാനിറങ്ങട്ടെ. പിന്നീട് വരാം. ദുഖം മഴക്കാറു കെട്ടിയ അവളുടെ മുഖത്തു നോക്കാതെ അയാള്‍ യാത്ര ചോദിച്ചു. അച്ഛന്‍റെ ഓര്‍മ്മയില്‍ നിറഞ്ഞു നിന്ന് നിശബ്ദം അനിത അയാള്‍ക്ക് യാത്രാമംഗളം നേര്‍ന്നു. വാഹനത്തില്‍ കയറി അയാള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ അവള്‍ നോക്കി നിന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ ആദ്യമായി യാത്ര പറഞ്ഞത് പോലെ. പ്രഭാതത്തിലെ ഇളം വെയിലില്‍ സ്മരണകളുടെ തിരമാലകളെ നെഞ്ചോടു ചേര്‍ത്തു കുറെ നേരം കൂടി അവള്‍ മുറ്റത്തു നിന്നു. അച്ഛന്‍റെ നഷ്ട സ്വപ്നങ്ങളുടെ അടയാളമായ്‌ ആ ബാഗ്‌ അവളുടെ കൈയിലിരുന്നു വിറകൊണ്ടു. വീട്ടിലേക്ക് തിരിച്ചു കയറാനൊരുങ്ങവേ അവളുടെ കണ്ണുകളിലേക്ക് ഇരുട്ടിന്‍റെ പടയിളക്കം പോലെ. ഈശ്വരാ.. ഇത്രപെട്ടെന്ന് സന്ധ്യയായോ... അല്ല.. എനിക്കെന്തു പറ്റി...ഞാന്‍...ഞാന്‍...വീഴുകയാണല്ലോ...അമ്മേ..! അവള്‍ ബാഗിന്റെ വള്ളിയില്‍ മുറുകെ പിടച്ചു. മറുകൈകൊണ്ട് ഒരു താങ്ങിനായ്‌ പരതി. ഓടിയെത്തിയ ആരൊക്കെയോ പിറകില്‍ നിന്നും അവളെ താങ്ങിയെടുത്തു!.

Saturday, May 1, 2010

ജോണിന്‍റെ പന്ത്‌ (കഥ)

സായാഹ്നത്തിലെ ഇളം തണുപ്പും അസ്തമയ സൂര്യന്‍റെ പൊന്കിരണങ്ങളും എന്നെ ഗ്രാമ ഭംഗിയിലേക്കു തിരിച്ചുവിളിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇവിടെ, അബുദാബിയുടെ ഈ സ്വപ്ന തീരത്താണെന്നു മനസ്സിനോടു പതുക്കെ പറഞ്ഞു കൊണ്ടിരുന്നു. മനസ്സു പലപ്പോഴും കുസൃതിക്കാരിയായ എന്‍റെ മോളെപ്പോലെയാകുന്നു. ചിണുങ്ങിയും പിണങ്ങിയും പിന്നെയും മഞ്ഞുതിര്‍ന്നു വീഴുന്ന ആ പുലര്‍കാല ഗ്രാമ നിഷ്കളങ്കതയിലേക്ക്‌ എന്നെ പിടിച്ചു വലിക്കുന്നു

വൈകുന്നേരങ്ങളിലെ ഒഴിവ് സമയം ഈ കോര്‍ണിഷില്‍ ചിലവഴിക്കാന്‍ സുഹൃത്ത്‌ ഉപദേശിച്ചതാണ്. നാലു ചുവരുകള്‍ക്കുള്ളില്‍ ടി.വി. കാഴ്ചവെക്കുന്ന ചാനല്‍ പൂരങ്ങള്‍ കഴിഞ്ഞ ഏഴു വര്‍ഷമായി അസ്വസ്ഥതതകളുടെ ഒരു കടല്‍ തന്നെ നെഞ്ചിലോരുക്കിതന്നു. പ്രവാസി ആരോടും പരിഭവമില്ലാത്തവനാകുന്നതാണ് നല്ലത്. പകലും രാവും നല്‍കുന്ന ദുഖങ്ങളെ മനസ്സിലൊതുക്കി വെക്കുക. ആര്‍ക്കും ചേതമില്ലാത്ത കാര്യം. പിന്നീടെപ്പോഴെങ്കിലും ഇതുപോലുള്ള വൈകുന്നേരങ്ങളില്‍ കാറ്റിനോടോ കടലിനോടോ ആ കദനം പങ്കുവയ്ക്കുക.

