അലുമിനിയത്തിന്റെ ഒരു പുസ്തകപ്പെട്ടി, അതായിരുന്നു അന്നത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം. സഹപാഠികളായ വലിയ വീട്ടിലെ കുട്ടികളുടെ കയ്യില് അലങ്കാരമായി അത് കാണുമ്പോള് വെറുതെ നെടുവീര്പ്പിടും. 1982-83
കാലത്തെ ഒരു ഓര്മ്മയാണ്. തണ്ണീര്ക്കോട്* സീനിയര് ബേസിക് സ്കൂളില് മൂന്നാം ക്ലാസ്സില് പഠിക്കുന്ന സമയം. വാപ്പാടെ കൈയില് പൈസയില്ല എന്നെനിക്കറിയാം. വല്ലപ്പോഴും കടന്നു വരുന്ന ബി. എം. എസ് എന്ന ബസ്സിനു മുകളില് കച്ചവടക്കാർ കൊണ്ടു വരുന്ന ചരക്കുകള് താഴെയിറക്കുക, സംഘടനയില്ലാത്ത ചുമട്ടു തൊഴിലാളി!.അതാണ് ജോലി. പിന്നെ വല്ലപ്പോഴും റേഷൻ കടയില് അരി തൂക്കി കൊടുക്കാന് നില്ക്കും. എന്താണ് അന്ന് കൂലി കിട്ടിയിരുന്നത് എന്നെനിക്കറിയില്ല. ചോദിക്കാനുള്ള അറിവില്ലാത്ത കാലം. പലപ്പോഴും ഉമ്മറത്തെ അരതിണ്ണയില് പുകച്ചുരുളുകള് ക്കിടയില് വാപ്പ അലിഞ്ഞിരിക്കുന്നത് കാണാം.
അടക്കാനാവാത്ത ആഗ്രഹത്തിനോടുവില് മടിച്ചു മടിച്ചു ഞാന് എന്റെ ആവശ്യം ഉന്നയിച്ചു. ഏറെ ദിവസത്തെ നിര്ബന്ധത്തിനോടുവില് ഒരു ഉത്തരം വന്നു: ഇനി കൂറ്റനാട് പോകുമ്പോള് വാങ്ങിത്തരാം. വളരെ വലിയ ആവശ്യങ്ങള്ക്ക് മാത്രമാണ് അടുത്തെ ചെറിയ പട്ടണമായ കൂറ്റനാട്ടെക്കു അന്ന് വാപ്പ പോവുക. പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങള് .. ഒരു ദിവസം എന്തോ ആവശ്യത്തിന്നായി വാപ്പ കൂറ്റനാട് പോയി. പോകുമ്പോള് വീണ്ടും വീണ്ടും ഒര്മ്മപ്പെടുതിയിട്ടുണ്ടാവണം. കൈയില് അലുമിനിയത്തിന്റെ പുസ്തകപ്പെട്ടിയുമായ് വാപ്പ വരുന്നതും കാത്ത് ഞാന് നിന്നത് നല്ല ഓര്മ്മയുണ്ട്. ഒടുവില്, കാത്തു നില്പ്പിന്റെ ജിജ്ഞാസക്കൊടുവില് തണ്ണീര്കോട് ഉങ്ങിന്ച്ചുവട്ടില്*** ബി. എം. എസ് ബസ് വന്നു നിന്നു. വാപ്പ ഇറങ്ങി വന്നു, കൈയില് അലുമിനിയപ്പെട്ടി ഇല്ല, ഹൃദയത്തിലെ ഞെട്ടലിനോടുവില് പക്ഷെ ഞാൻ കണ്ടു; ഓറെനജ് നിറത്തില് മറ്റൊരു പെട്ടി!
പതിനെട്ടു രൂപയായി എന്ന് വാപ്പ പറഞ്ഞത് ഞാന് കേട്ടു. പരിമിതികളിലും എന്റെ ആവശ്യം നിറവേറ്റിയല്ലോ. ഞാന് എന്റെ പുസ്തകപ്പെട്ടിയെ നെഞ്ചോടു ചേർത്തു. പിറ്റേന്ന് സ്കൂള് യാത്ര ഏറെ അഭിമാനകരമായിരുന്നു. കൂട്ടുകാര് എന്റെ പെട്ടിയെ തൊട്ടു നോക്കി, ചിലര് തുറന്നു നോക്കി, സന്തോഷത്തിന്റെ നിമിഷങ്ങള്...
സേതുമാധവാന് സാറിന്റെ ക്ലാസ്സ് കഴിഞ്ഞ നേരം, ബ്ലാക്ക് ബോർഡ് മായ്ക്കാന് നിര്ദ്ദേശിച്ചു സാറ് പോയി. പിടിവലി കൂടി ഡസ്റ്റര് തട്ടിയെടുത്ത കൂട്ടുകാരൻ മജീദ് ബോര്ഡു മായ്ക്കാന് തുടങ്ങിയിരുന്നു. ഉയരം കുറവായിരുന്ന അവന് ചാടി ബോര്ഡ് മായ്ക്കാന് ശ്രമിച്ചതും നേരെ എന്റെ പെട്ടിയിന്മേല് ചവിട്ടിയതും പെട്ടെന്നായിരുന്നു. ബോഡിന് നേരെ താഴെയായിരുന്നു ഞാന് പെട്ടി വെച്ചിരുന്നത്. ഞാന് ഓടിച്ചെന്നു നോക്കുമ്പോള് എന്റെ പ്രിയപ്പെട്ട പെട്ടിയുടെ കാത് ഉള്ളിലേക്ക് താഴ്ന്നുപോയിരിക്കുന്നു!. ഒരു ദിവസം പോലും തികയാതെ എന്റെ വലിയ സന്തോഷം ദുഷ്ടന് മജീദ് നിമിഷം കൊണ്ട് ചവിട്ടിതാഴ്ത്തി!. ഞാന് കരഞ്ഞു, ക്ലാസ്സില് അടുത്ത പിരിയേഡിന് വന്ന ടീച്ചര് [പേര് ഓര്ക്കുന്നില്ല] റഷീദിന് പൈസ കൊണ്ട് വന്നു കൊടുക്കണം എന്ന് മജീദിനോട് നിര്ദ്ദേശിക്കുന്നത് കരച്ചിനിടയില് ഞാന് കേട്ടു.
കാതു പൊട്ടിയ പെട്ടിയുമായ് ദുഖിച്ചിരിക്കുമ്പോള് ഉമ്മ പറഞ്ഞു; ഉങ്ങിന് ചോട്ടില് പ്ലാസ്റ്റിക് ഒട്ടിക്കുന്ന ആള് വരും അപ്പോള് നമുക്ക് നേരെയാക്കാം എന്ന്. ഓട്ട വന്ന പ്ലാസ്റ്റിക് കുടങ്ങള് ബക്കെറ്റ്കള് എന്നിവ റീപ്പയർ ചെയ്യുന്ന പതിവുണ്ടായിരുന്നു അന്ന്. പ്ലാസ്റ്റിക് കഷ്ണം ചൂടാക്കി ദ്വാരമുള്ള സ്ഥലത്ത് വെച്ച് അടക്കും-അതാണ് റീപ്പയർ. അങ്ങിനെ കാത്തിരുന്ന ദിവസവും വന്നു. കുറച്ചു അഭംഗി വന്നെങ്കിലും കാതു നേരെയായി. പിന്നീട് വളരെക്കുറച്ച് ദിവസങ്ങൾ മാത്രമെ ആ പെട്ടി എനിക്കുപയോഗിക്കാന് സാധിച്ചുള്ളൂ, അപ്പോഴേക്കും അതിന്റെ പിടുത്തം പൂർണ്ണമായും പറിഞ്ഞു പോന്നു. ടീച്ചര് പറഞ്ഞിട്ടും മജീദ് എനിക്ക് പൈസ തന്നില്ല. തണ്ണീര്കൊട് നിന്നും കോട്ടപ്പാടതെക്കുള്ള** പറിച്ചു നടല് കഴിഞ്ഞ് പിന്നീടെപ്പോഴോക്കെയോ അവനെ ഞാന് കണ്ടിരുന്നു. അവന്റെ വീട്ടില് എന്നേക്കാള് പരാധീനത ആയിരുന്നിരിക്കണം, അതാണല്ലോ അവന് ഒരു പ്ലാസ്റ്റിക് പെട്ടി പോലുമില്ലാതിരുന്നത്, ഞാന് സമാധാനിച്ചു. എനിക്ക് നൊമ്പരം സമ്മാനിച്ച് കൊണ്ട് ആ ഓറെനജ് പെട്ടിയുടെ ഭാഗങ്ങള് വീടിന്റെ ഇരുണ്ട മൂലയിൽ വീണ്ടും കുറെ കാലം ഉണ്ടായിരുന്നു!.
* A Village which located nearby Trithala, Palakkad Dist.
** A Village which located nearby Trithala, Palakkad Dist.
*** Name of a bus stop
* A Village which located nearby Trithala, Palakkad Dist.
** A Village which located nearby Trithala, Palakkad Dist.
*** Name of a bus stop
No comments:
Post a Comment