Monday, March 5, 2018

കഥ: നൂൽപ്പാലങ്ങൾ


ഗായത്രി എത്രമാത്രം വളർന്നു എന്നൊന്നും ഒരു നിമിഷത്തിൽ പോലും ചിന്തിക്കാതെയാണ് രാധാകൃഷ്ണന്റെ ഓരോ ദിനങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നത്. കഴിഞ്ഞ പത്തിരുപതു വർഷമായി അങ്ങിനെതന്നെ ആയിരുന്നു എന്നുവേണം പറയാൻ. അമ്മയുടെ മുലപ്പാൽ ഒരുവട്ടമെങ്കിലും നുകരാൻ കഴിയാതെ പോയ തന്റെ കുഞ്ഞ് എപ്പോഴും ചുണ്ടുകൾ നുണഞ്ഞ് കൈകൾ ചുരുട്ടിപ്പിടിച്ച് അയാളുടെ ഹൃദയത്തിൽ കാലിട്ടടിച്ചു കൊണ്ടിരുന്നപ്പോൾ മറ്റൊരു ചിന്തയും അയാളിൽ പ്രസക്തമാവുകയോ അയാളെ സ്വാധീനിക്കുകയോ ചെയ്തിരുന്നില്ല. പ്രസവത്തോടെ അനന്ത നിന്ദ്രയിലേക്കാണ്ടുപോയ അമ്മയുടെ അതേ പേരു തന്നെ ചൊല്ലി  ആ ചോരപ്പൈതലിനെ അയാൾ നെഞ്ചോട് ചേർക്കുമ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇന്നിപ്പോൾ അവൾ അച്ഛനോളം വളരുകയും  അമ്മയേക്കാൾ രൂപഭംഗി കൈവരിക്കുകയും ചെയ്തതും അയാൾ ഉൾക്കൊണ്ടിട്ടുണ്ടായിരുന്നില്ല.

''മകളൊക്കെ വളർന്നു വലുതായില്ലേ ഇനിയെങ്കിലും ഒരു വിവാഹത്തെക്കുറിച്ചു ചിന്തിച്ചുകൂടെ രാധാകൃഷ്‌ണാ...''


       ഗായത്രിയുടെ  ഇരുപതാം പിറന്നാളിന്റെ ചെറിയ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അവളുടെ അമ്മാവന്മാരിലൊരാൾ സ്വകാര്യമായി വിളിപ്പിച്ച്  കാതിൽ പറഞ്ഞത് അയാൾ അതിവ നിസ്സംഗതയോടെയാണ്  കേട്ടത്!. മകളെ തന്റെ കൈകളിലേക്ക് തന്ന് ഗായത്രി വിസ്മൃതിയിലായിപ്പോയ ശേഷം പലരും പലതവണ പറഞ്ഞ അതെ വാചകങ്ങളാണ് ചെറിയ മാറ്റങ്ങളോടെ ഇപ്പോഴും പറയുന്നത് എന്നയാൾക്ക് അറിയാമായിരുന്നു. ഒരു രണ്ടാനമ്മയുടെ മനസ്സില്ലാമനസ്സിലേക്ക് തന്റെ പൈതൽ എത്തിപ്പെടുമ്പോഴുണ്ടായേക്കാവുന്ന അനിശ്ചിതത്വങ്ങളുടെ വേവലാതിയിൽ  അയാളിലെ അച്ഛൻ ദുഃഖിതനായിരുന്നു. അതുകൊണ്ടു തന്നെ പുനർവിവാഹം എന്ന ഉപദേശങ്ങളെ അന്നു മുതലെ അയാൾ അവഗണിച്ചു കൊണ്ടിരുന്നു. ഭാവിയിലെ രോഗാവസ്ഥയെയും അനിവാര്യമായ വാർദ്ധക്യത്തെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ നടത്തുന്നവരോടൊക്കെ ‘അതൊക്കെ അപ്പോൾ നോക്കാ’ മെന്ന പതിവ് മറുപടി അയാൾ ആവർത്തിച്ചു.

