Sunday, June 11, 2017

കഥ - അതിജീവന കല


   ഉസ്താദ് ഇല്ലാത്ത മെസ്സ് ആണ് ഞങ്ങളുടേത്. ഉസ്താദ് എന്നാൽ കുക്ക് എന്ന് സാന്ദർഭികമായി അർത്ഥം പറയാം. കുക്ക് ഇല്ലാത്തതിനാൽ ഊഴം വെച്ച് ഓരോരുത്തരും അവരവരുടെ ദിവസങ്ങളിൽ ഭക്ഷണം പാകം ചെയ്യണം. അതിനെ മെസ്സ് എന്നും പറയുന്നു.

മെസ്സിന്റെ ദിവസം അടുത്ത് വരുമ്പോൾ തന്നെ   മനസ്സിലും ആകെയൊരു  ടെൻഷൻ തുടങ്ങും. ആരൊക്കെ എന്തൊക്കെയാണാവോ ഇന്നിനി  അഭിപ്രായം പറയുക. എത്ര കരുതി തുടങ്ങിയാലും അവസാനം എന്തെങ്കിലും ഒരു കുറവ് വരും. എരിവാണോ പുളിയാണോ കൂടിയത്, കട്ടി അൽപം കുറഞ്ഞു, തേങ്ങ പിഴിഞ്ഞ് ഒഴിക്കേണ്ടതായിരുന്നു ഇങ്ങിനെ നീളും കറിയെ നിരൂപണം ചെയ്യുന്നവരുടെ നിരീക്ഷണ പാഠങ്ങൾ. 'എന്താണ് ഈ ഒണ്ടാക്കി വെച്ചിരിക്കുന്നത്' എന്ന് പഴയ അമ്മായിഅമ്മ സ്റ്റൈലിൽ ചോദിക്കുന്നവരുമുണ്ട്!
    അങ്ങിനെ ഇന്ന് എന്റെ ഊഴം വീണ്ടുമെത്തിയിരിക്കുന്നു!. ഇന്നത്തെ മെനു കോഴിക്കറിയാണ്. എന്തായാലും ബിസ്മി ചൊല്ലി തുടക്കം കുറിച്ചു. മെസ്സ് വേഗം തീർത്തിട്ട് ഹോസ്പിറ്റലിൽ പോകേണ്ടതുണ്ട്. കുറച്ചു ദിവസമായി ശരീരത്തിന് ഒരു ബാലൻസ് മിസ്സിംഗ് ഫീൽ ചെയ്യുന്നു!. കഴിഞ്ഞാഴ്ച പോയപ്പോൾ ചെയ്ത സ്കാനിംഗ്, രക്തപരിശോധനാ ഫലങ്ങൾ വാങ്ങണം, ഡോക്ടറെ കാണണം.  പ്രവാസം പ്രവാസിക്ക് നൽകുന്ന രോഗങ്ങൾ കണ്ടെത്താൻ നൂറുകണക്കിന് ഉപകരണങ്ങളാണല്ലോ  ആശുപത്രികൾ ഒരുക്കി വെച്ചിരിക്കുന്നത്!. എല്ലാത്തിലും ഒന്ന് കയറിയിറങ്ങിയാൽ തന്നെ എല്ലാ രോഗങ്ങളും താനെ മാറും; അങ്ങിനെയാണ് രോഗിയും, ഡോക്ടറും ആശുപത്രികളും എല്ലാം തീരുമാനിച്ചു വെച്ചിരിക്കുന്നത്!  

 (വര: ഹാദിയ റഷീദ് )


