Wednesday, November 22, 2017

കഥ - മഴനാരുകൾ

ഴയെക്കുറിച്ചായിരുന്നു മനുവിന്റെ ഇന്നലത്തെ എഫ്ബി പോസ്റ്റ്. ‘കാത്തിരുന്ന മഴ ഇലത്തുമ്പുകളിൽ പെയ്തിറങ്ങിയിരിക്കുന്നു. അത് മണ്ണിലേക്ക് ചിതറി വീഴുമ്പോൾ ജീവിത ഗന്ധിയായ മണ്ണിന്റെ മണം അനുഭൂതിയുടെ ഹരം നൽകുന്നു. ചെറുകാറ്റിന്റെ അകമ്പടിയിൽ ജാലകച്ചില്ലുകളിൽ മഴ പ്രണയ ചിത്രങ്ങൾ തീർക്കുന്നു. തഴുകി തലോടുന്ന അമ്മയാകുന്നു, അച്ഛന്റെ ധൈര്യം പകരുന്ന കരസ്പർശമാകുന്നു ഈ മഴ!. പാടവും പറമ്പുകളും കുളങ്ങളും നിറയട്ടെ. വരണ്ടു ദുഃഖം ഘനീഭവിച്ച ഭൂമിയുടെ മനസ്സ് ആത്മഹർഷത്താൽ പുളകിതമാകട്ടെ. ഗതകാല സ്മൃമിതകളുടെ വീണ്ടെടുപ്പാണ് ഈ മഴയെനിക്ക്. മക്കളുടെ കൈപിടിച്ച് മഴയത്തു കൂടി നടന്നുപോകണം, കുളത്തിൽ നീന്തിക്കുളിക്കണം. നൂറ്റാണ്ടുകൾക്കപ്പുറത്ത് ഞാൻ ജീവിച്ചിരിക്കുമെങ്കിൽ ഓർത്തോർത്ത് അനുഭവിക്കാനുള്ള ഹൃദയരാഗമാവണം ഈ മഴ....’ 

വിനയൻ മനുവിന്റെ പോസ്റ്റിൽ നിന്നും കണ്ണെടുത്തില്ല. മഴ ഭ്രാന്തനാണവൻ. മഴയെ ഏറെ പ്രണയിക്കുന്നവൻ. മഴയുടെ താളവും രാഗവുമാണവന്റെ മനസ്സ് നിറയെ. മഴയെ കാണാനും കേൾക്കാനുമായി എല്ലാ വർഷവും ജൂൺ ജൂലൈ മാസങ്ങളിലേക്ക് അവൻ ലീവെടുക്കും. ‘’അപൂർണ്ണമായ തിരക്കഥയാണ് പ്രവാസം. കാരണം; കോരിച്ചൊരിയുന്ന മഴയില്ല, യഥേഷ്ടം ഇടിയും മിന്നലുമില്ല. മഴയെത്തേടുന്ന പ്രവാസ മനസ്സ് മരുഭൂമിയിലെ ഹൃദയം മുറിഞ്ഞു പോയ വേഴാമ്പലാണ്’’. അവൻ മുമ്പെഴുതിയിരുന്നു. 

ഒരിക്കലവൻ അവന്റെ ഒരു സ്വപ്നം പറഞ്ഞിരുന്നു. അതിവിദൂരമായ ഒരിടത്തേക്ക് ഏകനായി ഒരു യാത്ര പോകണം. തികച്ചും അപരിചിതമായ പാതകളിലൂടെ ഒരു യാത്ര. തിമിർത്തു പെയ്യുന്ന മഴ യാത്രക്ക് അകമ്പടിയാവണം. ഇടിയും മിന്നലുമായി പെയ്തിറങ്ങുമ്പോൾ മലയടിവാരങ്ങളിൽ ചെറു കുടിൽ തീർത്ത് അതിൽ അന്തിയുറങ്ങണം. മഴ മലയിൽ നിന്നൊഴുകി പുഴയിൽ ചേരുന്നിടത്ത് കളിച്ചുല്ലസിക്കണം.

വിനുവിന്റെ മഴ ഭ്രാന്ത്!. കുട്ടികളെ ചേർത്ത് പിടിച്ചു മഴയത്തു നിന്ന ഫോട്ടോയും ഇട്ടിരിക്കുന്നു. മഴ നനഞ്ഞു കുട്ടികൾക്ക് പനിപിടിക്കും അപ്പോഴേ അവൻ പഠിക്കൂ. നാട്ടിലാണെങ്കിൽ മഴക്കാലത്ത് ഒരിക്കലും കേൾക്കാത്ത പേരുകളിലാണ് പനി. ചുഴലിക്കാറ്റിന് പേരിടുന്ന പോലെ മൃഗങ്ങളുടെ പേരിട്ടാണ് നമ്മൾ പനിയെ ആദരിക്കുന്നത്. കാളിങ് ബെൽ ശബ്ദിക്കുന്നുണ്ട്. രാജീവൻ വന്നിട്ടുണ്ടാകും. എത്ര പറഞ്ഞാലും അവൻ താക്കോൽ കൊണ്ടുപോകില്ല. പിറുപിറുത്തുകൊണ്ട് വിനയൻ വാതിൽക്കലേക്ക് നടന്നു. 

