Thursday, December 3, 2020

ബാല്യം (കവിത)


https://youtu.be/S-kq0OFBnPc


മഴ  പെയ്തൊഴിഞ്ഞൊരീ

മൂവന്തി നേരത്ത്

പാടത്തിനോരത്ത് ഞാനും

ഇരുളിൻ കണങ്ങളും

മഞ്ഞുമേഘങ്ങളും

മന്ദസ്മിതം തൂകി നിന്നു!

മന്ദസ്മിതം തൂകി നിന്നു!

 

തെക്കു തെക്കുന്നൊരു

കുളിർ കാറ്റു വന്നെൻ 

ഹൃദയത്തിൻ  തെക്കിണി തുറന്നു

പോയകാലത്തിന്റെ

നനവുള്ളോരോർമ്മകൾ

മണ്ണിൽ പുതഞ്ഞു കിടന്നൂ

പുതു മണ്ണിൽ പുതഞ്ഞു കിടന്നൂ 

 

കാലങ്ങൾക്കിപ്പുറമീ

പാതയോരത്ത്

ഏകനായ് നിൽക്കുന്ന നേരം..

ഉടലും മനവും ചുരുങ്ങിച്ചുരുങ്ങി

ബാലനായ തീരുന്നുവല്ലോ...

കൊച്ചു ബാല്യത്തിലായിടുന്നല്ലോ..

 

സ്വർണ്ണ വെയിലേറ്റുണരും

പ്രഭാതത്തിൽ

പക്ഷികൾ കുറുകുന്ന നേരം

കുറുമ്പിപ്പശുവിനോടച്ചടക്കത്തിന്റെ

പാഠങ്ങളൊതുന്ന കേൾക്കാം ..

അച്ഛന്റെയാരവം കേൾക്കാം

 

കാത്തുനിന്നങ്ങനെ കോപ്പ നിറച്ചൊരു

പാലുകുടിച്ചതു മോർക്കേ ..

വീണ്ടുമൊന്നങ്ങനെ  മണ്ണിൻ മണം പൂക്കും

ബാല്യത്തിനെ പുല്കിടുന്നു...

ബാല്യത്തിനെ പുല്കിടുന്നു...

 

ഓർമ്മത്തടങ്ങളിൽ

പെയ്തു തുടങ്ങുന്ന ചാറ്റൽ മഴയുടെ ചാരെ

കൗതുകം ചോദിച്ചു തൊട്ടുതലോടി

കുളിരേറ്റ് നിന്നൊരാ കാലം

കുളിർ മഴ പെയ്യുന്ന കാലം

 

ചുവരിൽ തട്ടാതെ പടികളിൽ വീഴാതെ

വിരലിൽ തൂക്കിയോരമ്മ

തലയിലെ പേൻ നുള്ളി അമ്മ മൊഴിഞ്ഞത്

നറുമണം വിടരും കഥകൾ

കുഞ്ഞു ചിപ്പിയിൽ വെച്ചൊരാ കഥകൾ…

 

വഴികൾ വിരൂപമായ്

കാഴ്ചകൾ മങ്ങി

ഇരുളിന്റെ മേലാപ്പ് വീഴ്‌കെ ..

പോയകാലത്തിന്റെ തീരത്തെവിടെയോ

ബാല്യം തനിച്ചു കിടപ്പൂ..

 

മഴെ പെയ്തൊഴിഞ്ഞൊരീ

മൂവന്തി നേരത്ത്

പാടത്തിനോരത്ത് ഞാനും

ഇരുളിൻ കണങ്ങളും

മഞ്ഞുമേഘങ്ങളും

മന്ദസ്മിതം തൂകി നിന്നു!

മന്ദസ്മിതം തൂകി നിന്നു!

******

 https://youtu.be/S-kq0OFBnPc



No comments: