Thursday, October 14, 2010

തെരെഞ്ഞെടുപ്പുകള്‍.


പടിയടച്ചു
പിണ്ഡം വെച്ച
പ്രത്യയശാസ്ത്രങ്ങള്‍
ജരാനരകള്‍
ചായം പൂശി മിനുക്കി
നാട്ടുവഴികളില്‍
ചുവരെഴുതുന്നു!

ഇന്നലെ,
രക്തസാക്ഷികളുടെ
ആത്മാക്കള്‍ വന്നിരുന്നു.
പതിനെട്ടു തികഞ്ഞവരെ
പട്ടികയില്‍ ചേര്‍ക്കാന്‍!

അന്തിച്ചുനിന്ന
പെറ്റമ്മമാരുടെ
കാതിലവര്‍ പറഞ്ഞു:
നാളെ നമുക്കൊരു
പുലരിവരും
പത്തായം നിറയെ
ലോട്ടറിക്കാരുടെ
പണം നിറയും കാലം!

നാല്‍കവലയില്‍
ഒരു കുഞ്ഞാടിന്റെ
ഇടയലേഖനം കേട്ടു:
വികസന വിരുദ്ധര്‍,
അവര്‍
കണ്ടല്‍ പാര്‍ക്ക്‌
പൂട്ടിച്ചു.

പോലീസുകാര്‍
തല്ലിക്കൊന്ന
ഒരു വോട്ടെറുടെമകന്‍
വോട്ടേഴ്സ് ലിസ്റ്റ്‌ പരതുന്നു!
എന്റച്ചന്റെ
പേരുണ്ടാണവോ!?

പുലര്‍ച്ചെ
മുറ്റത്തിറങ്ങിയ
മുത്തശ്ശി
നിറയെ വെളുത്ത
രൂപങ്ങള്‍ കണ്ട്
പിറുപിറുത്തു:
കാലന്മാരാണ്;
എന്നെ കൊണ്ടോവാന്‍...


റോഡിലെ
കുഴിയില്‍
വീണു മരിച്ച
പൊതുമരാമത്ത്
എഞ്ചിനിയരുടെ
ഭാര്യ പറഞ്ഞു:
അല്ലമ്മേ...
അത് സ്ഥാനാര്‍ഥിയാ...
വോട്ടു ചോദിക്കാന്‍
വന്നതാ!
****