Sunday, December 3, 2017

കഥ - ശാന്തി തീരത്തെ അവസാന കാഴ്ചവട്ടങ്ങൾ

ഒരു വെള്ളിനക്ഷത്രം. അത് മിഴികളിൽ നിന്നും ആകാശത്തിന്റെ അനന്ത വിദൂരതയിലേക്ക് അതിവേഗതയിൽ അകന്നു പോകുന്ന ദൃശ്യമാണ് ഈ രാത്രിയിലെ  അവസാനത്തെ കാഴ്ച്ച. ഒരു പക്ഷെ നാളത്തെ രാത്രിയിൽ ഇതിനേക്കാൾ മനോഹരമായൊരു കാഴ്ച ഈ മുറ്റത്തു നിന്നാൽ കണ്ടേക്കാം. എന്നാൽ അതിന് ഇനിയവസരമുണ്ടാകാൻ ഒരു വർഷം കൂടി കാത്തിരിക്കണം. ഇന്നത്തോടെ ലീവ് അവസാനിക്കുകയാണ്.

തുരുമ്പിച്ച കാറ്റിന്റെ നേർപാളികളിൽ വീണുടഞ്ഞ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട്, വീടിനു ചുറ്റും  ചീവീടുകളുടെ വാദ്യകോലാഹലങ്ങൾ.  പുറത്തെ വാതിലടച്ചതോടെ ആ അലോസര ശബ്ദങ്ങൾ ഇരുട്ടിൽ മരിച്ചു വീണു.

പെട്ടികളിൽ തുണികൾ ഓരോന്നായി അടുക്കി വെക്കുമ്പോഴും അവളുടെ മുഖം കനത്തു തൂങ്ങി നിന്നു. കൺപോളകളിൽ ഇനിയും കുറെ പറയാനുള്ള എന്തൊക്കെയോ ഉണ്ടെങ്കിലും അടക്കിപ്പിടിക്കുന്നതിന്റെ നിശ്വാസങ്ങൾ അടർന്നു വീഴുന്നുണ്ട്. പറയാൻ തുടങ്ങി, പക്ഷെ ശബദം തൊണ്ടയിലുടക്കി പിന്നെയൊന്ന് ചുമച്ചാണ് അവൾ ശ്രദ്ധ ക്ഷണിച്ചത്. ഉയത്തിക്കാട്ടിയത് ഉമിക്കരിയാണ്. പെട്ടിയിൽ വെക്കുന്നുണ്ട് എന്നാണ് ആംഗ്യം.  പല്ല് നന്നായി അമർത്തി തേക്കാഞ്ഞതിനാലാണ്  മഞ്ഞനിറമാവുന്നത്  എന്നതാണ് അവൾ കണ്ടെത്തിയിരിക്കുന്നത്. ബ്രഷ് കൊണ്ട് അമർത്തിയാൽ ചോരവരും. അതുകൊണ്ടാണ് ഉമിക്കരി.

‘ഉമ്മ കൊണ്ട് വന്നതാണ് പെട്ടിയിൽ വെക്കട്ടെ’ എന്ന ചോദ്യം കൊണ്ട് ഉദ്ദേശിച്ചത് അച്ചാർ കുപ്പിയാണ്; നാരങ്ങാ അച്ചാർ.  തന്റെ നോട്ടത്തിന്റെ തീവ്രത കണ്ടത് കൊണ്ടാവണം ‘എന്നാൽ വേണ്ട’ എന്ന അടിക്കുറിപ്പോടെ അവൾ തന്നെ അത് മാറ്റി വെച്ചു. അസിഡിറ്റി കൂടിയിരിക്കുന്നു. എൻഡോസ്കോപ്പി ചെയ്തിട്ട് രണ്ടു മാസം ആയിട്ടില്ല. ആമാശയത്തിലെ ചുവന്ന പുള്ളികൾ അൾസർ വരാനുള്ള തുടക്കമാണ്. രണ്ടുമാസം കൊണ്ട് തിന്നു തീർത്ത മെഡിസിനിന് ഒരു കയ്യും കണക്കുമില്ല. മസാല കൂട്ടുകൾ കുറക്കണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം. അതും അവൾക്കറിയാം. എന്നാലും ചോദിക്കും അച്ചാർ വേണോന്ന്!.

