സംസാരിച്ചു തുടങ്ങുമ്പോഴേക്കും കരഞ്ഞു തുടങ്ങുന്ന ദുര്‍ബലയായ ഒരു പാവം സ്ത്രീ. അതായിരുന്നു മാളുകുട്ടി താത്ത. ദാരിദ്ര്യവും രോഗവും അവരുടെ മുഖത്ത് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു!. വഴിയോരങ്ങളില്‍ ഒരു നിഴല്‍ പോലെ പലപ്പോഴും അവരെ കാണാം; റേഷന്‍ കടയിലെക്കോ അല്ലെങ്കില്‍ ജോലി സ്ഥലത്തേക്കോ ഉള്ള യാത്രയില്‍. ചിലയാളുകള്‍ ജീവിതത്തിലുടനീളം കരയാന്‍ വിധിക്കപ്പെട്ടവരാണ്. അവരുടെ വിധി എന്ന് നാം അതിനെ വിളിക്കും. സമൂഹത്തില്‍ അത്യാര്ഭാടതോടെയും സുഭിക്ഷതയോടെയും ജീവിക്കുന്നവര്‍ക്ക് ദൈന്യതയുടെ ചില അടയാളങ്ങള്‍ ദൈവം മറ്റുള്ളവരിലൂടെ നിലനിര്‍ത്തുന്നു. അവരുടെ കണ്ണുനീരിനിടയില്‍ നമ്മുടെയൊക്കെ ആഹ്ലാദങ്ങള്‍ വിലയിരുത്താന്‍ വേണ്ടി. വല്ലവരും കൈ അയച്ചു കൊടുത്തിരുന്ന സഹായങ്ങള്‍ മകന് വലുതായപ്പോഴും ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. എങ്കിലും....ഒരിക്കലും എനിക്കു എന്തെങ്കിലും തരണം എന്ന് അവര്‍ പറഞ്ഞതും ഞാന്‍ കേട്ടിട്ടില്ല.
പുതുതലമുറയിലെ പലരെയും എനിക്കറിയില്ല, അറിയുന്ന പലരും നാട്ടിലെത്തുമ്പോള്‍ കണ്ട ഭാവവും കാണിക്കാറില്ല. എന്നെ അറിയുന്നവരില്‍ പലരും എന്റെ ഗ്രാമ വീഥികളില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനി ഈ മണല്പരപ്പില് നിന്നും എന്നാണ് എന്റെ തിരിച്ചുപോക്ക് ഉണ്ടാവുക?. ഗ്രാമത്തിന്റെ ഭംഗിയോ, നിര്‍മ്മലതയോ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതുണ്ടാവില്ല എന്നുറപ്പാണ്. വഴിയിലെക്കിറങ്ങുമ്പോള്‍ മുഖത്ത് നോക്കി പരിചയത്തോടെ പുഞ്ചിരിക്കുന്ന കുറച്ചു മുഖങ്ങള്‍. അത്രെയെങ്കിലും ഉണ്ടാവുമായിരിക്കും അല്ലെ?