സായാഹ്നത്തിലെ ഇളം തണുപ്പും അസ്തമയ സൂര്യന്റെ പൊന്കിരണങ്ങളും എന്നെ ഗ്രാമ ഭംഗിയിലേക്കു തിരിച്ചുവിളിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇവിടെ, അബുദാബിയുടെ ഈ സ്വപ്ന തീരത്താണെന്നു മനസ്സിനോടു പതുക്കെ പറഞ്ഞു കൊണ്ടിരുന്നു. മനസ്സു പലപ്പോഴും കുസൃതിക്കാരിയായ എന്റെ മോളെപ്പോലെയാകുന്നു. ചിണുങ്ങിയും പിണങ്ങിയും പിന്നെയും മഞ്ഞുതിര്‍ന്നു വീഴുന്ന ആ പുലര്‍കാല ഗ്രാമ നിഷ്കളങ്കതയിലേക്ക് എന്നെ പിടിച്ചു വലിക്കുന്നു
വൈകുന്നേരങ്ങളിലെ ഒഴിവ് സമയം ഈ കോര്‍ണിഷില്‍ ചിലവഴിക്കാന്‍ സുഹൃത്ത് ഉപദേശിച്ചതാണ്. നാലു ചുവരുകള്‍ക്കുള്ളില്‍ ടി.വി. കാഴ്ചവെക്കുന്ന ചാനല്‍ പൂരങ്ങള്‍ കഴിഞ്ഞ ഏഴു വര്‍ഷമായി അസ്വസ്ഥതതകളുടെ ഒരു കടല്‍ തന്നെ നെഞ്ചിലോരുക്കിതന്നു. പ്രവാസി ആരോടും പരിഭവമില്ലാത്തവനാകുന്നതാണ് നല്ലത്. പകലും രാവും നല്കുന്ന ദുഖങ്ങളെ മനസ്സിലൊതുക്കി വെക്കുക. ആര്‍ക്കും ചേതമില്ലാത്ത കാര്യം. പിന്നീടെപ്പോഴെങ്കിലും ഇതുപോലുള്ള വൈകുന്നേരങ്ങളില്‍ കാറ്റിനോടോ കടലിനോടോ ആ കദനം പങ്കുവയ്ക്കുക.
പറയാന്‍ വന്നത് ഇതാണ്: കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ മുഖം ഒന്നോര്‍ത്തുനോക്കൂ. ബാല്യം കളിയുടെ ലോകമായതിനാല്‍ കളിപ്പാട്ടം അവരെ സംബന്ധിച്ച് രാവും പകലുമാണ്. കോര്‍ണിഷിലൂടെയുള്ള പതിവു യാത്രക്കിടയിലാണ് ജോണിനെയും അവന്റെ ഡാഡിയെയും കാണുന്നത്. ചെറിയ ഒരു പന്തുമായി കോര്‍ണിഷിലെ അരണ്ട നിയോണ്‍ വെളിച്ചത്തിനു താഴെ കളിക്കുകയായിരുന്നു അവര്‍ രണ്ടു പേരും. പന്തിനൊപ്പം പായുന്ന ജോണിനെ അവന്റെ ഡാഡി ഉത്സാഹത്തോടെ നോക്കിനില്ക്കുന്നു. ഇടക്ക് അവനെ സഹായിക്കുന്നു. ഇളം കാറ്റില്‍ മെല്ലെ ഇളകുന്ന അവന്റെ തലമുടിയും നിഷ്കളങ്കമായ മുഖവും എന്റെ മനസ്സില്‍ ഞാനറിയാതെ ഒരു സാന്ത്വനമാവുന്നു. അതുകൊണ്ടാവും ഞാനറിയാതെതന്നെ അവരോടൊപ്പം കളിച്ചുതുടങ്ങിയത്.
കുട്ടികളോടൊപ്പമുള്ള വിനോദം എത്ര ഹൃദ്യമാണ്. മക്കള്‍ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അധികമുണ്ടാകില്ല പ്രവാസിക്ക്. കഴിഞ്ഞ തവണത്തെ അവധിക്കലത്തെപ്പോഴോ മോളുടെ കഴുത്തില്‍ ഉമ്മവെച്ചു ഇക്കിളിപ്പെടുത്തിയിരുന്നു ഞാന്‍. തിരിച്ചുപോന്നു ദിനങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ അവള് ഉമ്മാട് ആവശ്യപ്പെട്ടത്രേ; ഉപ്പ നല്‍കിയത് പോലെ കഴുത്തില്‍ ഒരു ചുംബനം വേണമെന്ന്. ഭാര്യയത് ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ നെഞ്ചു പിടച്ചുപോയി. ബാല്യത്തില്‍ അവള് പിതാവിന്റെ സ്നേഹവായ്പ് ആഗ്രഹിക്കുന്നുവല്ലോ...!
ഞങ്ങള്‍ കളി തുടരുകയാണ്. ഞാന്‍ കൂടി ചേര്‍ന്നപ്പോള്‍ കളിക്കാനുള്ള അവരുടെ ആവേശം കൂടിയിരിക്കുന്നു.. ഞാനാകട്ടെ, കക്കാട്ടിരി യു.പി. സ്കൂളിലെ പഴയ അഞ്ചാം ക്ലാസ്സുകാരനകുന്നു. കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന കോട്ടപ്പാടത്തെ നെല്പാടം. ഉമ്മയുടെ ആവര്‍ത്തിച്ചുള്ള വിളികള്‍ക്ക് ഉത്തരം നല്‍കാതെ പുസ്തക കെട്ടുകള്‍ മുറിയുടെ മൂലയിലേക്കു വലിച്ചെറിഞ്ഞ് ഒരോട്ടമാണ്. കൂടുതേടി തിരിച്ചു പറക്കുന്ന പറവകള്‍ക്കു അസ്തമയ സൂര്യന് കറുപ്പു നിറം നല്‍കുമ്പോഴാണ് പാടത്തു നിന്നും മടങ്ങുക.
ഒരുവേള, ചിന്തയില്‍ നിന്നും തിരിച്ചെത്തിയ നിമിഷം. അപ്രതീക്ഷിതമായാണ് അതു സംഭവിച്ചത്. ഞാന്‍ തട്ടിക്കൊടുത്ത പന്ത് ജോണിനു തടുക്കാന്‍ കഴിഞ്ഞില്ല. പന്ത് പതുക്കെ ഉരുണ്ട് ഇരുമ്പു ഗ്രില്ലിനിടയിലൂടെ കടലിലേക്കു വീണു. ഞങ്ങള്‍ക്കതു ശ്വാസമടക്കി നോക്കിനില്കാനെ സാധിച്ചുള്ളു. ഞാന്‍ പിന്നീട് കാണുന്നത് മുഖം വാടുന്ന ജോണിനെയാണ്. അവന് ഡാഡിയെ ചേര്‍ത്തുപിടിച്ച് കടലിലേക്കു എത്തിനോക്കുന്നു. അവര്‍ ആദ്യമായാണ് കോര്‍ണിഷില്‍ വന്നതെന്നും ബോള്‍ അന്നുരാവിലെ വാങ്ങിയതാണെന്നും കൂടി കേട്ടതോടെ ഞാന്‍ കൂടുതല്‍ അസ്വസ്ഥനായി. അങ്കിള്‍ മറ്റൊന്ന് വാങ്ങിത്തരാം എന്നവനെ ആശ്വസിപ്പിക്കുംബോഴും പന്ത് നഷ്ടമായത് വിശ്വസിക്കാനകാതെ നില്‍ക്കുകയായിരുന്നു ജോണ്‍.
അല്പം ജാള്യതയോടെ തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു. മനുഷ്യന്റെ സുഖങ്ങളുടെയും സന്തോഷങ്ങളുടെയും മീതെ എത്ര പെട്ടെന്നാണ് ദുഖത്തിന്റെ കരിനിഴല്‍ വീഴുന്നത്. കളിപ്പാട്ടം നഷ്ടമായ ജോണിന്റെ ദുഃഖം അതില്‍ ഏറ്റവും ചെറുതും അവനെ സംബന്ധിച്ച് വലുതുമാണ്. ഞാന്‍ വിചാരിക്കുന്നത് പ്രവാസം പലര്‍ക്കും ഒരു കരിനിഴലാണെന്ന് തന്നെയാണ്. യന്ത്രങ്ങളില്‍ നിന്നും മനുഷ്യനെ വ്യതിരിക്തനാക്കുന്നത് വൈകാരികതയാണല്ലോ. കുടുംബത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ നുകരനകാതെ യാന്ത്രിക ജീവിതം നയിച്ച് ഒടുവില്‍ ജോണിന്റെ കളിപ്പന്തുപോലെ നിമിഷ സുഖം നല്കി കടലിലെ അഗാധതയിലേക്കെന്ന പോലെ ഒഴുകിയകലുന്ന എത്ര ജീവിതങ്ങള്‍.....!
പിന്നീടുള്ള ദിനങ്ങളില്‍ ജോണിനെ ഈ കടലോരത്ത് തിരഞ്ഞെങ്കിലും കാണാനായില്ല. നിരവധി സന്ദര്‍ശകരുള്ള തീരത്ത് മുഖങ്ങള്‍ മാറിമാറി ശ്രദ്ധിക്കുമ്പോള്‍ ഞാന്‍ വിചാരിക്കും ഒരിക്കല്‍ കൂടി അവരെ കണ്ടിരുന്നെങ്കില്‍ എന്ന്. അന്നവരില്‍ നിന്നും ഫോണ്‍ നമ്പരും വാങ്ങിയിരുന്നില്ലല്ലോ....!
4 comments:
ചിലതൊക്കെ നേടാന്‍ നാം നഷ്ടപ്പെടുത്തുന്നത്
ഒരിക്കലും തിരികെ പിടിച്ചെടുക്കാന്‍ കിട്ടാത്തവയാണ്..
'കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ മുഖം' പലപ്പോഴും
എല്ലാമുഖങ്ങളിലും എന്നെങ്കിലും ഒക്കെ മിന്നുന്നു ...
കൊച്ചു കൊച്ചൂ സങ്കടങ്ങള്‍ മനസ്സില്‍ തട്ടും പോലെ പറഞ്ഞു ..
good
നന്നായി
Great story , keep writing
Post a Comment