പറയാന്‍ വന്നത് ഇതാണ്: കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ മുഖം ഒന്നോര്‍ത്തുനോക്കൂ. ബാല്യം കളിയുടെ ലോകമായതിനാല്‍ കളിപ്പാട്ടം അവരെ സംബന്ധിച്ച് രാവും പകലുമാണ്‌. കോര്‍ണിഷിലൂടെയുള്ള പതിവു യാത്രക്കിടയിലാണ് ജോണിനെയും അവന്‍റെ ഡാഡിയെയും കാണുന്നത്. ചെറിയ ഒരു പന്തുമായി കോര്‍ണിഷിലെ അരണ്ട നിയോണ്‍ വെളിച്ചത്തിനു താഴെ കളിക്കുകയായിരുന്നു അവര്‍ രണ്ടു പേരും. പന്തിനൊപ്പം പായുന്ന ജോണിനെ അവന്‍റെ ഡാഡി ഉത്സാഹത്തോടെ നോക്കിനില്‍ക്കുന്നു. ഇടക്ക് അവനെ സഹായിക്കുന്നു. ഇളം കാറ്റില്‍ മെല്ലെ ഇളകുന്ന അവന്‍റെ തലമുടിയും നിഷ്കളങ്കമായ മുഖവും എന്‍റെ മനസ്സില്‍ ഞാനറിയാതെ ഒരു സാന്ത്വനമാവുന്നു. അതുകൊണ്ടാവും ഞാനറിയാതെതന്നെ അവരോടൊപ്പം കളിച്ചുതുടങ്ങിയത്.കുട്ടികളോടൊപ്പമുള്ള വിനോദം എത്ര ഹൃദ്യമാണ്. മക്കള്‍ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അധികമുണ്ടാകില്ല പ്രവാസിക്ക്. കഴിഞ്ഞ തവണത്തെ അവധിക്കലത്തെപ്പോഴോ മോളുടെ കഴുത്തില്‍ ഉമ്മവെച്ചു ഇക്കിളിപ്പെടുത്തിയിരുന്നു ഞാന്‍. തിരിച്ചുപോന്നു ദിനങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ അവള്‍ ഉമ്മാട് ആവശ്യപ്പെട്ടത്രേ; ഉപ്പ നല്‍കിയത് പോലെ കഴുത്തില്‍ ഒരു ചുംബനം വേണമെന്ന്. ഭാര്യയത്‌ ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ നെഞ്ചു പിടച്ചുപോയി. ബാല്യത്തില്‍ അവള്‍ പിതാവിന്‍റെ സ്നേഹവായ്പ് ആഗ്രഹിക്കുന്നുവല്ലോ...!


ഞങ്ങള്‍ കളി തുടരുകയാണ്. ഞാന്‍ കൂടി ചേര്‍ന്നപ്പോള്‍ കളിക്കാനുള്ള അവരുടെ ആവേശം കൂടിയിരിക്കുന്നു.. ഞാനാകട്ടെ, കക്കാട്ടിരി യു.പി. സ്കൂളിലെ പഴയ അഞ്ചാം ക്ലാസ്സുകാരനകുന്നു. കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന കോട്ടപ്പാടത്തെ നെല്പാടം. ഉമ്മയുടെ ആവര്‍ത്തിച്ചുള്ള വിളികള്‍ക്ക് ഉത്തരം നല്‍കാതെ പുസ്തക കെട്ടുകള്‍ മുറിയുടെ മൂലയിലേക്കു വലിച്ചെറിഞ്ഞ് ഒരോട്ടമാണ്. കൂടുതേടി തിരിച്ചു പറക്കുന്ന പറവകള്‍ക്കു അസ്തമയ സൂര്യന്‍ കറുപ്പു നിറം നല്‍കുമ്പോഴാണ് പാടത്തു നിന്നും മടങ്ങുക.

ഒരുവേള, ചിന്തയില്‍ നിന്നും തിരിച്ചെത്തിയ നിമിഷം. അപ്രതീക്ഷിതമായാണ് അതു സംഭവിച്ചത്. ഞാന്‍ തട്ടിക്കൊടുത്ത പന്ത്‌ ജോണിനു തടുക്കാന്‍ കഴിഞ്ഞില്ല. പന്ത്‌ പതുക്കെ ഉരുണ്ട് ഇരുമ്പു ഗ്രില്ലിനിടയിലൂടെ കടലിലേക്കു വീണു. ഞങ്ങള്‍ക്കതു ശ്വാസമടക്കി നോക്കിനില്‍കാനെ സാധിച്ചുള്ളു. ഞാന്‍ പിന്നീട് കാണുന്നത് മുഖം വാടുന്ന ജോണിനെയാണ്. അവന്‍ ഡാഡിയെ ചേര്‍ത്തുപിടിച്ച് കടലിലേക്കു എത്തിനോക്കുന്നു. അവര്‍ ആദ്യമായാണ് കോര്‍ണിഷില്‍ വന്നതെന്നും ബോള്‍ അന്നുരാവിലെ വാങ്ങിയതാണെന്നും കൂടി കേട്ടതോടെ ഞാന്‍ കൂടുതല്‍ അസ്വസ്ഥനായി. അങ്കിള്‍ മറ്റൊന്ന് വാങ്ങിത്തരാം എന്നവനെ ആശ്വസിപ്പിക്കുംബോഴും പന്ത് നഷ്ടമായത്‌ വിശ്വസിക്കാനകാതെ നില്‍ക്കുകയായിരുന്നു ജോണ്‍.

അല്പം ജാള്യതയോടെ തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു. മനുഷ്യന്‍റെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും മീതെ എത്ര പെട്ടെന്നാണ് ദുഖത്തിന്‍റെ കരിനിഴല്‍ വീഴുന്നത്. കളിപ്പാട്ടം നഷ്‌ടമായ ജോണിന്‍റെ ദുഃഖം അതില്‍ ഏറ്റവും ചെറുതും അവനെ സംബന്ധിച്ച് വലുതുമാണ്. ഞാന്‍ വിചാരിക്കുന്നത് പ്രവാസം പലര്‍ക്കും ഒരു കരിനിഴലാണെന്ന് തന്നെയാണ്. യന്ത്രങ്ങളില്‍ നിന്നും മനുഷ്യനെ വ്യതിരിക്തനാക്കുന്നത് വൈകാരികതയാണല്ലോ. കുടുംബത്തിന്‍റെ സ്നേഹവാത്സല്യങ്ങള്‍ നുകരനകാതെ യാന്ത്രിക ജീവിതം നയിച്ച് ഒടുവില്‍ ജോണിന്‍റെ കളിപ്പന്തുപോലെ നിമിഷ സുഖം നല്‍കി കടലിലെ അഗാധതയിലേക്കെന്ന പോലെ ഒഴുകിയകലുന്ന എത്ര ജീവിതങ്ങള്‍.....!

പിന്നീടുള്ള ദിനങ്ങളില്‍ ജോണിനെ ഈ കടലോരത്ത്‌ തിരഞ്ഞെങ്കിലും കാണാനായില്ല. നിരവധി സന്ദര്‍ശകരുള്ള തീരത്ത് മുഖങ്ങള്‍ മാറിമാറി ശ്രദ്ധിക്കുമ്പോള്‍ ഞാന്‍ വിചാരിക്കും ഒരിക്കല്‍ കൂടി അവരെ കണ്ടിരുന്നെങ്കില്‍ എന്ന്. അന്നവരില്‍ നിന്നും ഫോണ്‍ നമ്പരും വാങ്ങിയിരുന്നില്ലല്ലോ....!


