പൂമരത്തിന്റെ ചില്ലകളിലൂടെ അരിച്ചിറങ്ങുന്ന സന്ധ്യ അച്ഛന്‍റെ കുഴിമാടത്തിലെക്കുള്ള അവളുടെ കാഴ്ചയുടെ ശക്തി കുറക്കുന്നുണ്ടായിരുന്നു. ഇരുട്ട് കനത്തു വന്നതോടെ കാഴ്ചയുടെ അറ്റത്ത് കുഴിമാടത്തിന്റെ അവ്യക്ത ചിത്രം. ഇളകി മറിഞ്ഞ മണ്ണില്‍ അന്ത്യകര്‍മ്മങ്ങളുടെ ശേഷിപ്പുകള്‍ നേര്‍ത്ത പാടുകള്‍ പോലെ. തലച്ചോറിലേക്കു ഇരച്ചു കയറുന്ന കുന്തിരിക്കത്തിന്റെയും സാംബ്രാണിയുടെയും മണം. ചില്ലകളെ ശക്തിയായി ഇളക്കി പൂമരത്തിലുണ്ടായിരുന്ന അവസാനത്തെ കാക്കയും പറന്നു പോയി.
നിര്‍വ്വികാരത തളംകെട്ടി നിന്ന മനസ്സുമായ് അനിത ആ കാഴ്ചകളില്‍ നിന്നും പതുക്കെ തിരിച്ചു വന്നു. ജനല്‍ കമ്പികളില്‍ മുഖമമര്‍ത്തിയുള്ള അവളുടെ നില്‍പ്പു തുടങ്ങിയിട്ട് കുറെ നേരമായിരിക്കുന്നു. കൈകാലുകള്‍ മരവിച്ച പോലെ. വിറങ്ങലിച്ചു നില്‍ക്കുന്ന അവളുടെ ഹൃദയത്തിലേക്ക് അലയടിച്ചു വരുന്ന കനത്ത ശൂന്യതക്കൊപ്പം അമ്മയുടെ തേങ്ങലിന്റെ നേര്‍ത്ത കണങ്ങള്‍. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വന്നവരില്‍ ബാക്കിയായ ആരുടെയൊക്കെയോ അടക്കിപ്പിടിച്ച ശബ്ദങ്ങള്‍ ജാലകതിനപ്പുറത്തു കേള്‍ക്കാം. അകത്തും പുറത്തുമായി ചിതറി നില്‍ക്കുന്ന കുടുംബക്കാരും സുഹൃത്തുക്കളും. ശബ്ദിക്കാന്‍ മറന്നു പോയവരായി അല്ലെങ്കില്‍ സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാത്തവരായി അവര്‍. ചുവരിലെ ചിത്രങ്ങള്‍ മാറി മാറി നോക്കി അച്ഛന്‍റെ ഓര്‍മ്മകളെ അവര്‍ ദീര്‍ഘനിശ്വാസങ്ങളാക്കുന്നു.
“ മോളെ... നീ ഒന്നും കഴിചില്ലല്ലോ.. വന്നിത്തിരി കഞ്ഞി കുടിക്ക്.. നേരം കുറെയായില്ലേ നില്‍പ്പ് തുടങ്ങീട്ട്...”
ഭവാനി ചേച്ചിയാണ്. തിരുത്ത്തിന്മേലെ ആശാരി നാരായണന്‍റെ ഭാര്യ. സഹതാപം മുറ്റിനില്‍ക്കുന്ന മുഖവുമായ് അവര്‍ കൈ പിടിച്ചപ്പോള്‍ അനിത ഒന്നു തേങ്ങി. മനസ്സും ശരീരവും വല്ലാതെ ദുര്‍ബലമായിരിക്കുന്നു. ഒരു കയില്‍ കഞ്ഞി വായിലേക്കു വെക്കുമ്പോള്‍ അറിയാതെ ഒരിറ്റു കണ്ണുനീര്‍ ഉതിര്‍ന്നു വീണു..
“ഭവാനി ചേച്ചീ.. അമ്മ... അമ്മ വല്ലതും കഴിച്ചോ..?”
