Thursday, November 11, 2010

ഒരു പുഴ, ഒരു പെണ്‍കുട്ടി.



ജാലകത്തിലൂടെ
നോക്കിയാല്‍
ഒരു പുഴ.
മൃതപ്രായമായത്.

മാറു തുരന്ന്
കരിവണ്ടുകള്‍
അകത്തേക്ക്.

കടിച്ചു തുപ്പിയതിന്റെ
ബാക്കി
അരിച്ചെത്തുന്ന
പുഴുക്കള്‍ക്ക്.

ശേഷിച്ച നിണം
തളം കെട്ടി
കാക്കകള്‍ക്ക് കുളിക്കാന്‍.

അര്‍ദ്ധരാത്രിയില്‍
ഉച്ചത്തില്‍ കരഞ്ഞത്‌
പുഴയെന്നു മുത്തശ്ശി.

ജാലകതിനകത്തെ
പെണ്‍കുട്ടി;
പുസ്തക കെട്ടുകള്‍ക്ക് മീതെ
സ്വര്‍ണവും ഒരുക്കി
വരനെ കാത്തിരിക്കുന്നു.

അവളുടെ കണ്ണുകള്‍
പുഴയുടെ
കണ്ണീര്‍ പോലെ.

ചുവരില്‍
നോക്കിയും കണ്ടും
ചെമ്പിച്ച കണ്ണാടി.

ഉത്തരത്തില്‍ തലതല്ലി
താഴെ വീണുപിടഞ്ഞ
ഒരു പല്ലി

രണ്ടാനമ്മയുടെ
നാവു നീണ്ടു:
ദുശ്ശകുനങ്ങള്‍!


*********

41 comments:

Anees Hassan said...

ജാലകത്തിലൂടെ
നോക്കിയാല്‍
ഒരു പുഴ.
മൃതപ്രായമായത്.



burning images.....

Unknown said...

വരികള്‍ക്ക് ഒരു “കണക്ടിവിറ്റി” തോന്നിയില്ല,

പക്ഷെ

വരികള്‍ സ്വതന്ത്രമായ് നോക്കിയപ്പോള്‍ വളരെ ആസ്വാദ്യകരം. അതെന്റെ കവിതാസ്വാദന നിലവാരം(തകര്‍ച്ച) ആയിരിക്കാം :)

Musthafa Kudallur said...

നല്ല കവിത. പുറത്തുകേള്‍ക്കാത്ത കരച്ചിലാണ് എനിക്കെന്നും പുഴ. കുട്ടിക്കാലത്തെ പെരുന്നാള്‍ ദിനങ്ങളില്‍ അതിരാവിലെ മഞ്ഞുപെയ്യുന്ന മണല്‍പ്പരപ്പിലൂടെ നടന്ന് കുളിച്ചു തിരിച്ചു വരുന്നത് ഓര്‍ത്തുപോയി. ഇപ്പോള്‍ മണല്‍പ്പരപ്പില്ല, നടക്കാന്‍ കുട്ടികളില്ല. ശേഷിക്കുന്ന നിണത്തില്‍ കാക്കക്കുളി നടത്തുന്നവരുണ്ട്.
പലരും മറിച്ചുനോക്കി പിന്നിപ്പോയ പുസ്തകത്താളു പോലെ അവള്‍ നിന്നു എന്ന വരിയും ഓര്‍മയില്‍ വന്നു. ഒരു പുഴ, മൃതപ്രായമായത്. ഉള്ളിളക്കുന്ന ഭാഷാപ്രയോഗമാണത്. അഭിവാദ്യങ്ങള്‍

പദസ്വനം said...

കനലുകള്‍ക്കുള്ളില്‍ പുകയുന്ന വരികള്‍....
അഭിനന്ദനങ്ങള്‍ !!!

നിശാഗന്ധി പൂക്കുന്ന രാത്രി said...

വരികള്‍ താറുമാറായത് പോലെ..

പട്ടേപ്പാടം റാംജി said...

എല്ലാം മൃതപ്രായക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ നാം കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നു.
നല്ല വരികള്‍.

വി.എ || V.A said...

ഓരോ ഖണ്ഡികകളായി വേർതിരിച്ചു നോക്കിയാൽ, വെവ്വേറെ അർഥം വരുന്ന നല്ല വരികൾ. കാലത്തിനൊപ്പം എടുത്തുകാട്ടാവുന്ന പ്രത്യേകതരം രംഗങ്ങൾ. അവയെ കൂട്ടിയിണക്കാനുള്ള കണ്ണി കിട്ടാഞ്ഞതെന്തേ? ഇനി വരുമായിരിക്കും, അല്ലേ? ഭാവുകങ്ങൾ.........