Thursday, April 29, 2010

കോട്ടപ്പാടത്തേക്കുള്ള യാത്ര

ഞങ്ങള്‍ നടന്ന്‌ അയിലക്കുന്നിന്റെ കിഴക്കേ ചരുവിലെത്തുമ്പോള്‍ സ്വര്‍ണപ്രഭയുള്ള പടിഞ്ഞാറന്‍ വെയില്‍ പറങ്കിമാവുകളോട്‌ കിന്നാരം പറയുന്നുണ്ടാവും. അവിടെ നിന്നു നോക്കിയാല്‍ താഴെ പച്ചവിരിച്ച കോട്ടപ്പാടം കാണാം; അങ്ങേ കരയില്‍ ഇളംനീല നിറത്തില്‍ എന്റെ ഉമ്മവീടും. ആ കാഴ്‌ച എന്റെ ഹൃദയത്തില്‍ കുളിര്‍മഴയാണ്‌. അവിടെ മോമുവുണ്ട്‌. മോമു എനിക്ക്‌ പശുവിന്‍പാല്‍ തരും. ചെറിയ മാമനുണ്ട്‌. വെളുത്ത തലമുടി പറിച്ചു കൊടുത്താല്‍ അഞ്ചു പൈസ കിട്ടും.
വൈകീട്ട്‌ കൃഷ്‌ണേട്ടന്‍ വരും. കൃഷ്‌ണേട്ടനാണ്‌ കരിമ്പനത്തേങ്ങ ഇട്ടുതരിക. റബര്‍ ചെരുപ്പ്‌ വെട്ടി കളിവണ്ടി ഉണ്ടാക്കാന്‍ പഠിപ്പിച്ചുതന്നത്‌ കൃഷ്‌ണേട്ടനാണ്‌. നടന്നെത്തും മുമ്പെ മനസ്സ്‌ ഓടിയെത്തുന്നതിനാല്‍ എന്റെ നടത്തത്തിനു വേഗത കൂടും. അപ്പോള്‍ പിന്നില്‍ നിന്ന്‌ ഉമ്മ പറയും: "മോനേ... റഷീദ്വോ... ഒന്നു പതുക്കെ.."

Sunday, April 25, 2010

താഴത്തങ്ങാടി (കവിത)മീനച്ചിലാറിന്‍റെ ആഴങ്ങളില്‍
ഞങ്ങള്‍ക്കൊരായിരം നോവുനല്കി
പ്രാണന്‍ വെടിഞ്ഞോരീ ആത്മാക്കളെ..

പിടയുന്ന മനവുമായ് ഞങ്ങളര്‍പ്പിക്കുമീ
കണ്ണുനീര്‍ പുഷ്പങ്ങള്‍ സ്വീകരിക്കൂ...

ഉണ്ടുണ്ട് ചൊല്ലുവാനൊരുപാടു കാര്യങ്ങളീ—
ക്കൂട്ടക്കുരുതിക്ക് കാരണമായ്‌...

നന്നായി ഭക്ഷിച്ചു ക്ഷീണിച്ച തേരാളി
കണ്ണൊന്നടച്ചു മയങ്ങി പോലും!

അല്ല... സ്ടിയരിംഗ്
അത്ര പോരായിരുന്നെന്നുരയുന്നു-
തേരാളിയും..

എമര്‍ജന്‍സി ഡോറൊന്നുണ്ടായിരുന്നു
പക്ഷേ... ഇപ്പോഴതില്ല രക്ഷനേടാന്‍!

ഇനിയുമുണ്ടാവും പറയുവാനേറെ..
അവരുടെ വായ്കള്‍ സ്വതന്ത്രമല്ലേ!!

കണ്ണുകള്‍ മൂടുക കാണുന്നതെന്തിനാ
കാതുകളടക്കുക കേള്‍ക്കുന്നതെന്തിനാ..?

യാത്രക്കിറങ്ങുന്നമാത്രയിലോര്‍ക്കുക
പെറ്റമ്മയോടു പറഞ്ഞുവോ നാം...!

**********************

കോരന്‍ (കവിത)

കോളേജ് മാഗസീനുകളിലെ ചില രചനകള്‍ക്കു ശേഷം ആദ്യമായി പ്രസിദ്ധീകരിച്ച ഒരു കവിത (1996)