അവളുടെ കണ്ണുകള്‍ തെക്കേ മുറിയിലെക്ക് നീണ്ടു. ഒരു നീണ്ട നെടുവീര്‍പ്പിനൊടുവില്‍ അവര്‍ പറഞ്ഞു: “ഇല്ല മോളെ ആ കിടപ്പ് തന്നെയാണ്. വിളിച്ചിട്ടും ഒരനക്കവുമില്ല.!”
ചൂടുള്ള കഞ്ഞി കുടിച്ചപ്പോള്‍ അനിതയുടെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു. ശരീരം തളര്‍ന്നു. അമ്മയുടെ നേര്‍ക്ക് മുഖം തിരിച്ച് അവള്‍ ചുവരിലേക്ക് ചാരി. വല്ലാത്ത ഒരു മയക്കത്തില്‍ തന്നെയാണ് അമ്മ. അച്ചനെന്തോ അപകടം പറ്റിയെന്നും ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്നും അബുദാബിയില്‍ നിന്നും അച്ഛന്റെ സുഹൃത്ത് അഡ്വക്കേറ്റ് സലിം വിളിച്ചു പറയുകയായിരുന്നു. അത് മുഴുവന്‍ കേള്‍ക്കാന്‍ അമ്മക്ക് പറ്റിയില്ല. അപ്പോഴേ തളര്‍ന്നു വീണു. ഒരുപക്ഷെ ആ വാക്കുയര്‍ത്തുന്ന സൂചന അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ ആ നിമിഷത്തില്‍ തന്നെ അമ്മ ഏറ്റുവാങ്ങിയിരിക്കണം. ദുഖത്തിന്റെ അലകള്‍ ഒഴിയാത്ത അമ്മയുടെ നെഞ്ചകത്ത് നിന്നും ഒരു ദൈന്യമായ തേങ്ങല്‍ മാത്രം ഇടക്കുയരുന്നു.
മൃതദേഹം അടക്കം ചെയ്ത ഇന്നേക്ക് അച്ഛന്‍ മരിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. കഴിഞ്ഞുപോയ ആ ദിനങ്ങള്‍ ശരിക്കും ഭീകരമായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ, കേട്ടത് സത്യമാണെന്ന് വിശ്വസിക്കാനകാതെ അസ്ഥിരമായ മനസ്സുകളോടെ ഞങ്ങള്‍... ഒടുവില്‍ മൃതദേഹം നെടുമ്പാശ്ശേരിയില്‍ എത്തുന്നു എന്ന വിവരം. ഏറ്റുവാങ്ങാന്‍ പോകുന്നതിന്നായുള്ള അമ്മാമന്‍മാരുടെ ചര്‍ച്ചകള്‍... അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കാനുള്ള ശക്തിപോലും അനിതക്കില്ലായിരുന്നു. ഉള്ളിലടക്കിവെച്ച സങ്കടം പെയ്തു തീരുമ്പോഴും തീരാ ദുഖമായി അമ്മയുടെ വാക്കുകള്‍ അവളുടെ നെഞ്ചില്‍ ഇടിത്തീയാകുന്നു:
“എന്‍റെ മോളെ നിന്‍റെ അച്ചനൊന്നു വന്നിട്ടു വേണം അമ്മക്ക് സ്വസ്ഥായോന്നുറങ്ങാന്‍!”.
അമ്മ ഇടക്കിടെ പറയാറുണ്ടായിരുന്ന വാക്കുകളാണിത്. അമ്മ കാത്തിരുന്നത് അച്ഛനോടോത്തുള്ള ജീവിതമായിരുന്നു. അതു കൊണ്ടാണ് പ്രവാസത്തിന്‍റെ ആകുലതകളുമായ് വിരഹം മാത്രം സമ്മാനിച്ച ജീവിതം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാം മതിയാക്കി തിരിച്ചു പോരാന്‍ അച്ഛനെ അമ്മ നിര്‍ബന്ധിച്ചത്. കഴിഞ്ഞ തവണ ലീവിനു വന്നപ്പോള്‍ അമ്മ കുട്ടികളെ പോലെ വാശിപിടിച്ചു. മതി ബാബ്വേട്ടാ.. എത്ര കാലാ ഇങ്ങനെ ജീവിക്യാ...മോളും വലുതായില്ലേ?.