"എന്താടാ വാതിൽ തുറക്കാനിത്ര താമസം?"
രാജീവൻ ഒച്ചയുയർത്തി. പുറത്ത് എന്താ ചൂടെന്ന് നിനക്കറിയില്ലേ? 

നീ അധികം ബഹളം വെക്കേണ്ട, കീ കൊണ്ട് പോകാമായിരുന്നില്ലേ? റൂമിൽ അലിക്കയും ജോൺ അച്ചായനും ഉറങ്ങുന്നുണ്ട്. 

രാജീവൻ നിശ്ശബ്ദനായി. ബാച്‌ലർ റൂമിലെ അലിഖിത നിയമമാണ്; ഉറങ്ങുന്നവരെ ആദരിക്കണം. ഉണർത്തിയാൽ ചിലപ്പോൾ തെറിയുടെ അഭിഷേകമായിരിക്കും. അതിനാൽ അയാൾ അധികം സംസാരിക്കാതെ തന്റെ ദിനചര്യകളിലേക്ക് നീങ്ങി. വിനയൻ വീണ്ടും ഫേസ് ബുക്കിലേക്ക് അലിഞ്ഞു ചേർന്നു. ഉറങ്ങുമ്പോഴും മുഖം ഇതിൽ തന്നെ പൂഴ്ത്തി വെക്കാതെ അതൊന്ന് ഓഫ് ചെയ്യ് എന്റെ വിനയാ, എനിക്കുറങ്ങണം. നാലു മണിക്ക് ഡ്യൂട്ടിക്ക് പോകേണ്ടതാ’. രാജീവൻ ചെവിയിൽ വന്നു പല്ലുകടിച്ചു. അവൻ നല്ല സ്ട്രെസ്സിലാണ്. ബോസ്സിന്റെ കൈയീന്ന് കണക്കിന് കിട്ടിയിട്ടുണ്ടാകും. പോരാത്തതിന് വെളിച്ചത്തിന്റെ തരിമ്പു കണ്ടാൽ മതി, പിന്നെയവൻ ഉറങ്ങില്ല. മാത്രമല്ല സമയം പന്ത്രണ്ടായിരിക്കുന്നു. വിനയൻ മുഖപുസ്തകം അടച്ചു വെച്ചു. 

ജോലി കഴിഞ്ഞു വന്നപാടെ വിനയൻ വീണ്ടും എഫ്ബി തുറന്ന് മനുവിന്റെ മഴചിത്രങ്ങളിലേക്ക് വഴുതിവീണു. ‘ഓന്റെ ഒരു കാര്യം, ചങ്ങായി നാട്ടീ പോയപ്പോ ബെല്ലും ബ്രേക്കും ഒക്കെ പോയീന്നാ തോന്ന്ണത്, തിന്നലും കുടിക്കലും ഒന്നൂല്ല, എപ്പോ നോക്കിയാലും ഫേസ് ബൂക്കെന്നെ! അലിക്ക വാതിൽ പാതി തുറന്ന് മുറിയിലേക്ക് എത്തിനോക്കി എന്തൊക്കെയോ വിശേഷങ്ങൾ ചോദിച്ചു. പക്ഷെ അതൊന്നും വിനയൻ കേട്ടില്ല. എല്ലാർടിം ചെവീല് എപ്പോ നോക്കിയാലും ഈ കുന്ത്രാണ്ടം തിരുകീട്ട്ണ്ടാകും, പിന്നെ ആരെന്ത് കേൾക്കാനാ’ അലിക്ക പിറുപിറുത്ത്‌കൊണ്ട് കടന്നു പോയി. 

വാഴപ്പിണ്ടി കൊണ്ടുള്ള ചങ്ങാടത്തിൽ അമ്പലക്കുളത്തിൽ കളിക്കുന്ന ഫോട്ടോയാണ് ഇന്ന് മനു പോസ്റ്റ് ചെയ്തിരിക്കുന്നത്. ആകാശം ഇരുണ്ടാണെങ്കിലും മഴ പെയ്യുന്നില്ല. ഗ്രാമത്തിന്റെ പച്ചപ്പും മാനത്തിന്റെ നീലിമയിൽ ചാലിച്ച ഇരുട്ടും ചേർന്ന ഗൃഹാതുരമായ ദൃശ്യവിരുന്ന് ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്നു. കാലങ്ങൾക്കപ്പുറത്ത് കണ്ടുമറന്ന അനുഭവദൃശ്യങ്ങൾ വിനയനെ ആർദ്രനാക്കി. പതിയെ കണ്ണുകളടച്ചു. 

