Thursday, March 31, 2011

പാവം പാവം വോട്ടര്‍മാര്‍!

കാര്യം ഗൗരവമുള്ളതാണ് എങ്കിലും രാമചന്ദ്രന്‍ മാഷുടെ കരച്ചില്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നത്. ഞാന്‍ മാത്രമല്ല റൂമിലുള്ള എല്ലാവരും ഉറക്കെ ചിരിച്ചുപോയി!. രാഷ്ട്രീയക്കാര്‍ക്ക് തൊലിക്കട്ടി വളരെ കൂടുതലാണ് എന്ന് പൊതുജനങ്ങള്‍ക്ക് പൊതുവേ അഭിപ്രായമുണ്ട്. അത് രാഷ്ട്രത്തെ സേവിക്കാനുള്ള ഇഷ്ടം കൊണ്ടാണ് എന്നു മാത്രം കരുതാനാവില്ല. ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന കസേരയുടെ സുഖം കൂടി ഓര്‍ത്തിട്ടാവും. ഒരു കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട ഒരു വകുപ്പ്‌ മന്ത്രിയായിരുന്ന ഇദ്ദേഹം ഒരു എല്‍. കെ. ജി വിദ്യാര്‍ത്ഥിയെ പോലെ കരഞ്ഞു കളഞ്ഞു. പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇരുപത് മിനിറ്റ് കരഞ്ഞു എന്നാണ് മനസ്സിലാവുന്നത്. ഹരിപ്പാട്ടെ പഴയ ബന്ധം ഓര്‍ത്ത്‌ കരഞ്ഞ കെ.പി.സി.സി. പ്രസിഡന്റിനെയാണോ, കുട്ടിക്കാലം തൊട്ട് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയും സീറ്റ്‌ നിഷേധിച്ചതിനാല്‍ വിതുമ്പി ഇടതു കൂടാരം തേടിയ ഡാളിയെ യാണോ അതോ പത്രക്കാര്‍ക്ക് മുമ്പില്‍ കരഞ്ഞു കുളമാക്കി വിസ്മയം തീര്‍ത്ത വെള്ളിത്തിരയിലെ പഴയ നായികമാരെയാണോ മാഷ്‌ മാതൃകയാക്കിയത് എന്നറിയില്ല. തിരഞ്ഞെടുപ്പെന്ന ഈ മഹാമഹത്തില്‍ ഇതൊക്കെയല്ലേ ഒരു രസം അല്ലെ!. ജനങ്ങള്‍ എന്തൊക്കെ കാണണം, എന്തൊക്കെ സഹിക്കണം!. ഓടിച്ചിട്ടു തല്ലുന്നു, ഭീഷണിപ്പെടുത്തുന്നു, ചിരിപ്പിക്കുന്നു, കരയിപ്പിക്കുന്നു. ഹോ ഈ ജനാധിപത്യം കണ്ടുപിടിച്ചവനെ സമ്മതിക്കണം. എന്നാലും നമുക്ക് വരി വരിയായി നിന്ന് വോട്ട് ചെയ്യാം. ആ ഒരു രൂപയുടെ അരിയെങ്ങാനും പാവങ്ങള്‍ക്ക് കിട്ടിയെങ്കിലോ!?.

Wednesday, March 9, 2011

ഇ– സാഹിത്യം.