ഒരു പാരലല്‍ കോളേജ് അധ്യാപകന്‍. പ്രയാസമില്ലാതെ നാളുകള്‍ നീക്കാനുള്ള വരുമാനം. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം. പിന്നെന്തിനാണച്ചന്‍ ഞങ്ങളെ വിട്ടു പോയത്. കാര്യങ്ങളെയും കാരണങ്ങളെയും വിലയിരുത്താനുള്ള അറിവെത്തിയപ്പോള്‍ ഞാനേറെ ചിന്തിച്ചതാണത്. തററവാടു ഭാഗിച്ചപ്പോള്‍ ഓഹരിയായിക്കിട്ടിയ മെയിന്‍ റോഡിനോട് ചേര്‍ന്ന സ്ഥലത്ത് നല്ല ഒരു വീട്. പിന്നെ ഭാവിയെക്കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകളും. അച്ഛന്റെ സുഹൃത്ത് സലീംക്ക ഗള്‍ഫിലേക്ക് വരുന്നോ എന്ന് ചോദിച്ചപ്പോള്‍ ആഴ്ചകളോളം അച്ഛനുമമ്മയും ചര്‍ച്ച ചെയ്ത വിഷയമായിരുന്നത്രെ അത്. ഒടുവില്‍ മഞ്ഞുപെയ്യുന്ന ഒരു പുലര്കാലത്ത്തില്‍ പ്രതീക്ഷകളുടെ നിറവും പേറി ആര്‍ദ്രതയോടെ അച്ഛന്‍ യാത്രപറഞ്ഞപ്പോള്‍ ജാലകത്തിനിപ്പുറത്ത് അമ്മയോടൊപ്പം വേര്‍പാടിന്റെ ആഴമറിയാതെ ഞാനും വിതുമ്പി നിന്നു.
പിന്നീട് ഞങ്ങള്‍ ജീവിച്ചത് അച്ഛന്‍റെ ഓര്‍മ്മകളിലാണ്. അച്ഛന്‍ പകര്‍ന്നു നല്‍കിയ സ്നേഹം, നന്മ എന്നിവ അച്ചന്റെ അഭാവത്തിലും ഞങ്ങള്‍ തലോലിച്ചു. അച്ചനെക്കുറിചോര്‍ക്കാത്ത രാവുകളോ പകലുകളോ ഞങ്ങളിലുണ്ടായില്ല. അച്ഛന്‍റെ പുസ്തകങ്ങളും ഫോട്ടോകളും പഴയ വസ്ത്രങ്ങളും ഞങ്ങള്‍ക്ക് കൂട്ടായി. കൊടുത്തയക്കുന്ന ഓരോ സമ്മാനപ്പൊതികളിലും അച്ഛന്റെ ചിരിക്കുന്ന മുഖം ഞങ്ങള്‍ കണ്ടു. അച്ഛന്‍റെ ഗന്ധം തങ്ങി നില്‍ക്കുന്ന പഴയ വസ്ത്രങ്ങള്‍ ഓരോ വരവിലും അമ്മ സൂക്ഷിച്ചു വെക്കും. അതില്‍ ഒന്ന് കഴുകാതെ എടുത്തുവെക്കും. മറ്റുള്ളവ ഇടക്കെടുത്ത് കഴുകി ഇസ്തിരിയിടും.
“ഈ അമ്മക്കിതെന്താ… അതില്‍ ചെളിയൊന്നുമില്ലല്ലോ അതിങ്ങനെ അലക്കാന്‍?” ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
“ഇതെല്ലാം അമ്മയുടെ അവകാശമാ മോളെ... നിനക്കതൊന്നും അറിയാരായിട്ടില്ല”. ജീവിതത്തിന്റെ ഓരോ മിടിപ്പുകളിലും അച്ഛന്‍റെ സാന്നിധ്യമുണ്ടാകാന്‍ എന്‍റെ അമ്മ ഏറെ കൊതിച്ചു.
