Thursday, November 3, 2011

ഈദ് മുബാറക്

ഈദ്..

ത്യാഗത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും
മഹനീയ അടയാളം.
ഇബ്രാഹീം പ്രവാചകന്‍ കാണിച്ചുതന്നത് ദൈവത്തോട്
അങ്ങേയറ്റം വിശ്വാസമുള്ള, വിനയമുള്ള, വിധേയത്വമുള്ള
ഒരു ഭക്തന്റെ, ഒരടിമയുടെ മാതൃകയാണ്!
മാനവ ചരിത്രത്തില്‍
ഇബ്രാഹീം പിതാവിന്റെ ജീവിതം
എത്രത്തോളം സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ
നിദര്‍ശനം കൂടിയാണ്
ഈ ബലിപെരുന്നാള്‍ ദിനം!






ലോകത്തിലെ ഏറ്റവും സജീവമായ ആരാധനാലയം...
മസ്ജിദുല്‍ ഹറം എന്ന
ആ പുണ്യഗേഹത്തിനു ചാരെ
ആത്മഹര്‍ഷത്തോടെ നിന്ന ഒരു നിമിഷത്തില്‍
ഒരു കാല്‍പാട് കണ്ടു..
ഖുര്‍ആന്‍ പറഞ്ഞത് പോലെ... ഇതാ ഇബ്രാഹീം നിന്ന സ്ഥലം!
എല്ലാം മറന്ന്, തിരക്ക് കൂട്ടി, ആ കാല്പാടുകള്‍ ഒന്ന് കാണാന്‍
ധൃതി കാണിക്കുന്ന വിശ്വാസികള്‍...
ഏതോ ദിക്കുകളില്‍ നിന്നും വന്നവരാണവര്‍.
സ്ത്രീകളും വൃദ്ധരും കൊച്ചു കുഞ്ഞുങ്ങളും അവരിലുണ്ട്‌.
അവരുടെ മനം കൊതിക്കുന്നത്
ഇബ്രാഹീം പിതാവിന്റെ മാര്‍ഗ്ഗത്തിലുള്ള ജീവിതം.


ദൈവത്തിന്റെ ഏകത-
ആ വിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാന ശില.
അതാണ് ഇബ്രാഹീം നബി [അ] പഠിപ്പിച്ചത്.
അതിര്‍ത്തികളും ഭൂപ്രദേശങ്ങളും തീര്‍ക്കുന്ന അതിര്‍വരമ്പുകള്‍
ആ വിശ്വാസം നിമിത്തം ഇല്ലാതാകും.
എല്ലാവരും ഒരേ പിതാവില്‍ നിന്ന്.
ആദം ആണ് ആ പിതാവ്, ആദമാകട്ടെ മണ്ണില്‍ നിന്നും!
ആദ്യമനുഷ്യന്റെ അഥവാ ആദമിന്റെ ദൈവം ആരാണ്...
ആദമിലൂടെ ഒരു ജനത വളര്‍ന്നാല്‍
അവര്‍ വിശ്വസിക്കെണ്ടതും ആ ദൈവത്തില്‍ തന്നെയല്ലേ?


കൊണ്ടും കൊടുത്തും കൊന്നും കൊലവിളിച്ചും
ലോകം നരകമാക്കിയവരുടെ കൂടെ നാം ജീവിക്കുന്നു..
കൊല്ലപ്പെട്ടവന്റെ സ്മരണകള്‍ അപ്രസക്തമാകും വിധം
കൊന്നവന്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നു!
ദര്‍ശനങ്ങളുടെ, ആശയങ്ങളുടെ പ്രസക്തികള്‍
കടലാസുകളില്‍ പരിമിതപ്പെടുന്നു.
സാംസ്കാരികമായി ഔന്നിത്യമുള്ള സമൂഹങ്ങള്‍ പോലും
തര്‍ക്കവിതര്‍ക്കങ്ങളില്‍ കുരുങ്ങി അവമതിക്കപ്പെടുന്നു..
അധികാരങ്ങള്‍ പകപോക്കലിനായി നീക്കിവെക്കപ്പെടുന്നു..
ഇപ്പറഞ്ഞതിനെല്ലാം നമ്മള്‍ സാക്ഷികളാണ്.
ഇതിനെക്കാള്‍ ഭയാനകമായ ഒന്നുണ്ട് എന്ന് ചിലര്‍ പറയുന്നു..
നാളെയുടെ ചരിത്രം ഇന്ന് രേഖപ്പെടുത്തുന്നു എന്നതാണ് അത്‌!


നാം ജീവിക്കുന്ന ഈ കാലത്ത്,
നമ്മള്‍ നേരിടുന്ന ഈ വെല്ലുവിളികള്‍ക്ക് മുമ്പില്‍
നേരിന്റെയും നീതിയുടെയും പക്ഷത്തു നില്ക്കാന്‍ നമുക്ക് സാധിക്കുമോ?
നമുക്ക് ശ്രമിക്കാം..
ഏറ്റവും കുറഞ്ഞത്‌ തിന്മകളെ മനസ്സുകൊണ്ട്
വെറുക്കാനെങ്കിലും നാം ശീലിക്കുക...
നാം ആഘോഷിക്കുമ്പോള്‍ ഈ ഭൂമിയില്‍
ഒന്ന് ആശ്വസിക്കാന്‍ പോലും വകയില്ലാത്തവരെപ്പറ്റി  
വെറുതെ ഓര്‍ക്കുക,
നമ്മുടെ സുഖങ്ങള്‍ കൂടുതല്‍ അസ്വാദ്യമാകാന്‍ അത്‌ ഉപകരിക്കും.
വഴിയരുകില്‍ യാചിക്കുന്നവന്റെ
ബാങ്ക് ബാലന്സിനെപ്പറ്റി ആകുലതപ്പെടാതെ
കൊടുക്കുന്നതില്‍ നിര്‍വൃതി നേടുന്നവരായി നാം മാറുക.


ഈദ്..
ഒരു ദിനാചരണം മാത്രമാകതിരിക്കട്ടെ...
വേദനിക്കുന്നവന്റെ മുഖത്തുനിന്നും
അരോചകമായി നമുക്ക് മുഖം തിരിക്കാതിരിക്കാം.
കഷ്ടപ്പെടുന്നവന്റെ കൂടെ നടക്കുന്നവര്‍ക്ക്
വിടര്‍ന്ന ഒരു പുഞ്ചിരി നല്‍കാം.
അനാഥന് ഒരു തണല്‍മരം കാണിച്ചു കൊടുക്കാം.
നമ്മെ അത്താണിയായി  കാണുന്നവരോട്
കാത്തിരിക്കാന്‍ പറയാം.
ഇതൊക്കെ എല്ലാവര്‍ക്കും സാധിക്കും.
അത്‌ തന്നെ ധാരാളമാണ്;
നാം ചെയ്യുകയാണെങ്കില്‍!


എല്ലാവര്‍ക്കും എന്‍റെ
ബലിപെരുന്നാള്‍ ആശംസകള്‍!






6 comments:

Kattil Abdul Nissar said...

ഈദ്‌ ആശംസകള്‍

Malayali Peringode said...

ഈദ് ആശംസകൾ... :-)

Jenith Kachappilly said...

EID MUBARAK!!

വിളയില്‍ said...

ഈദ്‌ മുബാറക്ക്‌ ...നല്ല ചിന്തകള്‍

Jefu Jailaf said...
This comment has been removed by the author.
Jefu Jailaf said...

ഈദ്‌ ആശംസകള്‍