അയാൾ ഭൂതകാല കുസൃതികളുടെ വീണ്ടെടുപ്പിലായി. കാഴ്ച്ചയുടെ വർണ്ണക്കടലാസിൽ മുമ്പേ ചലിച്ചുപോയ ഓർമ്മച്ചിത്രങ്ങൾ അനാവൃതമായിത്തുടങ്ങി. പരന്നു കിടക്കുന്ന പാടത്തിന്റെ ഇരുകരകളിലുമായാണ് അവരുടെ വീട്. പടിഞ്ഞാറുനിന്നും ഇരുട്ടുപിടിച്ചു ഇരമ്പിയെത്തുന്ന മഴ വലിയ ആഘോഷമാണ്. പാടവും തോടുകളും നിറഞ്ഞ് കുത്തിയൊഴുകുമ്പോൾ ഏറ്റുമീനെ തിരഞ്ഞ് കരയിലും വരമ്പത്തും അവരുണ്ടാകും. വെള്ളം നിറഞ്ഞു നിൽക്കുന്ന കൊയ്തൊഴിഞ്ഞ കണ്ടങ്ങളിലെ പന്തുകളി വലിയ ഹരമാണ്. കണ്ണുകൾ ചുവന്ന് വീർക്കുന്നതുവരെ വെള്ളത്തിൽ അവർ കളിച്ചു തിമിർക്കും. അവസാനം വടിയെടുത്ത് അച്ഛനോ അമ്മാവനോ വരുമ്പോഴാണ് കളം വിട്ടോടുക. പിന്നെ നേരെ അമ്പലക്കുളത്തിലേക്ക്. ചറപറാ പെയ്യുന്ന മഴയിൽ കുളത്തിലും ഒരു നീന്തിക്കുളി. വെള്ളത്തിൽ താഴ്ന്നിരുന്ന് കാതോർത്താൽ ജലനിരപ്പിൽ മഴയുടെ നൃത്തവും സംഗീതവും ആസ്വദിക്കാം. 

രണ്ടു മൂന്നു ദിവസങ്ങൾ കടന്നു പോയിരിക്കുന്നു. മനുവിന്റെ എഫ്ബി അപ്‌ഡേറ്റ്സ് ഒന്നും കാണുന്നില്ല. തിരക്കുകളും ജോലിഭാരവും ക്ഷീണവും കാരണവും വിനയനും അധികം ഓൺലൈൻ കറക്കം നടത്തിയിരുന്നില്ല. പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് കണ്ടത്; ഫീലിംഗ്: പനി എന്നൊരു അപ്ഡേറ്റ്സ് അവനിട്ടിരുന്നു. ശ്രദ്ധയിൽ പെടാതെ പോയതാണ്. മഴയത്തായിരുന്നല്ലോ കുടുംബം മുഴുവൻ. ചൂടിൽ നിന്നും തണുത്ത ക്ലൈമറ്റിലേക്കുള്ള മാറ്റം അവനെ പനി ബാധിതനാക്കിയിരിക്കും!. 

ജോലി കഴിഞ്ഞെത്തിയ ഉടനെ വിനയൻ മനുവിന്റെ ഫോണിൽ വിളിച്ചു. അവന്റെ അമ്മയാണ് എടുത്തത്. അത്ര സുഖകരമായ വാർത്തയല്ല അമ്മക്ക് പറയാനുണ്ടായിരുന്നത്. കടുത്ത പനിയായതിനാൽ മനുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുന്നു. ഐ സി യു വിലാണ്. എല്ലാവരും പരിഭ്രാന്തിയിലാണ്. ഡെങ്കിപ്പനിയാണോ എച് വൺ എൻ വൺ ആണോ എന്നൊക്കെ ഡോക്ടർ സംശയം പറഞ്ഞിരിക്കുന്നു. അമ്മയുടെ വാക്കുകൾ തണുത്തു, വിതുമ്പി വിറച്ചു നേർത്തില്ലാതായി!. ആശുപത്രിയുടെ പുറത്ത് മഴപെയ്യുന്നുണ്ടോ എന്ന് അർദ്ധബോധാവസ്ഥയിൽ അവൻ ചോദിച്ചത്രേ, പിന്നെ മക്കളെയും ചോദിച്ചു. 