Mohamed Salahudheen said...

നല്ല പരിസ്ഥിതിക്കവിത.
നല്ല പരിസരബോധം,
നന്നായി

ManzoorAluvila said...

വാക്കുകൾ കൊണ്ട്‌ നിറവുള്ള വരികൾ..

"ജാലകത്തിലൂടെ
നോക്കിയാല്‍
ഒരു പുഴ.
മൃതപ്രായമായത്."


"പുസ്തക കെട്ടുകള്‍ക്ക് മീതെ
സ്വര്‍ണവും ഒരുക്കി
വരനെ കാത്തിരിക്കുന്നു".


..എല്ലാ ആശംസകളും

പ്രയാണ്‍ said...

ബിംബങ്ങളെ മുഴുവനായി തിരിച്ചറിഞ്ഞില്ലെങ്കിലും തിരിച്ചറിഞ്ഞവ വാതോരാതെ പതം പറയുനുണ്ട്..........:)

ഒഴാക്കന്‍. said...

ദുശ്ശകുനങ്ങള്‍!!!

സാബിബാവ said...

വായിച്ചു എല്ലാവരികള്‍ക്കും കുടി ഒരു ഒത്തൊരുമ ഇല്ലാത്ത പോലെ ..
ആദ്യത്തെ നാല് വരി മനോഹരം
ഭാവുകങ്ങള്‍ ..

Sabu Hariharan said...

എന്തെന്നറിയില്ല..വായിക്കുവാൻ ഒരു സുഖം തോന്നി..

camera ജാലകത്തിലൂടെ പുഴ കണ്ട്, zoom out ചെയ്ത്, മുറിയിൽ വന്ന്, പെൺകുട്ടിയും കടന്ന്, ഉത്തരത്തിലൂടെ താഴേക്ക്, പല്ലിയിൽ എത്തി നില്ക്കുമ്പോൾ, background ഇൽ രണ്ടാനമ്മയുടെ ശബ്ദം..

പ്രകൃതിയിലൂടെ, മനുഷ്യ പ്രകൃതിയിലേക്ക് വെളിച്ചം വീഴ്ത്തിയതു പോലെ..

ചിലപ്പോൾ ഇതൊന്നുമായിരിക്കില്ല കവി ഉദ്ദേശിച്ചത്!.. പക്ഷെ എനിക്കു ഒരു സുഖം തോന്നി..

Sharaf Kottapadam said...

കവിത അതിന്റെ പൂര്‍ണതയില്‍ എത്തിയില്ല എന്ന ഒരു തോന്നല്‍.
ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ഓരോ വരികളിലും അര്‍ത്ഥപൂര്‍ണമായ വേദന.
കാലം വഴിമാറുമ്പോള്‍ കഴിഞ്ഞു പോയ നാളുകള്‍ വേദനകളായി അവശേഷിക്കുന്നു.
ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.
പ്രാര്‍ത്ഥനയോടെ...........................!

M. Ashraf said...

മൃതപ്രായമായ പുഴയും
രണ്ടാനമ്മയുടെ ശാപമേല്‍ക്കുന്ന പെണ്‍കുട്ടിയും.
കണ്ണീരില്‍ കാണാം സമാനത.
അഭിനന്ദനങ്ങള്‍.

lekshmi. lachu said...

എന്തോഒരു പൂര്‍ണ്ണത തോന്നിയില്യ .
കവിത വില ഇരുതാനൊന്നും അറിയിലല്യ.എന്നാലും
ചില വരികള്‍ തമ്മില്‍ വേണ്ടത്ര യോചിചില്യ എന്ന ഒരു തോന്നല്‍ ..ആശംസകള്‍..

Sidheek Thozhiyoor said...

നന്നായി ...ആശംസകള്‍

Unknown said...

Rasheed, these lines really lead me to our old memories in Nila...

Jishad Cronic said...

അഭിനന്ദനങ്ങള്‍...

Sameer said...

അഭിനന്ദനങ്ങള്‍..

ഹംസ said...

കവിതയെ വിലയിരുത്താന്‍ അറിയില്ല. ബൂലോക കവി(പുലി)കള്‍ എല്ലാം മുകളില്‍ അഭിപ്രായങ്ങള്‍ അറിയിച്ചിട്ടുണ്ട് ..