വേണ്ടെങ്കി വേണ്ട ഉമ്മ കൊടുന്നപ്പോൾ വേണ്ടാന്ന് പറഞ്ഞില്ല ഞങ്ങൾ കഴിച്ചോളാം....’

ഓർക്കുകയാണ്; ഇത്ര ദുർബലയായ ഇവൾ എങ്ങിനെയാണ് ഈ മൂന്നു മക്കളെയും കൊണ്ട് ഇവിടെ കഴിഞ്ഞു കൂടുന്നത് എന്ന് ! നിർബന്ധിതാവസ്ഥയുടെ ഒഴുക്കിൽ നീന്താൻ അവൾ പഠിച്ചിരിക്കുന്നു. ഒരു മാസത്തെ ലീവ് എന്നത് തീരുമ്പോഴേക്കും താൻ തന്നെ  എത്രയെത്ര പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുന്നു. അവൾക്കതൊന്നും ഇപ്പോഴൊരു  പ്രശ്നമല്ല, പക്ഷെ തന്റെ യാത്രയാണ്, നീണ്ടു പോകുന്ന ജീവിതത്തെക്കുറിച്ചുള്ള വ്യാകുലതകളാണ് അവളുടെ കവിൾത്തടങ്ങളിൽ നീർച്ചാലുകൾ തീർക്കുന്നത്.

വയസ്സ് കൂടി വരുന്നു. ഈ പോക്കും വരവും മാത്രം, ഒരുമിച്ച് നിൽക്കാൻ കഴിയാതെ എത്ര നാൾ?, എന്തിനാ ഇങ്ങിനെ? പതിവ് ചോദ്യങ്ങളാണ്. പക്ഷെ ഇപ്പോൾ വല്ലാത്ത മാർദ്ദവം!. അവളുടെ ഹൃദയത്തിൽ നിന്നും  വേദനയുടെ അലകൾ കേൾക്കാം. അത് പതുക്കെ തന്റെ ഹൃദയവും ഏറ്റെടുക്കുന്നത് അറിയുന്നുണ്ട്. പതിയെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച്  പുറത്തു പതുക്കെ  തടവികൊടുത്തപ്പോൾ അവൾ ചുമലിൽ  തലചായ്ച്ചു. അകവും പുറവും പൊള്ളുന്നുണ്ട് അവൾക്ക്. ചുമലിലേക്കിറ്റു വീണ ജാലകണികകൾ അതാണ് പറയുന്നത്.

കരച്ചിൽ ഇതോടു തീരണം. നാളെ എന്നെ യാത്രയാകുമ്പോൾ ഈ കണ്ണുകൾ നിറയരുത്. അവളുടെ കാതിൽ  മന്ത്രിച്ചു. ആദ്യയാത്രയുടെ അനുഭവത്തിൽ നിന്നാണ് ഈ തീരുമാനം. അവൾ കരഞ്ഞാൽ പിന്നെ തന്റെയീ  കാലുകൾ ചലിക്കില്ല. കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങും. കുടുംബക്കാരോട്  യാത്ര ചോദിക്കാനാവാതെ വാക്കുകൾ ദുർബലമാകും.  

ബെഡിൽ മക്കൾ മൂന്നുപേരും ചേർന്ന് കിടക്കുന്നുണ്ട്. ഉപ്പാടെ കൂടെ കിടക്കണം എന്ന് വാശിപിടിച്ചതാണ്. ഞങ്ങൾ വന്നോളാം എന്ന് പറഞ്ഞു. പക്ഷെ.. പാക്കിങ് തീർന്നില്ല, അവസാനത്തെ ഒരുക്കങ്ങളും!.  അതുകൊണ്ട് ഈ വർഷത്തെ അവരുടെ അവസാനത്തെ ആഗ്രഹം നടന്നില്ല.

മഞ്ഞിൻ തണുപ്പിൽ രാവ് മൂടിപ്പുതച്ചു കിടന്നുറങ്ങിയത് കൊണ്ടാവാം പുലർക്കാലത്തിനു ഉണരാൻ വല്ലാത്ത മടിപോലെ. ഇലത്താലുകളിൽ തുളവീഴ്ത്തി സൂര്യ കിരണങ്ങൾ വീടിനെ തൊടാൻ വെമ്പൽ കൊണ്ടു. കിഴക്കു ദിക്കിലെ കുന്നിൻ ചെരുവിലൂടെ ഇളം വെയിലിനോട് കൂട്ടുകൂടി  കടന്നു വന്ന കാറ്റ് ലോഹ്യം പറഞ്ഞു പോയത് പോലെ!. ഇന്ന് യാത്രയല്ലേ, എല്ലാം തോന്നുന്നതാകും. പാടത്തെ പരന്ന വെയിൽ വഴികളിൽ ഒച്ചവെക്കുന്ന കിളിക്കൂട്ടങ്ങൾ ഇനി കാഴചയുടെ ഓർമ്മകളിൽ ചാരുതയോടെ കിടക്കും.

ഉച്ചക്ക് ഇറങ്ങും... അഞ്ചു മണിക്കാണ് ഫ്ലൈറ്റ്, ആ.. അതെ നെടുമ്പാശ്ശേരിന്നാണ്.....

യാത്ര അയക്കാനായി വരുന്ന അതിഥികൾക്കുള്ള നെയ്‌ച്ചോറിന്റെ തിരക്കിലാണ് ബീവി. അതിനിടയിൽ   കുടുംബക്കാരാരോ വിളിച്ചന്വേഷിച്ചതിനുള്ള മറുപടി പറയുകയാണ്   അവൾ.  ദുഃഖങ്ങൾ മറന്നിരിക്കുന്നു എന്നു തോന്നും അവളുടെ മുഖം കണ്ടാൽ. എന്റെ യാത്ര എളുപ്പമാകണം അതാണവളുടെ ഇപ്പോഴത്തെ ലക്ഷ്യം.   സവാളയുടെയും നെയ്യിന്റെയും കൊതിയൂറുന്ന മണം അടുക്കളെയെ വലയം ചെയ്തിരിക്കുന്നു. ഒരുക്കക്കങ്ങളും തിടുക്കങ്ങളും കണ്ടു  കൊണ്ടാവണം അടുക്കളെയെ ചുറ്റിപ്പറ്റി കാക്കകൾ പറന്നു നടക്കുന്നു. അവർക്കറിയാം ഇന്ന് ഈ വീട്ടുകാരൻ യാത്രപോവുന്ന കാര്യം. കാരണം അവരും എന്റെ അയൽക്കാരാണ്.

അയൽക്കാരുടെ കാര്യമോർത്തപ്പോഴാണ് വാസുവേട്ടനെ കണ്ടില്ലല്ലോ എന്നോർമ്മ വന്നത്. പുള്ളിക്കാരൻ രാവിലെ തന്നെ പണിക്കു പോകും. ഇപ്പോൾ കണ്ടില്ലെങ്കിൽ പിന്നെ പറയാൻ കഴിയില്ല. വസന്ത ചേച്ചിയോട് പറഞ്ഞു പോകേണ്ടി വരും. വേലിവരെ ചെന്ന് എത്തി നോക്കി, ഉറക്കെ വിളിച്ചു. വാസുവേട്ടൻ ചിരിച്ചു കൊണ്ടാണ് വരുന്നത്. അദ്ദേഹം എപ്പോഴും അങ്ങിനെയാണ്.

ഞാൻ ഉച്ചക്ക് ഇറങ്ങും... വീട്ടിലേക്ക് ഒരു ശ്രദ്ധ വേണം...

