Wednesday, April 20, 2011

കതിര്‍ മണ്ഡപങ്ങളെ നിങ്ങള്‍ വെറുതെ വിടുക!

വിവാഹ സുദിനത്തില്‍ സുഹൃത്തുക്കളുടെ പേക്കൂത്തുകള്‍ക്ക് ഇതാ രണ്ടു ഇരകള്‍ കൂടി!. വരന്റെ സുഹൃത്തുക്കള്‍ ആയതുകൊണ്ട് വരന്റെ മൌനസമ്മതത്തോടെയാണ് ഈ ഗുണ്ടായീസം എങ്കില്‍ ഇരയുടെ പട്ടികയില്‍ നിന്നും വരനെ ഒഴിവാക്കാം. സന്തോഷത്തോടെ ജീവിതം തുടങ്ങാനാഗ്രഹിച്ചവര്‍ മുല്ലപ്പൂക്കള്‍ വാടും മുമ്പേ പിരിഞ്ഞിരിക്കുന്നു. സുഹൃത്തിനു നന്മ നിറഞ്ഞ ആശംസകളും മധുരമുള്ള സമ്മാനങ്ങളും നല്‍കേണ്ടതിനു പകരം അവന്റെ ജീവിതം തന്നെ കോഞ്ഞാട്ടയാക്കി കൂട്ടുകാര്‍ മാതൃക കാണിച്ചു.

വരന്‍ താലി ചാര്‍ത്തും മുമ്പേ വരന്റെ കൂട്ടുകാര്‍ വധുവിന്റെ കഴുത്തിലണിയിച്ചത് "ഗുണ്ടാ ഹാരം!'' ഇവര്‍ കാട്ടിയ അവിവേകത്തിന് എന്തുണ്ട് പരിഹാരം?. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഇത്തരം വൃത്തികേടുകള്‍ മലപ്പുറം ജില്ലയിലേ ഇങ്ങേ അറ്റത്തേക്ക് എത്തിയെങ്കില്‍ അത്ഭുതപ്പെടനൊന്നും ഇല്ല. ചിലയിടങ്ങളിലെല്ലാം രക്ഷിതാക്കള്‍ക്ക് സംഘടിക്കേണ്ടി വന്നിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഇവ പലപ്പോഴും നിയന്ത്രണാതീമായി പോകുന്നു എന്ന്.

ജീവിതത്തിലെ എല്ലാ രംഗങ്ങളിലും തമാശകള്‍ നിര്‍ബന്ധമാക്കണം എന്നുണ്ടോ?. ഈ ക്രൂരതകള്‍ നിര്‍ത്തിയെ മതിയാവൂ. യുവത്വവും കൂടെ ലഹരിയും '' ഒവറാകുമ്പോള്‍ '' തകരുന്നത് സ്വന്തം മക്കളുടെ ജീവിതമാണ്‌ എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുക. ഇത്തരം രംഗങ്ങളില്‍ നിഷ്ക്രിയമാകാതെ ഇടപെടാന്‍ സമൂഹത്തിനും ബാദ്ധ്യതയുണ്ട്. പ്രായപൂര്‍ത്തിയാകുന്ന ഓരോ മനുഷ്യനും കാത്തിരിക്കുന്ന വിവാഹമെന്ന സ്വപ്നം ചില വിക്രിയകള്‍ കൊണ്ട് നീര്‍കുമിളയായി പോകുന്നത് കഷ്ടം തന്നെയല്ലേ!. ബെഡിനടിയില്‍ ബലൂണ്‍ വെച്ചും ഒരുപാട് അലാറം ഒരുമിച്ചടിപ്പിച്ചും പോലെയുള്ള ലളിത കുസൃതികള്‍ വേണമെങ്കില്‍ ആകാവുന്നതാണ് എന്ന് എനിക്കു തോന്നുന്നു. അതിനപ്പുറതെക്കുള്ളതെല്ലാം ചിലപ്പോള്‍ സുഹൃത്ത് നാളെ ശത്രുവായി മാറാന്‍ കാരണമായേക്കാം!

