Tuesday, April 8, 2014

ആം ആദ്മി

അടുക്കളയിൽ അവസാനത്തെ അടവും പയറ്റി  അവളുടെ യുദ്ധം വിജയത്തിലേക്കടുക്കുകയാണ്. രാവിലെ മുതൽ തന്നെ പറയാതെ പണി മുടക്കിയ വൈദ്യുതിയാണ് ഇന്ന് വില്ലനായിരിക്കുന്നത്. അടുക്കളയിലെ ഗജകേസരികളായ മിക്സിയും ഗ്രൈന്ററും സഹകരിചില്ലെങ്കിലും അവൾ പരാജയപ്പെടില്ല, പക്ഷെ ഗ്യാസ് കൂടി തീർന്നു പോയാൽ പിന്നെന്തു ചെയ്യും!.
 
ഇന്നത്തെ ദിവസം തന്നെ ഗ്യാസ് തീർന്നത് വല്ലാത്ത പ്രയാസമായി. അവളുടെ കണക്കു പ്രകാരം രണ്ടു ദിവസം കൂടി കഴിയേണ്ടതാണ്. എന്ത് പറ്റി എന്നറിയില്ല. വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ പാചക വാതക ദാരിദ്ര്യത്തിനെതിരെ വീട്ടമ്മമാരുടെ പ്രതിഷേധ വാർത്തകൾ കണ്ടിരുന്നു. പ്രതിഷേധിചിട്ട് എന്ത് കാര്യം, രാഷ്ട്രീയക്കാരും കുത്തക മുതലാളിമാരും ചേർന്ന് നാടിനെ നശിപ്പിച്ചിരിക്കുന്നു!. പത്രം മടക്കി അയാള് ദീർഘമായി നിശ്വസിച്ചു.
നിശ്ചലമായ സീലിംഗ് ഫാനിനു മുമ്പിൽ ആർത്തലച്ചു ചിരിച്ച കൊടും ചൂടിന്റെ ക്രൗര്യം തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നു. ഉരുകിയൊലിച്ച ശരീരത്തിനെ ആശ്വസിപ്പിക്കാൻ പാള വിശറികൊണ്ടുള്ള തന്റെ ശ്രമം പരാജയപ്പെട്ടു പോകുന്നല്ലോ!
അവളുടെ ഇളയമ്മയുടെ മകൻ ഇന്ന് വിദേശത്തേക്ക് പോവുകയാണ്. കുടുംബത്തിൽ നിന്നും ആദ്യത്തെ ഗൾഫുകാരൻ ഉണ്ടാകാൻ പോകുന്നു. പോകുന്ന നേരത്ത് നമ്മൾ അവിടെയില്ലെങ്കിൽ അവൻ വരുന്ന നേരത്ത് ചെന്നിട്ട് വലിയ കാര്യമൊന്നും ഉണ്ടാവില്ല, രാത്രിയിലത്തെ അവളുടെ പ്രസ്താവന ഉഷ്ണത്തിന്റെ കൂടെ നിഴലിച്ചു നിന്നു. സ്ത്രീകൾക്ക് അമ്പതല്ല, എഴുപത്തഞ്ചു ശതമാനം സംവരണം കൊടുക്കണം, അത്രക്കുണ്ട് ദീർഘർശനം!

