Sunday, October 30, 2011

രാഷ്ട്രീയ ഭാഷ്യങ്ങള്‍.


അപ്പനെയായാലും
അപ്പൂപ്പനെയായാലും
ഞരമ്പുരോഗി,
കാമാഭ്രാന്തന്‍
തുടങ്ങിയ പദങ്ങള്‍ വിളിക്കാം.
മാപ്പ് പറഞ്ഞാല്‍ മതി.

മതപുരോഹിതനെ
നികൃഷ്ട ജീവിയെന്നും
ജഡ്ജിയേമാനെ
ശുംഭനെന്നും
സാഹിത്യകാരനെ  
കുരങ്ങെന്നും  വിളിക്കാം.
മാപ്പ് പറയണമെന്നില്ല.

മറുകണ്ടം ചാടിയവളെ
ഒരുത്തിയെന്നു പരത്തി വിളിക്കാം
ദുരുദ്ദേശമുന്ടെങ്കില്‍
പ്രശസ്തയെന്നു
ആന്ഗ്യത്തോടെ പറയാം!
പത്രക്കാര്‍ വളച്ചൊടിച്ചു
എന്ന് ശേഷം പറഞ്ഞാല്‍ മതി!

ജാതിപ്പേര് വിളിച്ചു
കീഴാളന്റെ
നെഞ്ചിന്‍കൂട് തകര്‍ക്കാം.
അപമാനിക്കപ്പെട്ടവളെ
പാതാളത്തില്‍ നിന്നും
ചവിട്ടിതാഴ്ത്താം!

മന്ത്രിയെയായാലും
മുന്മന്ത്രിയെയായാലും
പൊട്ടന്‍മാര്‍ എന്ന്
മൊത്തത്തില്‍ വിളിക്കാം.
നിയമസഭയിലെ
കളരിക്കളി കണ്ടാല്‍
ആ വിളി അത്ര പോര!

പോതുയോഗത്തിലെ
ബഹുജനങ്ങളെ നോക്കി
ഈ പദങ്ങള്‍ ഉരുവിടുന്നവര്‍
മിനിമം കയ്യില്‍ കരുതേണ്ടത്
ഇതൊക്കെയാണ്:
വക്കീല്‍ ഫീസ്‌, തൊലിക്കട്ടി...
*********************