       ഗായത്രിയാകട്ടെ അച്ഛന്റെ അരുമയായി ഏറെ സന്തോഷവതിയായാണ് ജീവിച്ചത്. എന്റെയച്ഛനിൽ തുടിച്ചു നിൽക്കുന്നത് അമ്മയാണെന്ന് എല്ലാവരോടും അഭിമാനത്തോടെ പറയുകയും, ഒരമ്മയുടെ  കുറവറിയാതെ കടന്നുപോയ വർഷങ്ങളെ ആർദ്രദയോടെ  മനസ്സിൽ സൂക്ഷിക്കുകയും ചെയ്തു.

        രാധാകൃഷ്ണന്റെ ചെവിയിൽ മന്ത്രിച്ചവർ അതെ സ്വകാര്യം കുറച്ചു പരസ്യമായിത്തന്നെ ഗായത്രിയുടെ മുമ്പിലും പിറന്നാൾ ദിനത്തിൽ ആവർത്തിച്ചിരുന്നു. അച്ഛന് കൂട്ടായി ഒരാൾ വരുന്നു എന്നത് ഒരു നിലക്കും അവളെ അലട്ടിയിരുന്നില്ല എന്നതാണ് സത്യം. പ്രായത്തിന്റെ പക്വതയിൽ അക്കാര്യങ്ങളൊക്കെ ഉൾക്കൊള്ളാനുള്ള തലത്തിലേക്ക് അവൾ വളർന്നിരുന്നു. ഇക്കാര്യമെല്ലാം അച്ഛന്റെ വിവാഹക്കാര്യം സൂചിപ്പിച്ചവരോട് പറയുകയും അച്ഛനാണ് തീരുമാനമെടുക്കേണ്ടത് എന്ന് അവൾ അവരെ ഓർമ്മപ്പെടുത്തുകയും ചെയ്തു.

       പിറന്നാൾ ദിനാഘോഷം കഴിഞ്ഞു തൊട്ടടുത്ത ദിവസം മുതൽ അച്ഛനിൽ പതിവില്ലാത്ത പെരുമാറ്റ വൈരുധ്യങ്ങൾ പ്രകടമായത് പൊടുന്നനെയാണ്. വളരെ ഊർജ്ജസ്വലനായി നടന്നിരുന്ന അയാൾ പലപ്പോഴും ചിന്തകളുടെ തുരുത്തുകളിൽ കുരുങ്ങിക്കിടന്നു.  കഴിയുന്നതും ഒറ്റക്കാവാനുള്ള അയാളുടെ  ഇഷ്ടത്തെ അവൾ വായിച്ചെടുക്കുകയും ചെയ്തു. കൊച്ചുനാൾ മുതൽ അച്ഛന്റെ മുഖ ലക്ഷണങ്ങളെ അപഗ്രഥിക്കാൻ അവർ പഠിച്ചുരുന്നു. അവരിരുവർക്കുമിടയിലെ  മറയില്ലാത്ത ഇഷ്ടം  അച്ഛൻ മകൾ ബന്ധത്തിനപ്പുറത്ത് ആഴത്തിലും  ചാരുതയിലും വേരുറച്ചു നിന്നത് അയാളിൽ കുടികൊള്ളുന്ന അമ്മയുടെ കനിവാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു.   മുമ്പൊക്കെ അച്ഛൻ ഒറ്റക്കാവുമ്പോൾ ഓടിയെത്തി അച്ഛന് കൂട്ടിരിക്കാൻ അവൾ തിരക്ക് കൂട്ടിയിരുന്നത്, അച്ഛന് താൻ മാത്രമേയുള്ളൂവെന്ന ബോധ്യം ഉള്ളത് കൊണ്ടായിരുന്നു. എന്നാൽ ഇനി തന്റെ സാമീപ്യം കാരണം മറ്റൊരു വിവാഹത്തെ അച്ഛൻ വേണ്ടെന്ന് വെക്കെരുത് എന്ന നിർബന്ധ ബുദ്ധി അവളെ പിടികൂടുകയും ഏകാന്തനായിരിക്കാൻ അയാളെ അനുവദിക്കുകയും ചെയ്തു. ആ ഏകാന്ത ചിന്തകളിൽ    ഒരു  ഇണയെ അച്ഛൻ സ്വയം പരുവപ്പെടുത്തിയെടുക്കട്ടെയെന്നു അവൾ ആഗ്രഹിച്ചു.