എല്ലാ തവണയും പറയാറുള്ളതാണ്. അല്ലെങ്കിൽ തന്നെ പറയേണ്ട കാര്യമൊന്നുമില്ല. അവരാണല്ലോ തന്റെ വീടിനെ എപ്പോഴും കണ്ടു കൊണ്ടിരിക്കുന്നവർ. അവരെയാണല്ലോ എന്റെ കുടുംബത്തെ ഞാൻ ഏൽപ്പിച്ചു പോകാറുള്ളത്. അതൊരു സൗഭാഗ്യം തന്നെയാണ്. ഈ ശാന്തിതീരം മനോഹരമാകുന്നത് ഇത്തരം അയല്പക്കങ്ങളാണ്. വാസുവേട്ടൻ പോയിട്ടും ഏതാനും നിമിഷങ്ങൾ ഞാൻ അവിടെത്തന്നെ നിന്നു. അതിരുകൾ കെട്ടാത്ത മനുഷ്യ സ്നേഹമാണ് സ്വസ്ഥതയുടെ വിളനിലങ്ങളാകുന്നത്. അവിടെയാണ് മനോഹരങ്ങളായ ശാന്തി തീരങ്ങളുണ്ടാകുന്നത്.

പൊന്നൂസ് ഉപ്പാനെ ചോദിച്ചു അടുക്കളയിൽ എത്തിയിരിക്കുന്നു. ഉറക്കച്ചടവിൽ കണ്ണുകൾ തിരുമ്മി അവൾ ചിണുങ്ങി. ഇനി കുടിക്കാനുള്ളത് കിട്ടണം. രണ്ടു വയസ്സാവാൻ കാത്തിരിക്കുകയാണ് ഉമ്മ എന്നവളറിഞ്ഞിട്ടില്ല.  പാലു കുടി നിർത്തുമ്പോൾ എന്റെ പൊന്നുമോളുടെ മുഖം എങ്ങിനെയായിരിക്കും എന്ന വേവലാതിയാണ് അപ്പോൾ എന്നെ അസ്വസ്ഥനാക്കിയത് !  ഉമ്മ അവളെ ഷാളിന് മറവിൽ ഒതുക്കി നെഞ്ചിൽ ചേർത്തു വെച്ചു. വേഗം കുടിക്കണമെന്നും നമ്മുടെ ഉപ്പ ഇന്ന് പോകുമെന്നും അവൾ പറഞ്ഞത് അകത്തേക്ക് കടക്കുമ്പോൾ കേട്ടു.


അകത്ത് അമീൻ പരാതിയുമായി മുഖം വീർപ്പിച്ചു നിൽക്കുന്നു. ഇന്നലെ അവന്റെ കൂടെ കിടന്നില്ല, അതാണവന്റെ പ്രശ്നം!. ‘ഉപ്പ ഇന്ന് പോവല്ലേ, ഇനിയെന്നാ കിടക്കാൻ വര്വാ?’ അവന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നു. എന്റെ മക്കൾ.. നാഥാ അവർക്ക് നീ നല്ലത് വരുത്തണേ.. നെടുവീർപ്പിൽ  കുതിർന്ന പ്രാർത്ഥന അറിയാതെ പുറത്തു ചാടി. അവനെയെടുത്ത് മടിയിലിരുത്തി തലയിൽ പതിയെ തലോടി. മൂന്നാം ക്ലാസ്സിലാണ് അമീൻ. ക്ലാസ്സിലെ മിടുക്കന്മാരിൽ  ഒരാളാണ്. സ്കൂളിൽ ചെന്നപ്പോൾ പ്രിൻസിപ്പാൾ അവനെക്കുറിച്ചു പറഞ്ഞത് അഭിമാനമായി നെഞ്ചിൽ ചേർത്ത് വെച്ചിട്ടുണ്ട്. മോൻ നന്നായി പഠിക്കണം, ഉമ്മാനെ അനുസരിക്കണം അവൻ തലയാട്ടി .  കുറച്ചു നേരം അവനെ ചേർത്ത് പിടിച്ചു അങ്ങിനെയിരുന്നു. ഉള്ളിലെ സ്നേഹതീരം ചിറപൊട്ടിയൊഴുകുന്നുണ്ട്.   ഇനിയവന്റെ കൂടെ മണിക്കൂറുകൾ മാത്രം. പിന്നെ അകലങ്ങളിലാണ് അവനും ഞാനും!       