അരക്കാനും അലക്കാനും എന്ന് വേണ്ട എല്ലാ കുതന്ത്രങ്ങൽക്കും യന്ത്രം കണ്ടുപിടിച്ചതാണ് ഇന്നിന്റെ ശാപം. യന്ത്രങ്ങൾ പണിമുടക്കുമ്പോൾ ജോലിയുടെ ഭാരം ഇരട്ടിയാകുന്നു. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ ഇടതു കൈ കൊണ്ട് അവൾ ഇടയ്ക്കിടെ തുടച്ചു കളയുന്നുണ്ട്.
 അവളുടെ വെപ്രാളങ്ങൾക്കിടെ തമാശ പറയാൻ താല്പര്യമില്ലാത്തത് കൊണ്ടല്ല   മിണ്ടിയാൽ ഉരുളക്കുപ്പേരി പോലെ മറുപടി വരും!. വെറുതെയെന്തിനാ ഒരൊഴിവ് ദിനമായി അവളെ വെറുപ്പിക്കുന്നത്!. അയാൾ കണ്ണുകൾ പത്രത്തിൽ കൊളുത്തിയിട്ടു.
"ആണുങ്ങൾക്ക് അല്ലെങ്കിലും ഒന്നും അറിയേണ്ടല്ലോ, വെറുതെ കസേരയിൽ ഇരുന്നു കൊടുത്താൽ മതി... രാവിലെ പോയതാണ് കറന്റ്... എന്താണെന്നു അന്വേഷിക്കുക പോലും ചെയ്തില്ല!"
 "ഒരു മാസം കഴിഞ്ഞു ഗ്യാസിനു വിളിച്ചു പറഞ്ഞിട്ട്...എന്ന് വിളിച്ചു ചോദിച്ചാലും എത്തീട്ടില്ല എന്ന ഒറ്റ മറുപടി മാത്രം!...നന്നാവില്ല, ഈ നാട് ഒരിക്കലും നന്നാവില്ല!

അവളുടെ പ്രാക്ക് വീടിന്റെയും ഗ്രാമത്തിന്റെയും പട്ടണത്തിന്റെയും അതിരുകൾ പിന്നിട്ടു പോയി, അധികാര കേന്ദ്രങ്ങളിലെ ദരിദ്രന്റെ ചോര കുടിക്കുന്ന രാഷ്ട്രീയക്കാരന്റെ കഴുത്തിനു ചുറ്റും വലയം ചെയ്യും എന്നയാൾ വെറുതെ ആശിച്ചു!
"ഇവിടെക്കിടന്നു ഉറങ്ങിക്കോ...നിങ്ങൾ വന്നില്ലെങ്കിലും ഞാൻ പോകും"
 
ഒരു മുദ്രാവാക്യം പോലെയുള്ള അവളുടെ ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്.. നിശബ്ദതയിൽ ചൂഴ്ന്നു നില്ക്കുന്ന സൂര്യതാപത്തോടൊപ്പം അവളുടെ വാക്കുകൾ ചുട്ടു പഴുത്തു. ശരീരത്തിൽ കിനിഞ്ഞിറങ്ങിയ വിയർപ്പു ചാലുകൾ ഉറക്കത്തിന്റെ ദൈർഘ്യം അയാളെ ഓർമ്മപ്പെടുത്തി. ഫാനിന്റെ അനക്കമില്ലായ്മയിൽ നിന്നും കറന്റ് വന്നിട്ടില്ലെന്ന് ബോധ്യമായി. പെട്ടെന്ന് ഭക്ഷണം കഴിച്ചു റെഡിയാകാം, അയാൾ എഴുന്നേറ്റു.
 
 ധൃതിയിൽ മുഖം കഴുകി ഭക്ഷണമേശക്കരികിലെത്തിയപ്പോഴാണ് പുറത്തു നിന്നും കോളിംഗ് ബെല്ൽ പതിയെ ചിലച്ചത്. ആരായിരിക്കും ഈ ഉച്ച നേരത്തെന്ന് ചാരിയിട്ട വാതിൽ തുറക്കവേ അയാൾ ചിന്തിച്ചു. പുറത്ത് തങ്ങി നിന്ന തണുത്ത കാറ്റിന്റെ നേർത്ത തലോടൽ അകത്തേക്ക് പ്രവേശിച്ചു. ഉമ്മറപ്പടി യോട് ചേർന്ന് വിയർപ്പിൽ കുതിർന്ന്‌ നാലഞ്ചു പേർ!
 