         ബാങ്കിലെ ജോലിസമയം കഴിഞ്ഞെത്തുന്ന അയാൾക്ക് മകൾ ക്ലാസ്സു കഴിഞ്ഞെത്തുന്നത് വരെ കാത്തിരിക്കൽ ഇപ്പോൾ വലിയ വിരസതയായി അനുഭവപ്പെട്ടു തുടങ്ങി. മുമ്പൊക്കെ  അവൾക്കിഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്ത്, ബാക്കിയുള്ള സമയം മുറ്റത്തെ ചെടികളെയും പൂക്കളെയും  താലോലിച്ചുമാണ് അയാൾ ചെലവഴിച്ചിരുന്നത്. ഗായത്രി വന്നാൽ പിന്നെ രണ്ടുപേരും കൂടി വീട്ടുജോലിയും അവളുടെ പഠന കാര്യങ്ങളുമെല്ലാം തീർത്തു അൽപ്പസമയം ടിവിയുമൊക്കെ കണ്ടാണ് വൈകുന്നേരങ്ങളെ ചിലവഴിച്ചത്.  പക്ഷെ ഇപ്പോൾ അയാൾ ഒറ്റക്ക് മുറിയിൽ അടച്ചിട്ടിരിക്കുകയും,  മുറിയിൽ ഉലാത്തുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. ഗായത്രി പലപ്പോഴും ഏറെ നേരം വാതിലിൽ തട്ടിയാലായിരിക്കും അയാൾ തുറക്കുക. പിന്നീടൊരിക്കൽ കുറച്ചു ബലം പ്രയോഗിച്ച്  മുറിക്കകത്തു കടന്ന അവൾ മുമ്പെങ്ങും അറിഞ്ഞിട്ടില്ലാത്ത ചില ഗന്ധങ്ങൾ മുറിയിൽ നിറഞ്ഞിരിക്കുന്നതായി തിരിച്ചറിയുകയും മദ്യത്തിന് ഇത്രയും അതി രൂക്ഷഗന്ധമാണെന്നു വേവലാതിയിൽ കുതിർന്ന വേദനയോടെ  മനസ്സിലാക്കുകയും ചെയ്തു.

       അയാളുടെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നുവെന്നും അതിനുള്ള മരുന്ന് തന്റെ സ്നേഹമാണെന്നും ഗായത്രിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ ബാങ്കിലേക്ക് പുറപ്പെടാനൊരുങ്ങുന്ന അച്ഛനെ അവൾ തടഞ്ഞുനിർത്തുകയും അവളുടെ ആകുലതകളുടെ കെട്ടുകൾ അയാൾക്ക്‌ മുമ്പിൽ തുറന്നിടും ചെയ്തു. ആ നാലു ചുവരുകൾക്കുള്ളിൽ അവരുടെ സങ്കടക്കടലിന്റെ നൊമ്പരങ്ങൾ പടരുകയും അവരുടെ വർത്തമാനങ്ങൾക്ക് പ്രഭാത കിരണങ്ങൾ സാക്ഷിയാവുകയും ചെയ്തു.  

“ഗായത്രി എന്നെ വിട്ടുപോകുമ്പോൾ അവളിലെ ഒരംശത്തെ തന്നെയാണ് എന്നെയേല്പിച്ചു പോയത് എന്ന വിശ്വാസത്തിലാണ് ഞാൻ ഇക്കാലമത്രയും ജീവിച്ചത്. ശരീരം കൊണ്ട് മാത്രമേ അവൾക്കെന്നെ ഏകനാക്കാൻ കഴിഞ്ഞിരുന്നുള്ളൂ, എന്നാൽ അവൾ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. അവളുടെ ഗന്ധവും ശബ്ദവുമെല്ലാം ഈ വീടിന്റെ ഓരോ കോണിലും ഒളിച്ചിരിപ്പുണ്ട്. നിന്നിലൂടെ അവളെ ഞാൻ ഇപ്പോഴും കാണുന്നു. ഇന്ന് നീ വലുതായിരിക്കുന്നു എന്ന് എല്ലാവരും പറയുന്നു. നിന്റെ വളർച്ച സത്യത്തിൽ ഞാൻ അറിഞ്ഞിട്ടില്ല. മുലപ്പാലിന് വേണ്ടി എന്റെയീ കൈകളിൽ കിടന്നു കരഞ്ഞ  എന്റെ മകളെ മാത്രമേ എനിക്കറിയൂ...!.”
തന്റെ വിവാഹം നടക്കുന്നതും താൻ ഭർത്താവിനൊപ്പം അച്ഛനെ തനിച്ചാക്കി കടന്നു പോകുന്നതുമായ ചിന്തകൾ അയാളുടെ ഹൃദയത്തിൽ ആഴത്തിലുള്ള വിള്ളലുണ്ടാക്കിയതായി ഗായത്രി അറിഞ്ഞത് അവർ തമ്മിലുള്ള ആ സംഭാഷണം അവസാനിക്കുമ്പോഴാണ്.