കോളേജ് സമയം കഴിഞ്ഞാല്‍ എത്രയും നേരത്തെ വീട്ടിലെത്തുന്ന അച്ഛന്‍. മെയിന്‍ റോഡിലേക്ക് നീണ്ടു കിടക്കുന്ന വരമ്പിലേക്ക് കണ്ണും നട്ട് ഞാനും അമ്മയും കാത്തിരിക്കും. നേര്‍ത്ത ഇരുളില്‍ നിന്നും ടോര്‍ച്ചിന്റെ വെളിച്ചം കാണുമ്പോള്‍ ഞാന്‍ പറയും:
അമ്മേ.. അച്ഛന്‍ വന്നു!
പതിവ് പോലെ കൈയിലെ പഴംപോരിയും ഉള്ളിവടയും പിന്നെയെനിക്ക് ഉമ്മയും. അച്ഛന്‍റെ സ്നേഹസമ്മാനം. കണ്ടു നില്‍ക്കുന്ന അമ്മയും കവിള്‍ നീട്ടും. അച്ഛനില്‍ നിന്നും ബലമായ് ചുംബനം വാങ്ങുമ്പോള്‍ അമ്മയെ ചേര്‍ത്തു പിടിച്ചു ആനന്ദത്തോടെ അച്ഛന്‍ പറയും:
“അനുമോളെ.. നിന്‍റെ അമ്മയുണ്ടല്ലോ.. അവളെന്റെ ആദ്യത്തെ മോളാ.. നീ രണ്ടാമാത്തതും.”
ശരിയായിരുന്നു. അച്ഛന്‍റെ മുമ്പില്‍ കുസൃതിക്കാരിയായ ഒരു കൊച്ചു കുട്ടിയാവും അമ്മ. മടിയില്‍ കിടക്കാന്‍ ഞാനും അമ്മയും തിരക്ക് കൂടും. ചോറുരുള വാങ്ങാന്‍ ഞങ്ങള്‍ മത്സരിക്കും. അവര്‍ക്കു നടുവില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മയെന്നെ പതിയെ നുള്ളും. “ അനുമോളെ വേഗം ഉറങ്ങിക്കോ..അമ്മ... ഒരു കഥ പറഞ്ഞു തരാം..”. കഥ പറഞ്ഞു തീരുമ്പോഴും ഞാനുറങ്ങിയിടുണ്ടാവില്ല. അച്ഛന്‍ മന്ദഹാസത്തോടെ എന്‍റെ കവിളത്ത് ചുംബിക്കുമ്പോള്‍ നാണം കലര്‍ന്ന കുറുംബിയായി അമ്മ ഞങ്ങളെ ചേര്‍ത്ത് പിടിക്കും: “ഈ പെണ്ണിന് ഉറക്കൂല്യ.. സമയം കളയാന്‍..”.
ഒരു സ്കൂള്‍ കുട്ടിയായ എന്നെ യാത്രയാക്കുന്ന അത്ര കരുതലോടെയായിരുന്നു അമ്മ രാവിലെ അച്ഛനെ ജോലിക്ക് പറഞ്ഞയക്കുക. ഷര്‍ട്ടിന്റെ ബട്ടന്‍സിട്ടു കൊടുക്കുമ്പോഴും ഷൂവിന്റെ ലേസ് കെട്ടിക്കൊടുക്കുംബോഴും ഒരു ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ നിഷ്കളങ്കതയോടെ അച്ഛന്‍ തിരക്ക് കൂട്ടും. അടുക്കളയില്‍ അമ്മയെ സഹായിച്ചും മുറ്റത്ത് എന്നോടൊപ്പം കളിച്ചും ഞായറാഴ്ചകളില്‍ ഞങ്ങളുടെ കൂടെതന്നെയുണ്ടാകും അച്ഛന്‍. ഞങ്ങളുടെ സന്തോഷത്തിന് ഞങ്ങളോടൊപ്പം ക്ഷേത്രത്തില്‍ വരുന്ന അച്ഛനെ ‘ദൈവവിശ്വാസിയായ കമ്മ്യൂണിസ്റ്റ്’ എന്ന് പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. അപ്പോള്‍ അച്ഛന്‍ പറയും - എന്‍റെ ദൈവം എന്‍റെ കുടുംബമാണെന്ന്.