കൈയിൽ ചൂലുമായി ഹാദിയ ഹാളിന്റെ നിലം അടിച്ചു വൃത്തിയാക്കുകയാണ്.  മൂത്തമകളായതിന്റെ ഉത്തരവാദിത്വം അവൾ നിറവേറ്റുന്നുണ്ട്. അവൾ വളർന്നിരിക്കുന്നു. വേർപാടിന്റെ വേദനയുടെ ആദ്യപാഠങ്ങൾ അവൾ പഠിച്ചിരിക്കണം, അതുകൊണ്ടാവണം ഇപ്പോൾ  തൻറെ യാത്രയെക്കുറിച്ചു അവൾ അധികമൊന്നും  പറയാറില്ല, ചോദിക്കാറുമില്ല!.  പോകുന്ന ദിവസം അവൾ മ്ലാനവദിയായിരിക്കും. ഒരിക്കൽ മാത്രമാണ് ഉപ്പയെന്തിനാണ് പോകുന്നതെന്നവൾ ചോദിച്ചത്. മുറിയുടെ മൂലയിൽ ഉമ്മ കരഞ്ഞിരിക്കുന്നത് കണ്ടു അവൾ സങ്കടപ്പെട്ടതാണ്.

അകത്തേക്ക് കുസൃതിയോടെ കടന്നുവന്ന ചെറിയ കാറ്റിൽ ഹാളിൽ ചിതറിക്കിടന്നിരുന്ന കടലാസ് കഷണങ്ങൾ അനുസരണക്കേട് കാണിച്ചു കൊണ്ടിരുന്നു. ഹാദിയ ക്ഷമയോടെ അതെല്ലാം പെറുക്കിയെടുക്കുകയാണ്. അവളുടെ ചലനങ്ങളിൽ ഇപ്പോൾ  പക്വതയുടെ ലക്ഷണങ്ങൾ വന്നിട്ടുണ്ട്. വീട് പണി കഴിഞ്ഞപ്പോൾ സുഹൃത്തുക്കൾ പറഞ്ഞത് പോലെ; അടുത്തത് മകളുടെ കല്യാണം....   അതിന്നായി ചെലവഴിക്കേണ്ട ലക്ഷങ്ങൾക്കായി എല്ലാം മറന്ന് വരും വർഷങ്ങളിലും പണിയെടുക്കുക. അങ്ങിനെയാണ് പ്രവാസി ദുരന്തപ്രവാസിയായി തീരുന്നത്! 

ചായകുടിക്കാനായി  എല്ലാവരും ഒരുമിച്ചിരുന്നപ്പോഴും  ഒരു സന്തോഷവും ആരുടെ മുഖത്തുമില്ല. പാത്രത്തിലെ പുട്ടും പപ്പടവും തമ്മിലെ ചെറിയ അസ്വാരസ്യങ്ങൾ മാത്രം. കസേരയിലും അവിടെ നിന്ന് ഡൈനിങ് ടേബിളിലേക്കും വലിഞ്ഞു കയറിയ പൊന്നൂസ് മാത്രം ഇടേക്കെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഹാളിന്റെ മൂലയിൽ വരിഞ്ഞു മുറുക്കിയ കാർട്ടൻ തന്നെയും കാത്തിരിക്കുന്നുണ്ട്. വരുമ്പോൾ കൊണ്ട് വന്ന അതെ കാർട്ടൻ തന്നെയാണ്; ഒന്ന് റിപ്പയർ ചെയ്തു ശരിയാക്കി. ഇനി പേരെഴുതാൻ  ബാക്കി!.