"എനിക്ക് വേണ്ടി അച്ഛനിത്ര കാലം ജീവിച്ചില്ലേ,  ഇനിയെങ്കിലും അച്ഛന് വേണ്ടി ജീവിച്ചൂടെ?"

"ഹൃദയത്തിൽ എന്റെ ഗായത്രി ജീവിച്ചിരിക്കുന്നിടത്തോളം ആ കൂട്ടിലേക്ക് മറ്റൊരു പക്ഷി പറന്നു വരാനിടയില്ല മോളെ. അത്രമേൽ ഞാനവളെ സ്നേഹിച്ചിരുന്നു.......!”

       മറ്റൊരു വിവാഹത്തെക്കുറിച്ച് അതിവിദൂരമായൊരു സാധ്യത പോലും നല്കാതെയുള്ളതായിരുന്നു അയാളുടെ വാക്കുകൾ. അത് അവളെ ഏറെ വേദനിപ്പിച്ചു. തനിക്ക് വേണ്ടി മാത്രം ജീവിച്ച തന്റെ അച്ഛൻ. താൻ വിവാഹിതയായി പടിയിറങ്ങുമ്പോൾ അമ്മയുടെ ഗന്ധം നിറഞ്ഞുനിൽക്കുന്ന ഈ വീട്ടിൽ അച്ഛൻ ഏകനായിത്തീരും. അതുകൊണ്ട് ഈ സമസ്യക്ക് ഒരു പരിഹാരമേയുള്ളൂ. തനിക്ക് അച്ഛനും അച്ഛന് താനുമെന്ന കഴിഞ്ഞ ഇരുപത് വർഷത്തെ സമവാക്യം മരണം വരെ മുന്നോട്ട് കൊണ്ടുപോവുക. അതല്ലെങ്കിൽ, പിറന്നാളിന് വന്നപ്പോൾ അമ്മായിമാർ പറഞ്ഞത് പോലെ ദത്തു നിൽക്കാൻ സമ്മതമുള്ള ഒരാളുടെ വരവിനായി കാത്തുനിൽക്കുക.
       
         അയാളാകട്ടെ, തന്റെ സ്വകാര്യ ദുഖങ്ങളുടെ കൂടെ  മകളുടെ വേവലാതികൾ  കൂടി പൊതിഞ്ഞുകെട്ടി ഭാരം താങ്ങാനാകാതെ തളർന്നു തുടങ്ങി. ജോലി സമയം കഴിഞ്ഞുള്ള മിക്ക വേളകളിലും പുകവലിയും മദ്യപാനവുമായി ദിനരാത്രങ്ങളോട് മല്ലടിച്ചുകൊണ്ടിരുന്നു. ഗായത്രിക്കാണെങ്കിൽ അച്ഛനെക്കുറിച്ചോർത്തുള്ള  ചിന്തകളാൽ  പഠനം ദുരിതപൂർണ്ണമാകുകയും  ചെയ്തു. ഒരു പോംവഴിയും ഉരുത്തിരിയാതെ ഇരുദ്രുവങ്ങളിലേക്കുമുള്ള യാത്രയിൽ അവർ അകപ്പെട്ടു കഴിഞ്ഞിരുന്നു. 