‘അച്ഛന്‍ മതിയിനി ഗള്‍ഫില്‍ നിന്നത്. നാട്ടിലെന്താ എന്റച്ചന് പണി കിട്ടില്ലേ?. എന്‍റെ കൂട്ടുകാരൊക്കെ അവരുടെ അച്ചന്മാരുടെ കൂടെ സ്കൂളില്‍ വരുന്നതും ഉത്സവത്തിന് പോകുന്നതും കാണുമ്പോള്‍ എനിക്ക് സഹിക്കാനാകുന്നില്ല. എനിക്ക് അച്ഛന്‍ കൊടുത്തയക്കുന്ന ഹെയര്‍പിന്നോ, റിബ്ബണോ ഒന്നും വേണ്ട. അച്ഛനടുതുണ്ടായാല്‍ മതി. ആ വിരല്‍ത്തുമ്പില്‍ തൂങ്ങി കോട്ടയില്‍ കുന്നു ശിവക്ഷേത്രതിലേക്ക് നടന്നു പോകുംബോഴുണ്ടാവുന്ന നിര്‍വൃതി.....അച്ചനെന്നാ വര്വാ...?’
അമ്മയുടെ കത്തിന്‍റെ കൂടെയുള്ള അവളുടെ നാലുവരിക്ക് അച്ഛന്‍ പിന്നീട് മറുപടി എഴുതി:
‘ഉടനെ വരും മോളെ. നിങ്ങളിലേക്കോടിയെത്താന്‍ തുടിക്കുന്ന മനസ്സിനെ ഈ ഉരുകുന്ന മരുഭൂവില്‍ തടഞ്ഞു നിര്‍ത്താന്‍ അച്ഛന്‍ നന്നേ പാടുപെടുന്നുണ്ട്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിരിക്കുന്നു. പ്രവാസം ഒരു തരത്തില്‍ തടവറയാണ് മോളെ. നാട്ടിന്‍പുറത്തെ പച്ചപ്പും ഇടവഴികളും അയ്കാട്ടു കുളവുമെല്ലാം അച്ഛനെ ഗൃഹാതുരനാക്കുന്നുണ്ട്..’
അച്ഛന്‍റെ സ്ഥാനം അമ്മ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പക്വമതിയായ ഒരു വീട്ടമ്മ. ഒരേ സമയം അമ്മയായും അച്ഛനായും മാറാന്‍ വളരെപെട്ടെന്ന് അമ്മക്ക് കഴിഞ്ഞു. പക്ഷെ അച്ചനുണ്ടായിരുന്നപ്പോള്‍ അമ്മയെ ആദരവോടെ നോക്കിയിരുന്നവരുടെ കണ്ണുകള്‍ക്ക് പിന്നീട് അനാവശ്യമായ തിളക്കം. സുഖവിവരങ്ങളറിയാന്‍ ഒട്ടോരിക്ഷക്കാരനും മീന്‍കാരനും തിടുക്കം. രാത്രിയില്‍ പലപ്പോഴും വീടിനു പുറത്ത് ചൂളം വിളികളും മൂളിപ്പാട്ടും. ഇടയ്ക്കെപ്പോഴെങ്കിലും കറന്‍റ് പോയാല്‍ അമ്മ വല്ലാതെ ഭയപ്പെടുന്നു. ശരിക്കൊന്നുറങ്ങാന്‍ അമ്മക്ക് കഴിഞ്ഞിരുന്നില്ല. സ്കൂള്‍ വിട്ടുവരാന്‍ ഞാനല്‍പ്പം വൈകിയാല്‍ വര്‍ദ്ധിച്ച ശ്വാസമിടിപ്പുമായ് ഞാനെത്തുന്നതുവരെ മുറ്റത്ത് തന്നെയുണ്ടാകും അമ്മ. നീയിപ്പോ കൊച്ചു കുട്ടിയൊന്നുമല്ല. സ്കൂള്‍ വിട്ടാല്‍ പെട്ടെന്നിങ്ങു പോന്നാലെന്താ?. എന്തു കാരണമുണ്ടായിരുന്നാലും ആ ചോദ്യത്തിന് ഞാന്‍ മറുപടി പറയില്ല. അമ്മയുടെ മനസ്സ് ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു.
