Tuesday, September 21, 2010

ആല്‍ബക്ഷതങ്ങള്‍

മകള്‍ അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ പടിയിറങ്ങിപ്പോകുമ്പോള്‍ ഉള്ളില്‍ ആധിയുണ്ടെങ്കിലും അമ്മ സമാധാനിച്ചു.

ഇല്ല അവള്‍ വഴി തെറ്റിപ്പോവില്ല. അങ്ങനെയല്ലല്ലോ ഞാനവളെ വളര്‍ത്തിയത്. ഇത്ര കാലം അവള്‍ നല്ല പെണ്‍കുട്ടി എന്ന പേര് മാത്രമേ കേള്‍പ്പിചിട്ടുള്ളൂ.

അച്ഛനെ അമ്മ പറഞ്ഞു സമ്മതിപ്പിക്കണം എന്നായിരുന്നു അവളുടെ നിര്‍ബന്ധം.

ആല്‍ബത്തില്‍ അഭിനയിക്ക്യാ എന്നതൊക്കെ ഇപ്പോഴത്തെ കുട്ട്യോള്‍ടെ ആഗ്രഹങ്ങളാ...നിങ്ങളായിട്ട് ഇനി എതിരൊന്നും പറയണ്ട. നമ്മടെ മോള് വല്യ സിനിമാക്കാരിയാവും....പിന്നെ നല്ല പണവും പേരും ഒക്കെ കിട്ടും!

മനസില്ലാമനസ്സോടെ സമ്മതിക്കുമ്പോഴും ഒരു തിരയുടെ ആരവം അയാളുടെ നെഞ്ചില്‍ അവശേഷിച്ചു.

ചെറുപ്പം മുതലേ അവള്‍ വലിയ നാട്യക്കാരിയായിരുന്നു. എതെങ്കിലും സിനിമാപ്പാട്ട് കേട്ടാല്‍ ഡാന്‍സ്‌ ചെയ്യാന്‍ തുടങ്ങും. സിനിമയിലെ നായികമാരെപ്പോലെ അഭിനയിച്ചു കാണിക്കും. കൌതുകത്തോടെ ഞങ്ങള്‍ നോക്കി നില്‍ക്കുമായിരുന്നു. ഇനി അവളുടെ ആഗ്രഹം അതാണെങ്കില്‍ അതു നടക്കട്ടെ.

വില കൂടിയ വാഹനങ്ങളില്‍ സുഹൃത്തുക്കളുടെ കൂടെ അവള്‍ പറന്നു വന്ന കാലമായിരുന്നു പിന്നെ. പല വര്‍ണ്ണങ്ങളിലുള്ള വിലപിടിച്ച മൊബൈലിലൂടെയുള്ള അവളുടെ കിന്നാരങ്ങള്‍ നാട്ടുകാര്‍ പുകഴ്ത്തിപ്പറഞ്ഞു. ഫാഷന്‍ വസ്ത്രങ്ങളുടെ വൈവിധ്യം കണ്ട് അയല്‍ക്കാരികള്‍ മൂക്കത്ത് വിരല്‍ വെച്ച് അടക്കം പറഞ്ഞു.

കൈ നിറയെ പണം തരുമ്പോഴും അവളുടെ മുഖത്ത്‌ ആ പഴയ സന്തോഷമില്ലെന്നു അയാള്‍ ഒരിക്കല്‍ പറഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു:

അതു നിങ്ങള്ക്ക് തോന്നുന്നതാ.. അവള്‍ക്കൊരു കുഴപ്പവുമില്ല. അവള്‍ നമ്മളുടെ മോളല്ലേ!

ഒരു വൈകുന്നേരത്ത് അവള്‍ പെട്ടെന്നു കയറി വന്ന്‌ മുറിയില്‍ കയറി വാതിലടച്ചത് അവര്‍ അന്ധാളിപ്പോടെ കണ്ടു. എത്ര വിളിച്ചിട്ടും തുറക്കാത്ത ആ വാതിലിനപ്പുറം വല്ലാത്ത തേങ്ങല്‍!

ദൈവമേ എന്ന് ആത്മാര്‍ഥമായി വിളിച്ച അവരുടെ ജീവിതത്തിലെ ആദ്യത്തെ സന്ദര്‍ഭം. ആ വിളിയുടെ അലകള്‍ അണയും മുമ്പേ ചാനലില്‍ വന്നു തുടങ്ങിയ വാര്‍ത്തകള്‍ അവര്‍ കേട്ടിരുന്നില്ല.!

പെണ്‍മാംസത്തിന് വില പതിനായിരം!. ആല്‍ബം ചിത്രീകരണത്തിന്റെ മറവില്‍ പെണ്‍വാണിഭം! ചാനല്‍ ഇന്‍വെസ്ടിഗെഷന്‍!

ഒളി ക്യാമറകളാല്‍ ഒപ്പിയെടുത്ത ചിത്രങ്ങളില്‍ പേര്‍ത്തും പേര്‍ത്തും പ്രദര്‍ശിപ്പിക്കുന്ന പെണ്‍കുട്ടിയുടെ മുഖം മറച്ച ചിത്രം. കൂടെ ആവശ്യക്കാരനെ ഏര്‍പ്പാടാക്കികൊടുക്കുന്ന പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ തന്‍റെ “പ്രൊഫഷനെ” വിശദീകരിച്ചു കൊണ്ടിരിക്കുന്നു.

കറുത്ത കോട്ടും ടൈയും അണിഞ്ഞ അവതാരകന്‍ തല നീട്ടി കണ്ണുകള്‍ തുറിച്ച് വ്യഭിചാര കഥകള്‍ ആവേശപൂര്‍വ്വം പറഞ്ഞു കൊണ്ടേയിരിക്കുന്നു.

പുലരുവോളം ആ അച്ഛനും അമ്മയും ഉറങ്ങിയില്ല. അച്ചന്‍ പറഞ്ഞു കൊണ്ടിരുന്നു: നീയല്ലേ പറഞ്ഞത് നമ്മടെ മോള്‍ പ്രശസ്തയാവുംന്ന്......!

**************************************************************************

Wednesday, September 8, 2010

റമദാന്‍...















മനസ്സിനെ
ആര്‍ദ്രമാക്കിയത്

ശരീരത്തെ
മലിനമുക്തമാക്കിയത്

വിശ്വാസം
ദൃഡമാക്കിയത്

വിചാരങ്ങളെ
നിര്‍മലമാക്കിയത്

ബന്ധങ്ങളെ
ഈടുറ്റതാകിയത്

കടമകളെ
ഓര്‍മ്മപ്പെടുത്തിയത്

പാപങ്ങളെ
മായ്ച്ചുകളഞ്ഞത്

വിശപ്പിന്‍റെ
കാഠിന്യമറിയിച്ചത്

റമദാന്‍...
നീയായിരുന്നല്ലോ!
നീ അകന്നു പോകുമ്പോഴും
ഞങ്ങള്‍ക്ക്‌ നല്‍കുന്നു
നന്മയുടെ ഒരു
പെരുന്നാള്‍ ദിനം!

*******