രണ്ടു മൂന്നു മണിക്കൂറായി വെള്ളത്തിൽ കിടന്ന കോഴിയുടെ ഭൗതിക ശരീരത്തിൽ നിന്നും  ഐസ് പൂർണ്ണമായും  അലിഞ്ഞു പോയിരിക്കുന്നു. കംപ്ലീറ്റ് റിലാക്‌സേഷൻ മൂഡിലാണിപ്പോൾ കോഴി. പരിപൂർണ്ണ നഗ്നയായി യാതൊരു ജാള്യതയുമില്ലാതെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. പതിയെ തൊലി  പറിച്ചെടുക്കുമ്പോൾ ഒരു മനം മടുപ്പ്. കൃത്രിമത്വം മാത്രമാണ് ഈ ഉടൽ മുഴുവൻ. എവിടെയോ ജനിച്ചു ആരോ കൊന്ന് എപ്പോഴോ പാക്ക് ചെയ്ത ഒരു പ്രോഡക്റ്റ്!. വിശ്വസിക്കുന്നത് പാക്കിന്റെ മുകളിൽ പ്രിന്റ് ചെയ്ത തീയതി മാത്രം. അതും ഒരു വിശ്വാസം!. കഴിഞ്ഞ പതിനഞ്ചു വർഷമായി ഞാൻ തന്നെ എത്ര കോഴികളെ അകത്താക്കിയിട്ടുണ്ടാകും   എന്നൊരു കണക്കെടുപ്പ് നടത്തിയിട്ടുണ്ട്, മുമ്പൊരിക്കൽ. ഈ കോഴിയെ തിന്നൽ പരിപാടിയൊന്നു നിർത്താൻ വേണ്ടിയായിരുന്നു അങ്ങിനെ ചെയ്തത്. എന്നിട്ടും ഫലമില്ല; എപ്പോൾ കോഴി കണ്ടാലും കുറുക്കന്റെ മനോവിചാരം ഉള്ളിൽ മുളച്ചു വരും!
സവാള വഴറ്റിയെടുക്കുക എന്നതാണ് പ്രവാസി ബാച്‌ലർ കൂക്കിങ്ന്റെ ആദ്യപടി. മീൻ കറിയായാലും, വെജിറ്റബിൾ ആയാലും ബീഫ് ആയാലും സവാള നിർബന്ധം. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചത് പാകമായ സവാളയിൽ ചേർത്ത് നന്നായി ഇളക്കിയെടുത്തു. മുളകും മല്ലിയും ചേർത്ത് ഇളക്കിയ ശേഷമായിരിക്കണം  തക്കാളിയുടെ രംഗപ്രവേശം എന്നത് സുഹൃത്ത് ലത്തീഫിന്റെ 'ലോ ഓഫ് തക്കാളി' എന്ന കുക്കിങ് മാന്വൽ നിന്നും കടമെടുത്തതാണ്!. ചുരുക്കത്തിൽ കുറച്ചു സുഗന്ധ വ്യഞ്ജനങ്ങൾ കൂടി ചേർത്തപ്പോൾ മുമ്പെന്നെത്താക്കളും നല്ല ഒരു ചിക്കൻ കറിയായി!. കൊള്ളാം എന്ന് മനസ്സിൽ തോന്നി; സൂപ്പർ ചിക്കൻ കറി റെഡി എന്ന് വിളിച്ചു പറയുകയും ചെയ്തു. അതെന്റെ ഒരു സ്റ്റൈലാണ്, ഒരു പരസ്യമില്ലാതെ ഒരു പ്രോഡക്റ്റും വൈറലാവില്ലല്ലോ!.
    ഒരു ദിവസത്തെ മെസ് എന്ന് പറഞ്ഞാൽ രണ്ടു കറികളും ഒരു മീൻ ഫ്രൈയുമാണ്. അതായത് രാത്രിയിലേക്കുള്ള പ്രൈം ടൈം കറി, പിന്നെ അടുത്ത ദിവസത്തേ ഉച്ചക്കുള്ള സാധാ കറിയും. മീൻ കറി, മോര് കറി, സാമ്പാർ എന്നിവയാണ് ഇവിടെ പരിഗണിക്കപ്പെടുക. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നതും അധികം റിസ്കില്ലാത്തതും എന്നാൽ തൊണ്ണൂറു ശതമാനം സക്സസ് ആകുന്നതുമായ കറിയാണ് മോര് കറി. അതു കൊണ്ട് തന്നെ ഞാനെപ്പോഴും തിരഞ്ഞെടുക്കുന്നതും മോര് കറി തന്നെ.