 
 കൂട്ടത്തിൽ മുന്നിലേക്ക്‌ കയറി നിന്നയാളെ ആദ്യമേ ശ്രദ്ധിച്ചിരുന്നു. തലയിലെ തൊപ്പിയിൽ രേഖപ്പെടുത്തിയ ആം ആദ്മി മുദ്ര!. കുഴിഞ്ഞ കണ്ണുകളും ദുർബലമായ ശരീരവും. ഒറ്റ നോട്ടത്തിൽ ഒരു സ്ഥനാര്ത്തിക്ക് വേണ്ട ഒരു യോഗ്യതയുമില്ലാത്ത ശരീരം!. ആകെയുള്ളത് തിളക്കമുള്ള കണ്ണുകൾ  മാത്രം!.
 
 
 ഇലക്ഷൻ നടക്കാൻ പോകുന്നു.  അതിന്റെ ആരവങ്ങളും പ്രചാരണങ്ങളും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ടിവിയിലെ കൊടിപ്പടകളിൽ മനം മടുത്ത് ഇപ്പോൾ അത് തീരെ തുറക്കാറില്ല. എങ്കിലും വോട്ടു ചോദിച്ച് ആദ്യമായി ആം ആദ്മി തന്നെ വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല.
“നിങ്ങളെവിടെ....ഭക്ഷണം കഴിച്ചു റെഡിയാവണ്ടേ...” അവളുടെ ശബ്ദം അകത്തു നിന്നും ഉച്ചത്തിൽ ഉയർന്നു.
 “രാവിലെ മുതൽ കറന്റുമില്ല..…പോരാഞ്ഞ്  ഗ്യാസും തീർന്നു,,, മനുഷ്യൻ പെടാപാട് പെട്ടാ ഇതൊക്കെ ഉണ്ടാക്കി തീർത്തത്..നിങ്ങൾ വേഗം കഴിച്ചേ… നമുക്ക് പോവെണ്ടേ?”
 
അടുക്കളയിലെ മിനുക്കു പണിയിൽ ബാക്കിയുണ്ടായിരുന്നതും തീർത്ത് കൈയിലൊരു ചൂലുമായി  അവൾ ധൃതിയിൽ ഉമ്മറത്തേക്ക്  വന്നു.  പുറത്തെ ആളുകളെ കണ്ടതും അല്പം ജാള്യതയോടെ കൈയിലെ  ചൂൽ അവൾ പിറകിലേക്ക് പിടിച്ചു! 
                   
 
“ചേച്ചി പറഞ്ഞതെല്ലാം ഞാനും കേട്ടു. നമ്മുടെ നാടിന്റെ ഈ ദുസ്ഥിതി മാറാൻ, സാധാരണക്കാരന്റെ ആശ്വാസത്തിന്നായ്, അവകാശങ്ങൽക്കായ്‌ നമുക്ക് പോരാടാം. ചേച്ചി പുറകിലേക്ക് പിടിച്ച ആ ചൂൽ മുന്നിലേക്ക് പിടിക്കൂ..അഴിമതി തുടച്ചു നീക്കാനുള്ള ആയുധം മറച്ചു പിടിക്കാനുള്ളതല്ല!” സ്ഥനാര്ത്ഥിയുടെ നിശ്ചയദാർഡ്യമുള്ള സ്വരത്തിൽ ഞങ്ങൾ തിരക്കുകൾ മറന്നു!
ചൂലുമായി വന്നതാണ് കുഴപ്പമായത്  എന്നാണു അവൾ ധരിച്ചതെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും  മനസ്സിലായി. ആം ആദ്മിയെപ്പറ്റി മനസ്സിലാക്കാത്തതിനാൽ അവരുടെ ചിഹ്നത്തെ പറ്റിയും അവൾ കേട്ടിരിക്കാൻ ഇടയില്ല. പത്ര വായനയിലും വാർത്തകളിലും അവളത്ര തല്പരയല്ല. സീരിയൽ കഥാപാത്രങ്ങൾ മാത്രമാണ് ചിരപരിചിതം!
 