പക്ഷെ...അമ്മയുടെ ഹൃദയമിടിപ്പ് നെഞ്ചിലേറ്റാനോ ദീര്‍ഘ നിശ്വാസങ്ങള്‍ക്ക് ആശ്വാസമാകാനോ ഇനി അച്ഛനില്ല. കനത്ത ഇരുളില്‍ നിന്നും സ്നേഹത്തിന്റെ നേര്‍ത്ത പ്രകാശമായ് പടികടന്ന് അച്ഛന്‍ വരില്ല. ആരു നാട്ടില്‍ വരുമ്പോഴും ആവശ്യപ്പെടാതെ തന്നെ കൊടുത്തയച്ചിരുന്ന സമ്മാനപ്പൊതികളും ഇനിയില്ല. അച്ഛന്‍റെ മടങ്ങി വരവിലേക്ക് ജീവിതം കാത്തു വെച്ച അമ്മക്ക് പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഉറക്കം നഷ്ടപ്പെടുത്തുന്നതായിരിക്കുന്നു.
നേരം പുലര്‍ന്നു തുടങ്ങിയിരിക്കുന്നു. തീരെ ഉറങ്ങാന്‍ കഴിയാഞ്ഞതാവും നല്ല തലവേദന. അനിത നെറ്റിയില്‍ കൈ വെച്ചു. ചെറിയ ചൂടുണ്ട്. പനി വരുമോ ആവൊ. അടുക്കളയില്‍ പാത്രങ്ങളുടെ ഒച്ചകള്‍ക്കൊപ്പം സംസാരവും കേള്‍ക്കുന്നുണ്ട്. ജാലകത്തിലൂടെ അരിച്ചെത്തിയ കാറ്റില്‍ ഒരു പേക്കിനാവിന്‍റെ ബാക്കി പോലെ കുന്തിരിക്കത്തിന്റെയും ചന്ദനത്തിരിയുടെയും ഇനിയും തീരാത്ത ഗന്ധം. അവള്‍ മുറ്റത്തേക്കിറങ്ങി. പറമ്പിന്റെ കിഴക്കേ അറ്റത്തേക്ക് നോട്ടം നീണ്ടപ്പോള്‍ അവള്‍ അസ്വസ്ഥയായി. കാണാകടലിനക്കരെ നിന്നും എന്‍റെ അച്ഛനിതാ തൊട്ടടുത്ത്. ഒന്ന് നോക്കാതെ ഒന്നും മിണ്ടാനാകാതെ...ഈശ്വരാ...!
അനിത ഒന്നു നില്‍ക്കൂ..
അകത്തേക്കു തിരിച്ചു കയറാനൊരുങ്ങിയ അവള്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. വൃത്തിയായി വസ്ത്രം ധരിച്ച മെലിഞ്ഞു വെളുത്ത ഒരാള്‍. കൈയില്‍ ഒരു വലിയ ബാഗ്.
അനിതയ്ക്ക് എന്നെ കണ്ടാലറിയാന്‍ വഴിയില്ല. പറഞ്ഞാല്‍ അറിയും. ഞാന്‍ ബാബുരാജിന്റെ സുഹൃത്താണ്. പേര് സലീം. അച്ഛന്‍റെ ആത്മസുഹൃത്ത് അഡ്വക്കേറ്റ് സലീം... ഈശ്വരാ..അനിതയുടെ മനസ്സ് നിറഞ്ഞു പെയ്യാനൊരുങ്ങി. ഇന്നലെ ഞാനും വന്നിരുന്നു ബാബുവിന്‍റെ കൂടെ.. മോളെ ഒന്നു കണ്ടിട്ടു പോകാമെന്നു കരുതി. നാളെ എനിക്ക് മടങ്ങിപ്പോണം. വിഷമിക്കരുത്. ഞങ്ങളൊക്കെയുണ്ട് കൂടെ. അനിതയുടെ നിറകണ്ണുകളിലേക്കു നോക്കി അയാള്‍ തുടര്‍ന്നു. ഇതില്‍ ബാബുവിന്‍റെ സാധനങ്ങളാണ്. സലീം കൈയിലെ ബാഗ് അവള്‍ക്കു കൊടുത്തു. പിന്നെ വാചാലമായ നിമിഷങ്ങള്‍. വാക്കുകള്‍ കിട്ടാതെ അയാള്‍. അച്ഛനെക്കുറിച്ചുള്ള വാക്കുകള്‍ക്കായ് കാതോര്‍ത്ത് അവള്‍. ഇന്നലെ തരാന്‍ കഴിഞ്ഞില്ല. അവസ്ഥ അതായിരുന്നല്ലോ. അയാളില്‍ ദുഃഖം കനത്തു.