വരന്റെ വീട്ടുമുറ്റത്ത്‌ വെച്ച് വധുവിനെക്കൊണ്ട് വരന്റെ ചങ്ങാതിമാര്‍ [?] തേങ്ങ പൊളിപ്പിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് അടുത്തകാലത്ത് കാണാനിടയായി. ആ മലബാര്‍ മുസ്ലിം പെണ്‍കുട്ടിയുടെ സംഭ്രമം വീഡിയോ ഫ്രെയ്മില്‍ ഒതുങ്ങുന്നതായിരുന്നില്ല. ഒന്ന് സഹായിക്കാന്‍ ഒരു സ്ത്രീ പോലും അടുത്തേക്ക് ചെല്ലുന്നില്ല!. കുറെപേര്‍ ചുറ്റിലും നിന്ന് ഇതെല്ലം മൊബൈലിലും, ക്യാമറയിലും പകര്‍ത്തുന്നു. ഇതെല്ലാം നിര്‍ത്താരായിരിക്കുന്നു. സാംസ്‌കാരിക കേരളം, ദൈവത്തിന്റെ സ്വന്തം നാട്, സാക്ഷര കേരളം എന്നീ ചില വിശേഷണങ്ങള് നമ്മുടെ നാടിന് സ്വന്തമായുണ്ട് എന്ന് യുവാക്കളെ... ഇനിയെങ്കിലും നിങ്ങള്‍ പഠിക്കുക. അതിനു 'മദ്യ കേരളം' എന്ന പൊന്‍ ലേബല്‍ അണിഞ്ഞു നടക്കാനാണല്ലോ ഇപ്പോള്‍ യുവതയ്ക്ക് താല്‍പ്പര്യം അല്ലെ!


*********************************************************

Thursday, April 14, 2011

തിരഞ്ഞെടുപ്പു ദിനത്തിലെ രക്തസാക്ഷികള്‍.


എല്ലാ തവണത്തെയും പോലെ ഇത്തവണയും പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചിരിക്കുന്നു!. ഏഴുപേരാണ് പതിമൂന്നാം മന്ത്രിസഭയ്ക്ക് വേണ്ടിയുള്ള ഈ തിരഞ്ഞെടുപ്പു ദിനത്തില്‍ മരിച്ചു വീണത്‌. എന്താണ് ഇതിനു കാരണം?. മരണം മനുഷ്യനെ ഏതു സമയവും പിടികൂടാം. അതിന് സ്ഥലകാല പരിധികള്‍ നമുക്ക് നിര്‍വചിച്ചു നല്‍കാനാകില്ല എന്നത് ശരി തന്നെ. എന്നിരുന്നാലും തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ മനുഷ്യരില്‍ മാനസിക സമ്മര്‍ദ്ദം ക്രമാതീതമായി ഉണ്ടാക്കുന്നു എന്ന ഒരു ചിന്തക്ക് പ്രസക്തിയില്ലെ?. തീര്‍ച്ചയായും ഉണ്ട്. തങ്ങളെ ഭരിക്കാനുള്ള ഒരു ഭരണകൂടത്തെയോ നേതാക്കളെയോ തിരഞ്ഞെടുക്കുക എന്നതിനപ്പുറത്തേക്ക് പ്രവര്‍ത്തകരുടെയും വോട്ടര്‍മാരുടെയും വീറും വാശിയും കടന്നുപോകുന്നു. വിജയം ഉറപ്പാക്കാന്‍ അവസാനത്തെ വോട്ടും പെട്ടിയില്‍ വീഴണം. പ്രായാധിക്യവും, രോഗവും മൂലം പ്രയാസപ്പെടുന്നവരെ പോലും പ്രവര്‍ത്തകര്‍ ഒഴിവാക്കാത്തത് അതു കൊണ്ടാണ്. സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള അമിതപ്രയത്നങ്ങളും പ്രതീക്ഷകളും വോട്ടു ചെയ്യുന്നതിനെപ്പറ്റിയുള്ള ഉത്കണ്ഠകളും വോട്ടര്‍മാരെ അലട്ടിയേക്കാം. പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും ചെലുത്തി ശാരീരിക ബുദ്ധിമുട്ടുള്ളവരെ ബൂത്തിലെത്തിക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് അവരുടെ വോട്ടുകള്‍ കുറഞ്ഞത് കൊണ്ട് നമുക്ക് ഒരു ഭരണകൂടം നഷ്ടപ്പെടുകയില്ല എന്ന യാഥാര്‍ത്ഥ്യമാണ്. ഏതു രാഷ്ട്രീയ പാര്‍ടി അധികാരത്തില്‍ വന്നാലും നമ്മുടെ കേരളം ഇതുവരെ കണ്ടതില്‍ അപ്പുറത്തേക്കൊന്നും പോകാനിടയില്ല.

______________________________________________________