ഓഫീസില്‍ തിരക്കുകള്‍ എറിയപ്പോഴാണ് അയാള്‍ പുതിയ ഒരു ലാപ്‌ടോപ്പ് വാങ്ങിയത്. മുമ്പത്തെ പോലെയെല്ല; ഓഫീസില്‍ ഇപ്പോള്‍ ഒന്നും എഴുതാനോ വായിക്കാനോ സമയം കിട്ടുന്നില്ല. എല്ലായിടത്തും സാമ്പത്തിക മാന്ദ്യം മൂലം ജോലി കുറഞ്ഞുവരുന്നു, പക്ഷെ അയാളുടെ ഓഫീസില്‍ മാത്രം തീര്‍ത്താല്‍ തീരാത്തത്ര ജോലി. ജോലിത്തിരക്ക് നോക്കിയിരുന്നിട്ട് കാര്യമില്ലല്ലോ! എന്തെങ്കിലും എഴുതി നാലാള്‍ക്കു മെയില്‍ ചെയ്താലേ പത്തു കമ്മെന്റ് കിട്ടൂ. ഫോളോവേഴ്സ് ആണെന്കില്‍ രണ്ടക്കത്തില്‍ തന്നെ നില്‍ക്കുന്നു. ബ്ലോഗ്‌ സന്ദര്‍ശിച്ചവരുടെ എണ്ണമാകട്ടെ…ഓ..അതു പറയാതിരിക്കുന്നതാ നല്ലത്!. ചില സഹബ്ലോഗ്ഗെര്‍മാരെ സമ്മതിക്കണം!; കമ്മെന്റിനായി അയച്ച ലിങ്കുകള്‍ വീണ്ടുംവീണ്ടും അയച്ചു കൊണ്ടിരിക്കുന്നു. അവരെ സങ്കടപ്പെടുത്താനും വയ്യ. കൂടാതെ കേരള സാഹിത്യ അക്കാദമി ഇ സാഹിത്യങ്ങളും പരിഗണിക്കാന്‍ തുടങ്ങി എന്നും കേള്‍ക്കുന്നു.

വാങ്ങിയ ഉടനെതന്നെ ലാപ്ടോപ്പില്‍ മലയാളം ടൈപ്പിംഗ്‌ ടൂള്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കഥാതന്തു തേടിയുള്ള കാത്തിരിപ്പായി പിന്നെ. എന്തെങ്കിലും ത്രെഡ് മനസ്സിലേക്ക് വരുമ്പോഴവും ഓരോരോ വേണ്ടാത്ത ചിന്തകള്‍ കടന്നു വരുന്നത്. അലക്കാനുള്ളത് പ്ലാസ്റ്റിക്‌ ബാഗിലാക്കി കട്ടിലിന്റെ അടിയില്‍ വെച്ചത് അവിടെത്തന്നെ ഇരിക്കുന്നു. ഒരു ഭാര്യയുണ്ടായിരുന്നതിനെ നാട്ടിലേക്ക് പറഞ്ഞയച്ചതിന്റെ ഗുണം. വെറുതെ തിന്നും ഉറങ്ങിയും കഴിഞ്ഞിരുന്ന അവള്‍ക്കു ആകെയുള്ള ഒരു വ്യായാമം അലക്കലായിരുന്നു!. എഴുത്തിനിടയില്‍ കറി വെക്കാനും, ഇസ്തിരിയിടാനും, ഷൂ പോളിഷ് ചെയ്യാനും ടിവി കാണാനും ഒന്നും സാധിക്കില്ലല്ലോ!. ആഴച്ചവട്ടമെത്തുമ്പോള്‍ ചുവരില്‍ ബാത്ത്റൂം ക്ലീനിങ്ങിന്റെ നോട്ടീസ് തൂങ്ങിയിട്ടുണ്ടാകും! ഈ ബാച്ചിലര്‍ ലൈഫും സാഹിത്യവും എങ്ങിനെ ഒത്തുപോകും!.

പിന്നെ കിട്ടുന്നത് വെള്ളിയാഴ്ചയാണ്. പകല്‍ ഒരു പതിനൊന്ന് മണിയെങ്കിലും വരെ ഉറങ്ങിയില്ലെങ്കില്‍ പിന്നെന്ത് വെള്ളിയാഴ്‌ച!. വൈകുന്നെരത്താണെങ്കില്‍ ഒന്ന് പുറത്തിറങ്ങാതെ എന്തിനു പറ്റും!. ദിനങ്ങള്‍ അങ്ങിനെ കുറെ കടന്നു പോയി. പുതിയ പോസ്റ്റുകളൊന്നും ഇല്ലാത്ത തന്റെ ബ്ലോഗ്‌ തുറക്കാന്‍ തന്നെ അയാള്‍ക്ക് മടിയായി. ബൂലോകത്തു നിന്നും വരുന്ന സഹ ബ്ലോഗുകാരുടെ കമ്മന്റ് റിക്വസ്റ്റുകള്‍ അയാള്‍ കണ്ടില്ലെന്നു നടിച്ചു!