വോട്ടു ചെയ്യണം എന്നപെക്ഷിച്ച് ആം ആദ്മിക്കാർ കടന്നു പോയി. എഴുതിയലൊടുങ്ങാത്തത്ര അക്കങ്ങളുടെ അഴിമതികഥകൾ കേട്ട് മടുത്ത ഈ   രാജ്യത്ത് ഒരു രാഷ്ട്രീയ ബദലാകാൻ ഈ പാവങ്ങൾക്ക് കഴിയുമോ എന്തോ. ചിന്തിച്ചു നില്ക്കുന്നതിനിടെ അയാളെ അവൾ അകത്തേക്ക് പിടിച്ചു വലിച്ചു.

 നിങ്ങളിങ്ങു വന്നെ...പോകണ്ടേ?

 
ഭക്ഷണ മേശക്കു മുമ്പിൽ അയാൾ വിമുഖനായി. വെറുതെ ഭക്ഷണപ്പാത്രത്തിൽ വിരലോടിച്ചു അയാൾ മനസ്സിനോട് സംവദിച്ചു കൊണ്ടിരുന്നു. ചോറും കറികളും വിരലുകൾക്ക് വഴങ്ങാത്ത പോലെ!. പാത്രത്തിൽ വെന്തിരിഞ്ഞു കിടക്കുന്ന വർഗ്ഗീയതയുടെ ഇരകൾ...വിലക്കയറ്റത്തിൽ കണ്ണ് തുറിക്കുന്ന സാധാരണക്കാർ..അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ അട്ടഹാസങ്ങൾ....
"പുറത്ത് ഇപ്പോൾ വന്നു പോയില്ലേ,,, "അയാൾ ഭാര്യയുടെ മുഖത്ത് നോക്കി ചോദിച്ചു.
 "ഉം..." അവൾ ചോദ്യഭാവത്തിൽ പതിയെ തലയാട്ടി.
"ഗാന്ധിയുടെ ആത്മാവാണത്, അഴിമതിയിൽ നിന്നും അക്രമത്തിൽ നിന്നും മുക്തിനേടിയ, പൂർണ്ണ സ്വരാജ് സ്വപ്നം കണ്ട നമ്മുടെ മഹാത്മാവിന്റെ ആത്മാവ്!”
*******
 

Thursday, April 25, 2013

ഓർമ്മകളിലെ പുസ്തകപ്പെട്ടി

അലുമിനിയത്തിന്റെ ഒരു പുസ്തകപ്പെട്ടി, അതായിരുന്നു അന്നത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം. സഹപാഠികളായ വലിയ വീട്ടിലെ കുട്ടികളുടെ കയ്യില് അലങ്കാരമായി അത് കാണുമ്പോള്  വെറുതെ നെടുവീര്പ്പിടും. 1982-83 കാലത്തെ ഒരു ഓര്മ്മയാണ്. തണ്ണീര്ക്കോട്* സീനിയര് ബേസിക് സ്കൂളില് മൂന്നാം ക്ലാസ്സില് പഠിക്കുന്ന സമയം. വാപ്പാടെ കൈയില് പൈസയില്ല എന്നെനിക്കറിയാം.  വല്ലപ്പോഴും കടന്നു വരുന്ന ബി. എം.  എസ് എന്ന ബസ്സിനു മുകളില് കച്ചവടക്കാർ കൊണ്ടു വരുന്ന ചരക്കുകള്  താഴെയിറക്കുക, സംഘടനയില്ലാത്ത ചുമട്ടു തൊഴിലാളി!.അതാണ്‌ ജോലി. പിന്നെ വല്ലപ്പോഴും  റേഷൻ കടയില് അരി തൂക്കി കൊടുക്കാന് നില്ക്കും. എന്താണ് അന്ന് കൂലി കിട്ടിയിരുന്നത് എന്നെനിക്കറിയില്ല. ചോദിക്കാനുള്ള അറിവില്ലാത്ത കാലം. പലപ്പോഴും ഉമ്മറത്തെ അരതിണ്ണയില് പുകച്ചുരുളുകള് ക്കിടയില് വാപ്പ അലിഞ്ഞിരിക്കുന്നത് കാണാം.