അടുത്ത ദിവസത്തേക്കുള്ള  ഉച്ചഭക്ഷണത്തിലേക്കായി പൊരിക്കാനുള്ള മീൻ കൂടി നന്നാക്കിയെടുത്തു. മലബാരിയുടെ ദേശീയ മൽസ്യമായ മത്തിയെയാണ്  തയ്യാറാക്കിയെടുത്തത്. സാധാരണയായി മത്തിയെ സഹമുറിയൻമാർ അധികം തിരഞ്ഞെടുക്കാറില്ല. പുള്ളിക്കാരന്റെ തൊലിയിലെ  ധാരാളിത്തം അതുപോലെ സ്വതസിദ്ധമായ 'മത്തിമണം' എന്നിവയാണ് കാരണം. എനിക്ക് മത്തിയെ നല്ല ഇഷ്ടമാണ്. വൃത്തിയാക്കിയെടുക്കാൻ ഞാൻ ആദ്യം പഠിച്ചത് മത്തിയുടെ മേലായിരുന്നു. പണ്ട് അടുക്കളയിൽ ഉമ്മയെ സഹായിക്കുന്ന നേരത്ത് മത്തിയുടെ തല പൂച്ചക്കിട്ടു കൊടുത്താണ് പഠനം തുടങ്ങിയത്.
അടുക്കളയിലെ പണികളെല്ലാം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. അടിച്ചു വൃത്തിയാക്കി സ്റ്റവ്, വാഷ് ബേസിൻ എന്നിവ തുടച്ചു കഴിഞ്ഞാൽ പിന്നെ കിച്ചൺ വേസ്റ്റ് പുറത്ത് കൊണ്ട് പോയി കളയാം. അതോടു കൂടി മെസ്സ് എന്ന ഇന്നത്തെ മഹാസംരംഭം അവസാനിക്കും. ഇനി അടുത്ത പത്തു ദിവസം കഴിഞ്ഞു കിച്ചനിലേക്ക് തിരിഞ്ഞു നോക്കിയാൽ മതി.
പതിയെ കിച്ചണിൽ നിന്നും പുറത്തു കടക്കുമ്പോൾ ഓർത്തത് പ്രിയതമയെയാണ്. ഓരോ തവണയും നാട്ടിലെത്തുമ്പോൾ സ്ഥിരമായി വഴക്ക് കൂടുന്ന കാര്യമാണ് 'ഈ അടുക്കളയിൽ നിന്നും നിന്നെയൊന്ന് പുറത്തേക്ക് കിട്ടാൻ ഞാനെന്തു വേണം എന്റെ ഭവതീ' എന്ന എന്റെ ചോദ്യം!. ‘ആവാസ വ്യവസ്ഥയിലെ അനിവാര്യവും അനിയന്ത്രിതവുമായ ഭരണപ്രദേശമാണ് അടുക്കള എന്ന യാഥാർത്ഥ്യം’ എന്ന് അവളിതുവരെ  മറുപടി പറഞ്ഞിട്ടില്ല!.
 തീരുമാനിച്ചതിലും അരമണിക്കൂർ നേരത്തെ ആശുപത്രിയിലേക്കായി ഇറങ്ങി. പുതിയ പ്രശ്നമായതിനാൽ പഴയ രോഗങ്ങളുടെ കടലാസ്സു കെട്ടൊന്നും എടുത്തില്ല. ചൂടിന് കാഠിന്യമുള്ളതിനാൽ നിരത്തുകളിൽ നിന്നും ആവി മുഖത്തേക്കെടുക്കുന്നുണ്ട്. അതിനാൽ തന്നെ  ബസ്സിന്‌ കാത്തുനിന്നില്ല. ഹോണടിച്ചു വന്ന ടാക്സിക്ക് കൈകാണിച്ചു. അഫ്ഗാനിയാണ് ഡ്രൈവർ. കറ പിടിച്ച പല്ലുകൾ കാട്ടി ആയാൾ ചിരിച്ചു. നല്ല വൃത്തിയുള്ള ടാക്സി, മീറ്ററും നല്ല വൃത്തിയിൽ ഓടുന്നുണ്ട്. ഇടയ്ക്കിടെ മീറ്ററിൽ നോക്കി മലയാളിയുടെ വില കളയാതിരിക്കാൻ ഞാനും ബലം പിടിച്ചിരുന്നു. വളവുകളും തിരിവുകളും കടന്ന് അല്പം വേഗതിയിൽ തന്നെ വണ്ടി ആശുപത്രിക്ക് മുമ്പിൽ   നിന്നപ്പോൾ 'നമ്മൾ വേഗമെത്തി അല്ലേയെന്ന്' അയാൾ. വേഗമെത്തിയെന്നത് നേരുതന്നെ, പക്ഷെ ചാർജ് രണ്ടു ദിർഹം കൂടിപ്പോയെന്ന് മാത്രം എന്ന് മനസ്സിൽ പറഞ്ഞു, അതെയെന്ന് തലയാട്ടി അഫ്ഗാനിയെ സന്തോഷിപ്പിച്ചു വിട്ടു. അഫ്ഗാൻ താഴ്വരയിലെ അമേരിക്കൻ ബോംബിങ്ങുകൾക്കിടയിൽ ജീവിക്കുന്ന ദരിദ്രരായ അയാളുടെ കുടുംബത്തെ ഭാവനയിൽ കണ്ടു ആശുപത്രിയിലേക്ക് നടന്നു.