“സലീംക്കാ..എന്റച്ചനു സുഖായിരുന്നോ അവിടെ...”
ഊം.. സുഖായിരുന്നു. പക്ഷെ വിധിയെ തടുക്കാന്‍ നമുക്കാവില്ലല്ലോ. മുസ്സഫ്ഫയിലേക്ക് കമ്പനി ആവശ്യാര്‍ത്ഥമുള്ള ഒരു യാത്ര. വഴിയില്‍ റെഡ് സിഗ്നല്‍ മുറിച്ചു കടന്നു വന്ന ഒരു ടാങ്കര്‍ ലോറി. എല്ലാം തീര്‍ന്നു മോളെ.. ഒരു തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലായിരുന്നു ബാബു. നിങ്ങളെ ഏറെ സ്നേഹിച്ചിരുന്നു. ഇവിടുത്തെ കാര്യങ്ങള്‍ എപ്പോഴും പറയും. സോഷ്യല്‍ സെന്റെറില്‍ വെച്ചു കണ്ടപ്പോള്‍ ഒരു കുപ്പി തേന്‍ തരാമെന്നു പറഞ്ഞിരുന്നു. നിങ്ങള്‍ കൊടുത്തയച്ചതാണ് എന്നും പറഞ്ഞു. അപകടമുണ്ടാകുന്നതിന്റെ തലേ ദിവസം കൊണ്ടു വന്നു തന്നു. ചെറിയ വാക്കിന് പോലും വലിയ വില കല്പ്പിക്കുമായിരുന്നു മോള്‍ടെ അച്ഛന്‍!. അയാള്‍ പറഞ്ഞു നിര്‍ത്തി.
എന്നാല്‍ ഞാനിറങ്ങട്ടെ. പിന്നീട് വരാം. ദുഖം മഴക്കാറു കെട്ടിയ അവളുടെ മുഖത്തു നോക്കാതെ അയാള്‍ യാത്ര ചോദിച്ചു. അച്ഛന്‍റെ ഓര്‍മ്മയില്‍ നിറഞ്ഞു നിന്ന് നിശബ്ദം അനിത അയാള്‍ക്ക് യാത്രാമംഗളം നേര്‍ന്നു. വാഹനത്തില്‍ കയറി അയാള്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ അവള്‍ നോക്കി നിന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ ആദ്യമായി യാത്ര പറഞ്ഞത് പോലെ. പ്രഭാതത്തിലെ ഇളം വെയിലില്‍ സ്മരണകളുടെ തിരമാലകളെ നെഞ്ചോടു ചേര്‍ത്തു കുറെ നേരം കൂടി അവള്‍ മുറ്റത്തു നിന്നു. അച്ഛന്‍റെ നഷ്ട സ്വപ്നങ്ങളുടെ അടയാളമായ് ആ ബാഗ് അവളുടെ കൈയിലിരുന്നു വിറകൊണ്ടു. വീട്ടിലേക്ക് തിരിച്ചു കയറാനൊരുങ്ങവേ അവളുടെ കണ്ണുകളിലേക്ക് ഇരുട്ടിന്‍റെ പടയിളക്കം പോലെ. ഈശ്വരാ.. ഇത്രപെട്ടെന്ന് സന്ധ്യയായോ... അല്ല.. എനിക്കെന്തു പറ്റി...ഞാന്‍...ഞാന്‍...വീഴുകയാണല്ലോ...അമ്മേ..! അവള്‍ ബാഗിന്റെ വള്ളിയില്‍ മുറുകെ പിടച്ചു. മറുകൈകൊണ്ട് ഒരു താങ്ങിനായ് പരതി. ഓടിയെത്തിയ ആരൊക്കെയോ പിറകില്‍ നിന്നും അവളെ താങ്ങിയെടുത്തു!.