അടക്കാനാവാത്ത ആഗ്രഹത്തിനോടുവില്  മടിച്ചു മടിച്ചു ഞാന് എന്റെ ആവശ്യം ഉന്നയിച്ചു. ഏറെ ദിവസത്തെ നിര്ബന്ധത്തിനോടുവില് ഒരു ഉത്തരം വന്നു: ഇനി കൂറ്റനാട് പോകുമ്പോള്  വാങ്ങിത്തരാം. വളരെ വലിയ ആവശ്യങ്ങള്ക്ക് മാത്രമാണ് അടുത്തെ ചെറിയ പട്ടണമായ കൂറ്റനാട്ടെക്കു അന്ന് വാപ്പ പോവുക. പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങള് .. ഒരു ദിവസം എന്തോ ആവശ്യത്തിന്നായി വാപ്പ കൂറ്റനാട് പോയി. പോകുമ്പോള്  വീണ്ടും വീണ്ടും ഒര്മ്മപ്പെടുതിയിട്ടുണ്ടാവണം.  കൈയില് അലുമിനിയത്തിന്റെ പുസ്തകപ്പെട്ടിയുമായ്‌ വാപ്പ വരുന്നതും കാത്ത് ഞാന് നിന്നത് നല്ല ഓര്മ്മയുണ്ട്. ഒടുവില്, കാത്തു നില്പ്പിന്റെ ജിജ്ഞാസക്കൊടുവില് തണ്ണീര്കോട് ഉങ്ങിന്ച്ചുവട്ടില്*** ബി. എം. എസ് ബസ് വന്നു നിന്നു. വാപ്പ ഇറങ്ങി വന്നു, കൈയില് അലുമിനിയപ്പെട്ടി ഇല്ല, ഹൃദയത്തിലെ ഞെട്ടലിനോടുവില് പക്ഷെ ഞാൻ കണ്ടു; ഓറെനജ്‌ നിറത്തില്  മറ്റൊരു പെട്ടി!

പതിനെട്ടു രൂപയായി എന്ന് വാപ്പ പറഞ്ഞത് ഞാന് കേട്ടു. പരിമിതികളിലും എന്റെ ആവശ്യം നിറവേറ്റിയല്ലോ. ഞാന് എന്റെ പുസ്തകപ്പെട്ടിയെ നെഞ്ചോടു ചേർത്തു. പിറ്റേന്ന് സ്കൂള്  യാത്ര ഏറെ അഭിമാനകരമായിരുന്നു. കൂട്ടുകാര് എന്റെ പെട്ടിയെ തൊട്ടു നോക്കി, ചിലര് തുറന്നു നോക്കി, സന്തോഷത്തിന്റെ നിമിഷങ്ങള്... 