ആശംസകള്‍ :)

Unknown said...

ഒരു പുഴയെ ഒരു പെണ്‍ കുട്ടിയോട് ഉപമിക്കുന്നു ..അതില്‍ കൂടുതല്‍ പുതുമ ഒന്നും വരിക്കല്ക് ഇല്ല
..പലതും വളരെ ലോലമായി പോയി ...

ചിന്നവീടര്‍ said...

നല്ല കവിത. അഭിനന്ദനങ്ങള്‍...

Anonymous said...

ഓരോ വരികളിലും ഓരോ വ്യാഖാനങ്ങൾ.. വളരെ ഇഷ്ട്ടമായി .. താങ്കളുടെ ഭാവന അതി മനോഹരം…ചെമ്പിച്ച കണ്ണാടി നോക്കി കരയുന്ന പെൺകുട്ടിയും താഴെ വീണു പിടഞ്ഞ പല്ലിയുമെല്ലാം രണ്ടാനമ്മയ്ക്ക് ദുശ്ശകുനം തന്നെ .. കാലം അതല്ലെ… ബന്ധങ്ങൾക്ക് വിലകൽ‌പ്പിക്കാത്ത സമൂഹം…. ഇന്നത്തെ ലോകം… വളരെ മനോഹരാ‍ായിരിക്കുന്നു… താങ്കളു്ടെ വരികൾ

dreams said...

nalla avatharanam nannayitundu ente ella aashamsakalum nerunnu

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അഭിനന്ദനങ്ങള്‍...

the man to walk with said...

Best wishes

ബഷീർ said...

ദുശ്ശകനുങ്ങളായി മൃതപ്രായമായ പുഴയും മറ്റു
കാഴ്ചകളും..

ആശംസകൾ

Malayali Peringode said...

അവളുടെ കണ്ണുകള്‍
പുഴയുടെ
കണ്ണീര്‍ പോലെ.
നേർത്ത് നേർത്ത് ഇല്യാണ്ടായി ല്ലേ...!!

വില്‍സണ്‍ ചേനപ്പാടി said...

ഒരു ജാലകത്തിനിരുപുറവും..പുഴയും പെണ്‍കുട്ടിയും
നീരുവറ്റുന്ന പുഴയും --പ്രതീക്ഷയുടെ ഉറവ വറ്റുന്ന
പെണ്ണും മൃതപ്രായര്‍ തന്നെ.
സ്നേഹവര്‍ഷത്തിനായി കാത്തിരിക്കുന്ന...
പുഴയും പെണ്‍കുട്ടിയുമിവിടെ
ഒന്നാവുകയാണ്

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal........

Kalam said...

പുഴ നന്നായി.

Unknown said...

പുഴയുടെ രോദനം ഞാനും കേള്‍ക്കുന്നു.
നന്നായി.

nisar said...

നല്ല അര്‍ഥം തുളുമ്പുന്ന , കാലത്തിന്റെ ഒഴുകിനെതിരെ തിരിയുന്ന നല്ല വരികള്‍ ... ഭാവുകങ്ങള്‍ ...

ധനലക്ഷ്മി പി. വി. said...

കരിവണ്ടുകള്‍ തുരന്നെടുക്കുന്നു പുഴകളെയും പെണ്‍കുട്ടികളെയും ...നല്ല ഭാവന

sm sadique said...

ചിലവരികൾ കൊള്ളാം. പക്ഷെ, ചിലത് എന്തോ ഒരു ….

A said...
This comment has been removed by the author.
A said...

gives a frightening account of the present. could have been better if it concluded with an optimistic note rather than going so gloomy.

rafeeQ നടുവട്ടം said...

വരളുന്ന പുഴ പോലെ ഇപ്പോള്‍ പെണ്ണിന്‍റെ കണ്ണീരും വറ്റുന്നുണ്ട്.
കടവുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അലക്കാനെത്തേണ്ടവള്‍ അലയുകായാണല്ലോ..!

റഷീദിന്‍റെ വരികള്‍ ശ്രദ്ധേയം!

MOIDEEN ANGADIMUGAR said...

രണ്ടാനമ്മയുടെ
നാവു നീണ്ടു:
ദുശ്ശകുനങ്ങള്‍!

MT Manaf said...

ഉത്തരാധുനികനാകാനുള്ള പുറപ്പാടാണല്ലേ?
ഹ ഹ ഹ
നനായി... !