
എപ്പോഴുമെന്‍
കൂടെയുണ്ട്;
ഒരു നിഴല്‍ പോലെ!
ഉറക്കിലും
ഉണര്‍വിലും
നിനവിലുമെല്ലാം
ഒരു സുഹൃത്ത് പോലെ!
പൊന്നുമകനെ
പുറത്തിരുത്തി
ആന കളിക്കാന്‍
എനിക്കാവുന്നില്ലല്ലോ
എന്നതാണോ അത്?
പൊന്നുമകളുടെ
മുടിചീകി നല്കി,
പൌഡറിട്ട്
കവിളിലൊരു
മുത്തം നല്കാന്
ആയുസ്സ് ശേഷിക്കുമോയെന്ന
വീണ്ടുവിചാരമോ?
വാര്‍ദ്ധക്യത്തിന്റെ
ദുരിതത്തടവറയില്‍
ഏകാന്തതയുടെ
ചുഴിയിലുലയുന്ന
അച്ഛന്റെ ചാരത്ത്
ഒരു പകലെങ്കിലും
കൂട്ടിരിക്കാനെനിക്കാകുമോ
എന്ന ചിന്തയോ?
സ്വര്‍ണ്ണത്തിന്റെ വിലയും
പെങ്ങളുടെ വയസ്സും
അമ്മയുടെ ആകുലതയും
വളര്‍ന്നു വളര്ന്നെന്
നെഞ്ചിലെ ഭാരമാകുന്നതോ?
‘പുറത്ത് നല്ല മഴ,
മക്കളുറങ്ങിയിരിക്കുന്നു,
ഈ മുറിയില്‍
ഞാന്‍ മാത്രമുറങ്ങാതെ’
എന്നെന് പ്രിയയതമ
പറയുമ്പൊഴൊക്കെയും...
പെയ്തു തീര്‍ന്ന
മഴയെക്കുറിച്ചുള്ള
എന്നാത്മനൊമ്പരങ്ങളാണോ
ആ വ്യഥ?
ആരുമറിയാതെ
പിഴുതെടുത്ത
വെളുത്ത
താടി രോമത്തിനു
പകരമായ്
നരയുടെ
ചാകര സമ്മാനിച്ച
കാലമോ
അതോ പ്രവാസമോ
എന്‍ വ്യഥ??
******