ഡോക്ടറുടെ വിരലുകൾ കീ ബോർഡിൽ ചലിച്ചു കൊണ്ടിരുന്നു. ചതുരക്കണ്ണാടിയിലൂടെ സൂക്ഷിച്ചു നോക്കിയിട്ടും സ്‌ക്രീനിലുള്ളത് കാണാത്ത പോലെ അദ്ദേഹം മോണിറ്ററിലേക്ക് ഏന്തി വലിഞ്ഞു നോക്കുന്നു. മെലിഞ്ഞ് അല്പം മുന്നോട്ടു വളഞ്ഞാണ് ഡോക്ടർ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്. ഇടതു കൈയിലെ വലിയ വാച്ച് ടേബിളിൽ തട്ടുന്നത്  ചെറുതല്ലാത്ത അലോസരം ശബ്ദം സൃഷ്ടിക്കുന്നുണ്ട്. എന്റെ മുഖത്തേക്കൊന്നും നോക്കാതെയുള്ള ടൈപ്പിംഗ് മനസ്സിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ വിരലുകൾ ഞൊടിച്ച്  പ്രതിഷേധ ശബ്ദമുയർത്തി!.
'രക്ത പരിശോധനയിൽ പ്രശ്നങ്ങളൊന്നും കാണുന്നില്ല, B13 ന്റെ അളവും നോർമലാണ്.. ഇനി MRI സ്കാൻ ചെയ്‌തു നോക്കേണ്ടി വരും’!.
ചെറിയ നേരത്തെ ഇടവേളക്ക് വിരാമം  നൽകി ഡോക്ടർ ശബ്ദമുയർത്തി. ആശുപത്രിയിലെ ഏറ്റവും വലിയ സ്കാനറിലേക്ക് ബുക്ക് ചെയ്തു കൊണ്ടുള്ള ഉത്തരവാണ്. ഇൻഷുറൻസ്ന്റെ അപ്പ്രൂവൽ വന്നാൽ വിളിക്കാം എന്ന ഡോക്ടറുടെ ഓർമ്മപ്പെടുത്തലോടെ അദ്ദേഹവുമായുള്ള  സീൻ അവസാനിച്ചു.
ലിഫ്റ്റിൽ കയറാതെ ഗോവണി വഴി ആശുപത്രിയുടെ പുറത്തേക്ക് നടക്കുമ്പോൾ വലിയ ആധികൾ തിരമാലകളായി ഇരച്ചു വന്നു. തലയുടെ MRI സ്കാൻ ആണ് ചെയ്യാൻ പോകുന്നത്!. മുഴകൾ, തടിപ്പ്, ബ്ലോക്ക് തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലത്തെ എല്ലാ നൂലാമാലകളും പുറത്തു വരും. വായിലും മൂക്കിലും വലിയ പൈപ്പുകൾ ഘടിപ്പിച്ച്, കൈകാലുകളെ നിരവധി യന്ത്രങ്ങളിൽ കോർത്ത് അനന്തമായ നിദ്രയിൽ നിന്നും ഉണർച്ചയിലേക്കായി കാത്തുകിടക്കുന്ന ചിത്രം മനസ്സിലേക്കാരോ തൂക്കിയിട്ടു തന്നിരിക്കുന്നു.
ചിന്തകളുടെ ഭാരവും പേറി ബസ് സ്റ്റോപ്പിന്റെ ഓരംപറ്റി ഞാൻ നിന്നു . പടിഞ്ഞാറു നിന്നുള്ള കടുത്ത വെയിൽ ബസ് സ്റ്റോപ്പിലേക്ക് കടന്നു കയറുന്നുണ്ട്. അതിനാൽ അകത്തു കയറിയിരിക്കാൻ കഴിഞ്ഞില്ല. നിരത്തിലേക്ക് ചാഞ്ഞു കിടന്ന നിഴൽ കൂനയിൽ താൽക്കാലിക അഭയം തേടി.
റൂമിൽ തിരിച്ചെത്തുമ്പോൾ വൈകിയിരുന്നു. അവാച്യമായ ഒരസ്വസ്ഥതയുടെ ആരവം ശരീരത്തിലെവിടെയൊക്കെയോ വളർന്ന്‌ പടർന്നു കഴിഞ്ഞിരിക്കുന്നു. പ്രവാസം പകുത്തു നൽകിയ വേദനകളിൽ പ്രധാനമായത് നഷ്ടബോധം മാത്രമാണ്. എന്തൊക്കെയാണ് എന്ന് വേർതിരിച്ചറിയാത്ത, പറയാൻ കഴിയാതെ കെട്ടുപിണഞ്ഞു കിടക്കുന്ന മറ്റനവധി കൊച്ചു കൊച്ചു നഷ്ടങ്ങളും!. മരുഭൂമിയിൽ പണയപ്പെടുത്തിയ ആരോഗ്യമെന്ന സമ്പത്ത് തിരിച്ചെടുക്കലിന്റെ വേളയിൽ തുരുമ്പു പിടിച്ചതായിത്തീരുമോ എന്ന  വേവലാതിയിൽ ഉള്ളം പുകഞ്ഞു കൊണ്ടിരുന്നു!