        അയാളുടെ മദ്യപാനം അതിരുകൾ കടക്കാൻ അധികനാളുകൾ വേണ്ടിവന്നില്ല. കണ്ണുകൾ ചുവക്കുകയും വാക്കുകൾ വികൃതമാവുകയും ചെയ്ത സമയങ്ങളിലൊക്കെയും തന്റെ മുന്നിൽ നിൽക്കുന്നത് ഗായത്രിയെന്ന തന്റെ ഭാര്യയാണ് എന്നയാൾ വിശ്വസിക്കാൻ തുടങ്ങി. കൈകളുടെ ചലനങ്ങളും ശ്വാസത്തിന്റെ ഗതിവിഗതികളും തന്റെ ഭാര്യയെ  തേടുന്ന അച്ഛന്റേതാണെന്ന് അവൾ ഭീതിയോടെ മനസ്സിലാക്കി!. അന്നുമുതൽ ആദ്യമായി അവൾ അച്ഛനെ ഭയപ്പെടുകയും  പരമാവധി വസ്ത്രങ്ങളാൽ തന്റെ നിമ്നോന്നതങ്ങളെ പൊതിഞ്ഞു വെക്കുകയും ചെയ്തു. രാത്രിയിലെപ്പോഴെങ്കിലും അച്ഛന് എന്തെങ്കിലും സംഭവിക്കുമോ എന്ന വേപഥുവാൽ വാതിൽ പാതി ചാരിവെക്കുന്നത് പതിവാക്കി. ദുഃസ്വപ്നങ്ങളുടെ ആധിക്യത്തിൽ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരുകയും   ചെയ്തു കൊണ്ടിരുന്നു.

          അവർക്കിടയിലെ സംസാരങ്ങൾ കുറയുകയും അവർ അടച്ചിട്ട മുറികളിലെ കളിപ്പാവകളായി മാറുകയും ചെയ്തു. രാത്രിയിലെ മദ്യപാനത്തെ പറ്റി രാവിലെ ദുഃഖിതനാവുകയും ലജ്‌ജാ ഭാരത്താൽ മകളുടെ മുഖത്തുപോലും നോക്കാനാകാതെ അയാളുടെ തലകുനിയുകയും ചെയ്യുന്നത് നിത്യ കാഴ്ചയായി മാറി.  തന്നിലെ ധാർമ്മികത ചെറിയ നൂൽപ്പാലത്തിലൂടെയാണ്‌ സഞ്ചരിക്കുന്നതെന്നും രാത്രിയിലെ തന്റെ കാഴ്ചകളിൽ അഴകും കൺകുളിർമ്മയും നൽകുന്ന ഗായത്രിയെയാണ് താൻ മകളിൽ കാണുന്നതെന്നും അയാൾ നടുക്കത്തോടെ സ്വയം തിരിച്ചറിഞ്ഞു. അതോടെ അവളുടെ കാഴ്ചവട്ടത്തു നിന്നും എപ്പോഴും അയാൾ ഓടിയകന്നു. പക്ഷെ മദ്യം അയാളുടെ അധർമ്മ ചിന്തകളുടെ തേരാളിയായി മുന്നിൽ തന്നെയുണ്ടായിരുന്നു.

          പതിയെ പതിയെ അനാരോഗ്യത്തിലേക്കും അതിന്റെ അവശതകളിലേക്കും അയാൾ പിടഞ്ഞു വീണു. പകുതി മാത്രം ചാരിവെച്ച വാതിൽ പാളിയുടെ വിടവിലൂടെ അച്ഛന്റെ മുറിയിലേക്ക് എല്ലാ രാത്രികളിലും പതിവ് പോലെ അവൾ കാതുകൾ തുറന്നു വെച്ചു. അന്ധകാരം കൂട്ടുകിടന്ന വിദൂര യാമങ്ങളിലെല്ലാം ഏതോ ഗുഹാമുഖത്തു നിന്നെന്ന പോലെ അലയടിച്ചു വന്ന, അയാളുടെ ചുമയും ഞരക്കങ്ങളും അവളുടെ ഉറക്കരഹിത രാത്രികളെ കൂടുതൽ വേദനാ പൂർണ്ണമാക്കി.   
         