പുറത്ത്വെയിലിന്റെ തിളക്കം മുറ്റത്ത്  തളം കെട്ടി നിന്നു. മുറ്റത്തിന്റെ ഓരോ കോണുകളും മിഴിയിലേക്ക് ആവാഹിച്ചെടുത്തു. പിന്നീട് ഓർക്കാനാണ്. മുറ്റത്തെപ്പറ്റി അവൾ പറയുമ്പോൾ കണ്ണിൽ വിരിയേണ്ടത് ഈ ചിത്രമായിരിക്കണം. കിഴക്കു വശത്തു വെച്ച മാവിൻ തൈ വേരുപിടിച്ചിരിക്കുന്നു. തളിരില പൊടിച്ചു വരുന്നുണ്ട്. എങ്ങുനിന്നോ പാറിവന്ന ഒരു തുമ്പി മാവിൻ തൈ വലയം വെച്ചു. അവിടവിടെ തെങ്ങിൻ തൈകളും പൂക്കളും വെക്കണം എന്ന് വിചാരിച്ചതാണ്. ഒന്നും നടന്നില്ല...വന്നു, പോകുന്നു. മുപ്പത് ദിവസം മൂന്നു ദിവസം പോലെയാണ് ഓടിമറഞ്ഞത്!.

പെങ്ങളാണ് ആദ്യം വന്ന അതിഥി!. എല്ലാ യാത്രാ വേളകളിലും   അവൾ ആദ്യം എത്തുകയും അവസാനം മാത്രം മടങ്ങുകയും ചെയ്യുന്നു. ഉമ്മയുടെ വലിയ കുറവാണ് അവളിലൂടെ പരിഹരിക്കപ്പെടുന്നത്. യാത്രപറഞ്ഞിറങ്ങുമ്പോൾ കെട്ടിപ്പിടിച്ചു ഉറക്കെ കരയും! കണ്ണും  മൂക്കും വലിയ ശബ്‍ദത്തോടെ തുടയ്ക്കും. ആ സാഹചര്യത്തിൽ അതൊരു വലിയ വിഷമമാവാറുണ്ട്, എന്നാലും ഉമ്മാക് പകരമായി സ്നേഹത്തിൽ ചാലിച്ച ഒരു കരച്ചിൽ, അതിന്റെയൊരു സെൻസ് താൻ  ഉൾക്കൊള്ളാറുണ്ട് .  എല്ലാ തവണത്തേയും പോലെ ഇത്തവണയും അവൾ  കായ ഉപ്പേരി കൊണ്ട് വന്നിട്ടുണ്ട്. അതെന്റെ കൈയിൽ തന്ന് കെട്ടിപ്പിടിച്ചു മുഖത്തേക്ക് നോക്കി ചിരിച്ചു നിന്നു.

ഇപ്പോൾ എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. ഹാളിലും പുറത്തുമായി അവർ ശബദം കുറച്ച് സംസാരങ്ങളിലാണ്. മുറ്റത്തിന്റെ അരികിൽ പോകാനുള്ള വാഹനം വന്നു നില്ക്കുന്നുണ്ട് . ഇനി മിനിറ്റുകൾ മാത്രമാണ് ഈ ഭവനത്തിൽ ഞാനുണ്ടാവുക എന്ന് ബഹളങ്ങൾക്കിടയിൽ ഒന്നുകൂടി ഓർത്തു. ബാലിശമാണ്, എന്നാലും. അടുക്കളയിലും പുറത്തും ബെഡ്റൂമിലും ഒരു തവണ കൂടി പ്രദക്ഷിണം വെച്ചു, പോവുകയാണ്, സ്നേഹതീരം വിട്ട് അകലുകയാണ്.  ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ആരോ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.

അവസാന നിമിഷത്തിന്റെ യാന്ത്രിമായ ചലനങ്ങളിലാണിപ്പോൾ ഞാൻ. വസ്ത്രങ്ങൾ ധരിക്കുന്നത് തികച്ചും യാന്ത്രികമാവുന്നു. വിടപറയുന്ന കണ്ണുകൾ അവസാന കാഴ്ചകൾക്കായ് തേടിക്കൊണ്ടിരിക്കുന്നു. ഹൃദയ താളത്തോളം പ്രക്ഷുബ്ധമായ മറ്റൊന്നില്ല എന്നതാണ് വാസ്തവം. അവൾ അത്തറിന്റെ ശകലങ്ങൾ ഷർട്ടിൽ പുരട്ടുകയാണിപ്പോൾ. അമീനും ഹാദിയും മൂകമായി നിൽക്കുമ്പോൾ പൊന്നൂസ് മാത്രം എന്റെ കൂടെ വരാനുള്ള പുറപ്പാടുകൾ തുടങ്ങുന്നു. അവൾക്ക് അവളുടെ ഉടുപ്പുകൾ വേണം. അവളെയും ഞാൻ കൊണ്ടുപോകുമെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നുണ്ട്. വിരലിൽ തൂങ്ങി ‘ഉമ്മാ ന്റെ പ്പായം’ എന്ന് പറയുമ്പോൾ  ഭാര്യയുടെ കണ്ണുകൾ പിടഞ്ഞു, തന്റെ മനസ്സും!