കാലം കടന്നുപോകവേ ഓഫീസിലെ തിരക്കുകള്‍ കുറഞ്ഞു വന്നു. എസിയുടെ നേര്‍ത്ത തണുപ്പില്‍ ഗൂഗിള്‍ ടോക്കും തുറന്നു വെച്ച് ഓഫീസ് ബോയ്‌ നല്‍കിയ ചൂടുള്ള ഒരു കാപ്പിയും കുടിച്ച് മോണിറ്ററിലെക്ക് കണ്ണുകള്‍ തുറന്ന ഒരു ദിനം... അതാ പതിയെ അയാളില്‍ ഒരു കഥ പിറക്കുന്നു!. അയാള്‍ പോലും അറിയാതെ അയാളുടെ വിരലുകള്‍ ഒരു കഥയെഴുതി!. സാമ്പത്തിക മാന്ദ്യംമൂലം തൊഴില്‍ നഷ്ടപ്പെട്ട ഒരു പ്രവാസിയുടെ കഥ. മിനിമം ഒരു നൂറു കമന്റ്സ് എങ്കിലും കിട്ടിയേക്കാവുന്ന ആ കഥ അയാള്‍ തന്‍റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്തു.

വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ മാനേജര്‍ വിളിക്കുന്നുണ്ടെന്ന് ഓഫീസ് ബോയ്‌ വന്നു പറഞ്ഞു. എന്തിനാവും എന്ന ചിന്തയോടെയാണ് അയാള്‍ മാനേജരുടെ കാബിനിലേക്ക് കയറിയത്. മലയാളിയായ മാനേജര്‍ തന്‍റെ ജില്ലക്കാരന്‍ കൂടിയാണ്. അയാളെ കണ്ടതോടെ മാനേജര്‍ എഴുന്നേറ്റ് ഒരുഗ്രന്‍ ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു. കൂടെ ഒരു കവറും, പിന്നെ വാക്കാല്‍ ഒരു കമന്റും! : കഥ കിടിലന്‍, കാലികം, കണ്ണു നനഞ്ഞുപോയി!

ആദ്യമായിട്ടായിരുന്നു അയാള്‍ക്ക് തന്‍റെ രചനക്ക് നേരിട്ടൊരു കമന്റ്‌ കിട്ടുന്നത്. മാനേജര്‍ ഒരു സാഹിത്യപ്രേമിയും ബ്ലോഗ്ഗെറും ആണെന്ന് കേട്ടിട്ടുണ്ട്. കഥക്ക് വേണ്ടി കുറച്ചു കാത്തിരുന്നലെന്താ. മനം നിറഞ്ഞില്ലേ!. പ്രശംസയില്‍ മുഴുകി സന്തോഷത്തോടെ പുറത്തു കടന്ന അയാള്‍ മാനേജര്‍ തന്ന കവര്‍ തുറന്ന് ഇങ്ങനെ വായിച്ചു: താങ്കളുടെ സേവനം ഈ നോട്ടീസ് തീയതി മുതല്‍ ഒരു മാസം കൂടി മതി എന്ന് മാനേജ്‌മന്റ്‌ തീരുമാനിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു....താങ്കള്‍ മാനേജ്മെന്റിന് ചെയ്ത എല്ലാ സേവനങ്ങളും ഞങ്ങള്‍ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതോടൊപ്പം എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു!

********************************