          ഇന്ന് ഈ രാത്രീയിലെ വൈകിയ വേളയിലും അവൾ ഉറക്കം നഷ്ടപ്പെട്ടവളാണ്. ഓർമ്മങ്ങളുടെ പച്ചപ്പിലൂടെ അവളുടെ ബാല്യം ഓടിച്ചാടി നടക്കയാണിപ്പോൾ. പിന്നീട് ദൃശ്യങ്ങൾ മാറുകയും ചാരനിറം പൂണ്ട ഒരു ഭീമാകാരമായ മേഘം അവളെ കീഴടക്കാൻ അടുത്തുവരുകയും ചെയ്തു. അവളുടെ വീടിപ്പോൾ സുരക്ഷിത്വം നഷ്ടപ്പെട്ട ഒരു നീർകുമിളയായി മാറിയിരിക്കുന്നു. ദുഃഖവും സങ്കടവും കടലോളം പെരുകുമ്പോൾ പുറത്ത് ആ രാത്രിയിൽ ഒരു കനത്ത മഴപെയ്തു തുടങ്ങി!.  

        ഇരമ്പിയാർത്തു പെയ്ത മഴയിൽ വീശിയടിച്ച കാറ്റിന്റെ തണുത്ത കരങ്ങൾ കണ്ണുകളെ ചുംബിച്ചപ്പോഴാണ് അമ്മ അവളെ തലോടിയുറക്കാൻ ഓടിവന്നത്. അകത്തെ മുറിയിൽ നിശബ്ധതയിൽ അനാഥനായിക്കിടക്കുന്ന അച്ഛനെ തനിച്ചാക്കിയതെന്തിനാണെന്ന് അമ്മയോട് അവൾ ചോദിച്ചു. പാടിയുറക്കാൻ കൊതിച്ച പാട്ടുകൾ പാടി അമ്മ അവളെ ചേർത്തു പിടിച്ചിരുന്നു. അന്നാദ്യമായി അമ്മയുടെ മടിയിൽ തലചായ്ച്ചു അവളുറങ്ങി. അച്ഛനോട് പിണങ്ങരുതെന്നും അച്ഛന്റെ ഹൃദയത്തിൽ അമ്മയുറങ്ങുന്നുണ്ടായിരുന്നെന്നും അവളെ അമ്മ ബോധ്യപ്പെടുത്തി. ഈ പെരുമഴ തീരുമ്പോൾ ഞങ്ങൾ തങ്ങളാഗ്രഹിച്ച സ്നേഹത്തിന്റെ അപാരതീരത്തേക്ക് യാത്രപോവുകയാണെന്ന് അമ്മ  പറഞ്ഞത് ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെയാണ് അവൾ കേട്ടത്.

        അവൾ വാതിൽ തുറന്ന് അകത്തേക്ക് ഓടിപ്പോവുകയും അച്ഛനെ കൂട്ടികൊണ്ടു വരികയും അമ്മയുടെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു. അമ്മയെ ഏറെ നേരം കെട്ടിപ്പുണരുകയും അച്ഛന്റെ കവിളിൽ ഉമ്മനൽകുകയും ചെയ്തു, ഗായത്രി!. രണ്ടുപേരെയും അവൾ വീണ്ടും ചേർത്തുപിടിക്കുകയും പടിവരെ അവരെ യാത്രയാക്കാനായി അനുഗമിക്കുകയും ചെയ്തു.

         അർദ്ധയാമത്തിന്റെ അവസാന വരികളിൽ ഇരുട്ട് മഴയിലലിഞ്ഞു കരഞ്ഞു കരഞ്ഞു തോരാതെ നിന്നു. ഇടയ്ക്കെപ്പോഴോ കടന്നുവന്ന കാറ്റ് ആ വീടിനെ വലയം ചെയ്യുകയും തലോടി കടന്നു പോവുകയും ചെയ്തു.         കരഞ്ഞു തീർന്ന കണ്ണുകളുമായി മഴ മുഖം കുനിച്ചു നിന്ന പ്രഭാതത്തിലും അച്ഛന് അമ്മയെ തിരികെ നൽകിയ സംതൃപ്തിയിൽ അവൾ ആ വീട്ടിൽ ഏകയായി ഉറങ്ങിക്കിടന്നു!!

**************