Sunday, September 11, 2011

ഗ്രാമം മരിക്കുന്നു?

മാളുകുട്ടി താത്ത മരണപ്പെട്ടു എന്ന വാര്‍ത്ത‍ ഷംസു വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം ഒരു നിര്‍വികാരതയായിരുന്നു മനസ്സില്‍. സാധാരണ പോലെ അറിയിക്കപ്പെട്ട ഒരു മരണവാര്‍ത്ത‍. അല്ലെങ്കിലും നാട്ടില്‍ പലരും മരണപ്പെടുന്നു, വിവാഹങ്ങള്‍ നടക്കുന്നു, ജനിക്കുന്നു....! തിരക്കുകള്‍ക്കിടയില്‍ എപ്പോഴെങ്കിലുമോക്കെയായി ഇത്തരം വാര്‍ത്തകള്‍ കാതിലെത്തും. അപ്പോഴൊക്കെ അവരുടെ മുഖങ്ങള്‍ മനസ്സില്‍ പ്രത്യക്ഷപ്പെടുകയും നാട്ടില്‍ അവരോടോപ്പമുണ്ടായ നിമിഷങ്ങളെക്കുറിച്ച് ഓര്‍മ്മവരികയും ചെയ്യും. അതിന്നപ്പുറത്തേക്ക് ആ അറിയിപ്പുകളൊന്നും മനസ്സില്‍ നില്‍ക്കാറില്ല എന്നതാണ് സത്യം. ഓരോ അറിയിപ്പുകള്‍ കേട്ട് കഴിയുമ്പോഴും അടുത്തത് ഇനി ആരുടെതായിരിക്കും എന്ന ഒരു നെഗറ്റീവ് ചിന്തയും എന്‍റെ മനസ്സില്‍ വരാറുണ്ട്.

സംസാരിച്ചു തുടങ്ങുമ്പോഴേക്കും കരഞ്ഞു തുടങ്ങുന്ന ദുര്‍ബലയായ ഒരു പാവം സ്ത്രീ. അതായിരുന്നു മാളുകുട്ടി താത്ത. ദാരിദ്ര്യവും രോഗവും അവരുടെ മുഖത്ത് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു!. വഴിയോരങ്ങളില്‍ ഒരു നിഴല്‍ പോലെ പലപ്പോഴും അവരെ കാണാം; റേഷന്‍ കടയിലെക്കോ അല്ലെങ്കില്‍ ജോലി സ്ഥലത്തേക്കോ ഉള്ള യാത്രയില്‍. ചിലയാളുകള്‍ ജീവിതത്തിലുടനീളം കരയാന്‍ വിധിക്കപ്പെട്ടവരാണ്. അവരുടെ വിധി എന്ന് നാം അതിനെ വിളിക്കും. സമൂഹത്തില്‍ അത്യാര്ഭാടതോടെയും സുഭിക്ഷതയോടെയും ജീവിക്കുന്നവര്‍ക്ക് ദൈന്യതയുടെ ചില അടയാളങ്ങള്‍ ദൈവം മറ്റുള്ളവരിലൂടെ നിലനിര്‍ത്തുന്നു. അവരുടെ കണ്ണുനീരിനിടയില്‍ നമ്മുടെയൊക്കെ ആഹ്ലാദങ്ങള്‍ വിലയിരുത്താന്‍ വേണ്ടി. വല്ലവരും കൈ അയച്ചു കൊടുത്തിരുന്ന സഹായങ്ങള്‍ മകന്‍ വലുതായപ്പോഴും ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. എങ്കിലും....ഒരിക്കലും എനിക്കു എന്തെങ്കിലും തരണം എന്ന് അവര്‍ പറഞ്ഞതും ഞാന്‍ കേട്ടിട്ടില്ല.

പുതുതലമുറയിലെ പലരെയും എനിക്കറിയില്ല, അറിയുന്ന പലരും നാട്ടിലെത്തുമ്പോള്‍ കണ്ട ഭാവവും കാണിക്കാറില്ല. എന്നെ അറിയുന്നവരില്‍ പലരും എന്‍റെ ഗ്രാമ വീഥികളില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനി ഈ മണല്‍പരപ്പില്‍ നിന്നും എന്നാണ് എന്‍റെ തിരിച്ചുപോക്ക് ഉണ്ടാവുക?. ഗ്രാമത്തിന്റെ ഭംഗിയോ, നിര്‍മ്മലതയോ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതുണ്ടാവില്ല എന്നുറപ്പാണ്. വഴിയിലെക്കിറങ്ങുമ്പോള്‍ മുഖത്ത് നോക്കി പരിചയത്തോടെ പുഞ്ചിരിക്കുന്ന കുറച്ചു മുഖങ്ങള്‍. അത്രെയെങ്കിലും ഉണ്ടാവുമായിരിക്കും അല്ലെ?

Thursday, September 8, 2011

ഓണാശംസകള്‍!

ഓണക്കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ എന്ത് സുഖമാണ്!
പൂക്കളം തീര്‍ക്കാന്‍ പൂവുകള്‍ തേടി അവര്‍ നടക്കും..എന്‍റെ കൂട്ടുകാര്‍.
തുമ്പയും, മുക്കുറ്റിയും ചിലഞ്ഞിയും അവരെ വഴിയോരങ്ങളില്‍ കാത്തിരിക്കുന്നുണ്ടാകും.