 (വര: ഹാദിയ റഷീദ് )

സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുക്കാതെ  പതുക്കെ മുറിയിൽ കയറി വാതിലടച്ചു. കിടക്കയിലേക്ക് ചായുമ്പോൾ ഡൈനിംഗ്‌ ഹാളിലെ ശബ്ദങ്ങളിലേക്ക് അറിയാതെ കാതോർത്തു. അധികമാളുകളും ഭക്ഷണം കഴിച്ചു കഴിഞ്ഞെന്നു തോന്നുന്നു. ആരും ഒന്നും പറഞ്ഞിട്ടില്ല. അല്ലെങ്കിൽ ഇതിനകം തന്നെ കമെന്റുകൾ വന്നിട്ടുണ്ടാകും.  ഇന്നത്തെ എന്റെ പാചകം നന്നായി അല്ലെങ്കിൽ മോശമായില്ല എന്നർത്ഥം . ചെറിയ വിമർശനം പോലും ഏറ്റുവാങ്ങാൻ കഴിയാത്തത്ര ദുർബലത അടുത്ത കാലത്തായി എന്നിൽ പിടിമുറുക്കിയിരിക്കുന്നു.
നിരത്തിലെ വിളക്കുകാലുകളിൽ നിന്നും  നിയോൺ വെളിച്ചത്തിന്റെ ചില ചീളുകൾ  ബാൽക്കണിയിലൂടെ കടന്നു വന്ന് അവ്യക്തമായ രൂപങ്ങൾ ചുവരിൽ തീർക്കുന്നു. അവയിൽ കണ്ണു പായിച്ച്  ഞാൻ വെറുതെ  കിടന്നു. കറുപ്പും വെളുപ്പും നിറഞ്ഞ ആ നിഴൽ ചിത്രങ്ങളിൽ നിന്നും ബാല്യം നിറഞ്ഞാടിയ വർണ്ണങ്ങളെ മനസ്സുകൊണ്ട് വേർതിരിച്ചെടുത്തു. കൗമാരം പിന്നിട്ട വഴികളെ കണ്ടെത്തി. തീക്ഷ്ണമായ യൗവനത്തിന്റെ കാൽപാടുകളൊന്നും  വേർതിരിച്ചെടുക്കാനാവാതെ മിഴികൾ അനന്ത ശൂന്യതയിലേക്ക് നീണ്ട് കിതച്ചു നിന്നു!
              *****************
(Published by Madhyamam Cheppu on 09.06.2017)

1 comment:

Punaluran(പുനലൂരാൻ) said...

ഒന്നാന്തരം ഒരു പോസ്റ്റ് . പ്രവാസിയ്ക്ക് മാത്രം മനസ്സിലാകുന്ന ഫ്രോസൺ കോഴിയെ മുറിയ്ക്കുന്നത് എത്ര നന്നായി അവതരിപ്പിച്ചു..വരയും ഒന്നാന്തരം ..ആശംസകൾ