വിനയൻ വിഷാദനായി. നിശബ്ദമായ മുറിയിൽ മൗനം തിരയടിച്ചു നിന്നു. തലയിണ ഉയർത്തിവെച്ച് ബെഡിൽ ചാരിയിരുന്നു. യൂട്യൂബ് തുറന്നു റൈൻ സൗണ്ട്സ് എന്ന മഴനാദം പ്ലേ ചെയ്ത് ചെവിയിൽ തിരുകി. സ്ട്രെസ് കൂടുമ്പോൾ ചെയ്യുന്നതാണ്, മഴയെ കേൾക്കാൻ മനു പറഞ്ഞുകൊടുത്ത സൂത്രം. വനാന്തരങ്ങളിൽ മഴയിപ്പോൾ തകർത്തു പെയ്യുകയാണ്. ആരവങ്ങളിൽ ഇലകൾ ഉറഞ്ഞു തുള്ളി. പലപ്പോഴായി മനു പറഞ്ഞതും കൗമാരത്തിൽ ഒന്നിച്ചു അനുഭവിച്ചതുമായ മഴക്കാഴ്ചകളെ തിരിച്ചെടുക്കുകയാണിപ്പോൾ വിനയൻ. 

മഴക്കാറ്റ് വീണാ നാദം മീട്ടി സ്വർണ്ണവെയിൽ നാളത്തിൽ തട്ടി സന്ധ്യയിൽ നിലാവ് തുന്നിച്ചെർത്തിരിക്കുന്നു... പുരപ്പുറത്ത് താളംകൊട്ടി കൂട്ടുകൂടി പൊട്ടിച്ചിരിച്ച്... തെങ്ങോലകളിൽ നിന്നും വാഴയിലയിലേക്കും തൊഴുത്തിന് മുകളിലേക്കും ഒഴുകിയിറങ്ങി, മഴമുത്തുകൾ!. തട്ടിൻപുറത്തെ ജനൽപാളിയിലൂടെ മഴയെ കണ്ടുകൊണ്ട് അവരുടെ സൗഹൃദം കൂടുതൽ കെട്ടുപിണഞ്ഞു. കനത്ത മഴയിൽ മനസ്സുകൾ ഇഴചേർന്ന് ഹൃദയങ്ങൾ കൈകോർത്ത് മനുവും വിനയനും മഴനാരുകളായിത്തീർന്നു. മഴയുടെ ആരവത്തിൽ മൗനമായിതീർന്ന വീടിന്റെ അകത്തളം. പുറത്തെവിടെയൊക്കെയോ അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട്. വടക്കേപുറത്ത് തൊഴുത്തിൽ നിന്നും പശുവിന്റേയും കിടാവിന്റെയും കരച്ചിൽ. വലിയ ഒച്ചയോടെ ഒരിടിവെട്ടി, കനത്ത മിന്നലിൽ ദീപങ്ങൾ ജ്വലിച്ചമർന്നു. അകത്തുനിന്നും മുത്തശ്ശിയുടെ നാമജപം ഉയർന്നു പൊങ്ങി, പിന്നെ പെരുമഴക്കാലത്തിൽ അലിഞ്ഞു ചേർന്നു. 

വിനയൻ കണ്ണുകൾ തുറന്നു. ഗതകാല പരിസരങ്ങളിലെ ‘അയാൾ’ ഓടിമറഞ്ഞിരിക്കുന്നു. ഹൃദയതാളം ക്രമാതീതമാണ്. നെറ്റിയിൽ വിയർപ്പുചാലുകൾ. എസി ഓൺ ചെയ്യാൻ മറന്നാണ് കിടന്നത്. സമയം ഏറെ കഴിഞ്ഞിരിക്കുന്നു. ആരുടെയും ശബ്ദം കേൾക്കുന്നില്ല. രാജീവൻ വന്നില്ലെന്ന് തോന്നുന്നു. ബെല്ലടിയൊന്നും കേട്ടില്ല. ഉറക്കച്ചടവോടെ ബാൽക്കണി തുറന്നു നിരത്തിലേക്ക് മിഴികൾ പായിച്ച്‌ അയാൾ നിന്നു. അകലങ്ങളിൽ ഏകനായി മനുവുണ്ട്. ഒറ്റക്കാണെങ്കിലും മഴയവന് കൂട്ടുണ്ടാകും. വിജനമായ പാതയിൽ മഴയുടെ കുടചൂടി യാത്രയിലാണിപ്പോൾ അവൻ. പ്രതീക്ഷയുടെ തീരത്തേക്ക് അവൻ അതിവേഗം കാറോടിക്കുന്നുണ്ട്!. 

*********************
(Published by Varthamanam Daily, Qatar on 23.09.2017)