സേതുമാധവാന് സാറിന്റെ ക്ലാസ്സ്‌ കഴിഞ്ഞ നേരം, ബ്ലാക്ക്‌ ബോർഡ്‌ മായ്ക്കാന് നിര്ദ്ദേശിച്ചു സാറ് പോയി. പിടിവലി കൂടി ഡസ്റ്റര് തട്ടിയെടുത്ത കൂട്ടുകാരൻ  മജീദ്‌ ബോര്ഡു മായ്ക്കാന് തുടങ്ങിയിരുന്നു. ഉയരം കുറവായിരുന്ന അവന് ചാടി ബോര്ഡ്‌ മായ്ക്കാന് ശ്രമിച്ചതും നേരെ എന്റെ പെട്ടിയിന്മേല് ചവിട്ടിയതും പെട്ടെന്നായിരുന്നു. ബോഡിന് നേരെ താഴെയായിരുന്നു ഞാന് പെട്ടി വെച്ചിരുന്നത്. ഞാന് ഓടിച്ചെന്നു നോക്കുമ്പോള്  എന്റെ പ്രിയപ്പെട്ട പെട്ടിയുടെ കാത് ഉള്ളിലേക്ക് താഴ്ന്നുപോയിരിക്കുന്നു!. ഒരു ദിവസം പോലും തികയാതെ എന്റെ വലിയ സന്തോഷം ദുഷ്ടന് മജീദ്‌ നിമിഷം കൊണ്ട് ചവിട്ടിതാഴ്ത്തി!. ഞാന് കരഞ്ഞു, ക്ലാസ്സില് അടുത്ത പിരിയേഡിന്  വന്ന ടീച്ചര് [പേര് ഓര്ക്കുന്നില്ല] റഷീദിന് പൈസ കൊണ്ട് വന്നു കൊടുക്കണം എന്ന് മജീദിനോട്‌ നിര്ദ്ദേശിക്കുന്നത് കരച്ചിനിടയില് ഞാന് കേട്ടു. 

കാതു പൊട്ടിയ പെട്ടിയുമായ് ദുഖിച്ചിരിക്കുമ്പോള് ഉമ്മ പറഞ്ഞു; ഉങ്ങിന് ചോട്ടില് പ്ലാസ്റ്റിക്‌ ഒട്ടിക്കുന്ന ആള് വരും അപ്പോള്  നമുക്ക് നേരെയാക്കാം എന്ന്. ഓട്ട വന്ന പ്ലാസ്റ്റിക്‌ കുടങ്ങള്  ബക്കെറ്റ്കള്  എന്നിവ റീപ്പയർ ചെയ്യുന്ന പതിവുണ്ടായിരുന്നു അന്ന്. പ്ലാസ്റ്റിക്‌ കഷ്ണം ചൂടാക്കി ദ്വാരമുള്ള സ്ഥലത്ത് വെച്ച് അടക്കും-അതാണ്‌ റീപ്പയർ. അങ്ങിനെ കാത്തിരുന്ന ദിവസവും വന്നു. കുറച്ചു അഭംഗി വന്നെങ്കിലും കാതു നേരെയായി. പിന്നീട് വളരെക്കുറച്ച് ദിവസങ്ങൾ മാത്രമെ ആ പെട്ടി എനിക്കുപയോഗിക്കാന് സാധിച്ചുള്ളൂ, അപ്പോഴേക്കും അതിന്റെ പിടുത്തം പൂർണ്ണമായും പറിഞ്ഞു പോന്നു.  ടീച്ചര് പറഞ്ഞിട്ടും മജീദ് എനിക്ക് പൈസ തന്നില്ല.  തണ്ണീര്കൊട് നിന്നും കോട്ടപ്പാടതെക്കുള്ള** പറിച്ചു നടല് കഴിഞ്ഞ് പിന്നീടെപ്പോഴോക്കെയോ അവനെ  ഞാന് കണ്ടിരുന്നു. അവന്റെ വീട്ടില് എന്നേക്കാള്  പരാധീനത ആയിരുന്നിരിക്കണം, അതാണല്ലോ അവന് ഒരു പ്ലാസ്റ്റിക്‌ പെട്ടി പോലുമില്ലാതിരുന്നത്, ഞാന് സമാധാനിച്ചു.  എനിക്ക് നൊമ്പരം സമ്മാനിച്ച്‌ കൊണ്ട് ആ ഓറെനജ്‌ പെട്ടിയുടെ ഭാഗങ്ങള്   വീടിന്റെ ഇരുണ്ട  മൂലയിൽ വീണ്ടും കുറെ കാലം ഉണ്ടായിരുന്നു!.

*     A Village which located nearby Trithala, Palakkad Dist.
**   A Village which located nearby Trithala, Palakkad Dist.
*** Name of a bus stop