നിമിഷങ്ങൾ അവസാനിച്ചു. ഇനി യാത്ര പറഞ്ഞിറങ്ങുകയാണ്. പുറത്തുള്ളവരുടെ ചെറിയ സംസാരങ്ങൾ ഒരു നിമിഷത്തേക്ക് നിലച്ചു. വീട് മൂകം. ചില മുഖങ്ങൾ ശോകം. എല്ലാവർക്കും കൈകൾ കൊടുത്തു, പതിവു തെറ്റിക്കാതെ പെങ്ങളുടെ ആലിംഗനവും കരച്ചിലും. മുറ്റത്തേക്കിറങ്ങുമ്പോൾ പൊന്നൂസ് ഓടി വന്നു. അവളെ എടുത്ത് കൊണ്ട് പോകാനാണ് തോന്നുന്നത്. പക്ഷെ.. ഹൃദയം ഇറുക്കിപ്പിടിച്ചു.  ‘ഉപ്പ മിഠായി വാങ്ങീട്ട് വരാട്ടാ’ എന്ന വാക്കുകൾ അവളെ സംബന്ധിച്ചിടത്തോളം സ്വീകാര്യമാണ് എന്നത് ആശ്വാസമായി. കരഞ്ഞിരുന്നെങ്കിൽ രംഗം ഒന്നുകൂടി ദയനീയമായേനെ.

കാറിന്റെ ചക്രങ്ങൾ പതുക്കെ തിരിഞ്ഞു തുടങ്ങി. ഗേറ്റിന് പുറത്തേക്ക് കടക്കുമ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കി. വീണ്ടും വീണ്ടും തിരിഞ്ഞു നോക്കാൻ ഉള്ളിൽ നിന്നും ഒരാന്തലുണ്ട്. പക്ഷെ, വേണ്ട. കണ്ണുകളെ നിയന്ത്രിച്ച് സീറ്റിൽ ചാരിയിരുന്നു. പാതയോരങ്ങൾ കടന്ന് വീടിന്റെ ചിത്രം പൂർണ്ണമായി മറയുന്ന പ്രധാന നിരത്തിൽ വാഹനം കടന്നിരിക്കുന്നു. നാട്ടുകാർ പലരും പുഞ്ചിരിയോടെ നോക്കുന്നുണ്ട്. വേഗത വർധിച്ചു വരുമ്പോൾ നാട്ടുപാതകൾ വല്ലാത്ത ധൃതിയിലാണ് പിന്നോട്ടോടുന്നത്. ഇനി തിരിച്ചു വരുമ്പോൾ കാണാനായി എല്ലാം ഇവിടെ മറന്നു വെക്കുകയാണ്. ശാന്തിതീരം  വിട്ട് താനിപ്പോൾ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു!


***************

3 comments:

Saleem Mancheri said...

കണ്ണ് ഈറനണിയിച്ച അവതരണം. പ്രവാസിയുടെ ഹൃദയ താളത്തെ അനാവശ്യ ചേരുവകൾ ലവലേശമില്ലാതെ അവതരിപ്പിച്ചു.

പ്രിയ റഷീദ്ക്കാക്ക് അഭിനന്ദനങ്ങൾ....

Pradeep Narayanan Nair said...

പ്രവാസം,
അന്നും ഇന്നും എപ്പോഴും ഒരേ താളത്തില്‍ തുടരുന്നു,
പ്രത്യാശകളോടെ.
നന്നായി എഴുതിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍ റഷീദ്!

Kanthari said...

It is very touching story , really got emotional and got tears in my eyes .. I know it is your own story .. you have got a great talent. keep writing dear ..