പൂവേ...പൊലി..പൂവേ….പൊലി… പൂവേ...പൊലി..പൂവേ..
നോക്കി നില്‍ക്കെ ഞാനും അറിയാതെ ആ വരികള്‍ മൂളും.

ഓണക്കാലം അവധിദിനങ്ങള്‍ കൂടിയാണ്...
കളിക്കാനും, വിരുന്നു പോകാനും ഒരുപാടു സമയം.
പാടത്തും പറമ്പിലും കുളത്തിലുമെല്ലാം പിന്നെ ഞങ്ങളുടെ ആരവങ്ങള്‍ മാത്രം!
വീട്ടിലേക്കു ഓണവിഭവങ്ങള്‍ പലതും വിരുന്നു വരും; ചക്ക ഉപ്പേരിയും, കായവറുത്തതും...
ഒരുപക്ഷെ അന്ന് അതൊക്കെ കിട്ടുന്നതും ഓണക്കാലത്ത് മാത്രമായിരുന്നു എന്നതാണ് ശരി.

ബന്ധു വീടുകളിലേക്കുള്ള യാത്രയാണ്‌ പിന്നെ.
അലൂരിലുള്ള എളെമയുടെ വീട്ടിലേക്കും പെരിങ്ങോടുള്ള മൂത്തമ്മയുടെ വീട്ടിലെക്കുമാണ് പ്രധാന യാത്രകള്‍. രാത്രി അവിടെ താങ്ങാനുള്ള തയ്യാറെടുപ്പോടെ ഞാനും എളെമയുടെ മകന്‍ ശംസുവും പോകും. വേറെ ഒന്നും കൊണ്ടല്ല; അലൂരിലെയും പെരിങ്ങോട്ടെയും സിനിമാ തിയേറ്റര്‍ തന്നെ ലക്‌ഷ്യം!. നേരിട്ട് സിനിമക്ക് പോയാല്‍ അടി കട്ടായം, അതിനുള്ള സൂത്രപ്പണിയാണ് ഈ വിരുന്ന്!.

പിന്നീട് ഞങ്ങള്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ രൂപീകരിച്ചു എല്ലാ ഓണക്കാലത്തും കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ച് കുറെ കാലം കൂടി ഞങ്ങളുടെ ഓണത്തെ സമ്പന്നമാക്കി.

ഓണം വരുമ്പോഴോക്കെയും ഈ ഓര്‍മ്മക്കാലവും വിരുന്ന് വരുന്നു.
ഇന്ന് കോട്ടപ്പാടത്ത് അങ്ങിനെ വല്ലതും നടക്കുന്നുണ്ടോ ആവൊ!
എല്ലാ സുഹൃത്തുക്കള്‍ക്കും നന്മ നിറഞ്ഞ ഒരോണക്കാലം നേരുന്നു...

ഓണാശംസകള്‍!

Monday, September 5, 2011

ഫേസ്ബുക്ക്‌
നിരര്‍ത്ഥകം ഈ കോലങ്ങള്‍!
ആരാണിവ ഈ ചുവരില്‍
പതിച്ചു വെച്ചത്?
കണ്ടു കണ്ടെന്റെ
ഹൃദയം തുരുമ്ബെടുത്തു!
ഇന്നലെ കണ്ടതാണ്
ഇന്നും ഞാനത് നോക്കി
നാളെ മറ്റൊരാള്‍
അതിവിടെ ഇട്ടേച്ചു പോകും.!

അമ്മ പറഞ്ഞ യക്ഷിക്കഥകളല്ല
ഇപ്പോഴെന്റെ ഉറക്കം കെടുത്തുന്നത്;
ഭര്‍ത്താവിനെ വഞ്ചിച്ച
ഭാര്യയുടെ കഥയാണ്!

മൃതശരീരങ്ങള്‍ ഇവിടെ
പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു..
തല പാതി മുറിഞ്ഞത്,
തൂങ്ങിനില്‍ക്കുന്നത്..!
അല്ല...മനുഷ്യന്‍ മരിക്കുന്നതാണല്ലോ
എന്‍റെ ദൈവമേ...
ഞാനീ നോക്കിക്കാണുന്നത്!!

ബാല്യത്തില്‍ ഒരു മൃതദേഹവും
ഞാന്‍ കണ്ടിട്ടില്ല;
അമ്മൂമ്മ - ചിരിച്ചുറങ്ങുന്നതല്ലാതെ,
എന്‍റെ മക്കളുടെ ബാല്യത്തില്‍...
വധം - അവര്‍ നേരില്‍ കാണുന്നു!

കലയും കലഹവും
പ്രണയവും അനീതിയും
ദുരിതവും ദുരന്തങ്ങളും...
ഈ ചുവരില്‍ പതിപ്പിച്ചു
നിങ്ങള്‍ തിരിഞ്ഞു നടക്കുന്നു!
അതിന്നടിയില്‍..
ഒരു കുറിപ്പിടാനാകാതെ
ഞാന്‍ ഈ തീരത്ത് തനിച്ചായാലും
നിങ്ങള്‍ക്കെന്തു നഷ്ടം?!