അടുക്കളയിൽ അവസാനത്തെ അടവും പയറ്റി അവളുടെ യുദ്ധം വിജയത്തിലേക്കടുക്കുകയാണ്. രാവിലെ മുതൽ തന്നെ പറയാതെ പണി മുടക്കിയ വൈദ്യുതിയാണ് ഇന്ന് വില്ലനായിരിക്കുന്നത്. അടുക്കളയിലെ ഗജകേസരികളായ മിക്സിയും ഗ്രൈന്ററും സഹകരിചില്ലെങ്കിലും അവൾ പരാജയപ്പെടില്ല, പക്ഷെ ഗ്യാസ് കൂടി തീർന്നു പോയാൽ പിന്നെന്തു ചെയ്യും!.
ഇന്നത്തെ ദിവസം തന്നെ ഗ്യാസ് തീർന്നത് വല്ലാത്ത പ്രയാസമായി. അവളുടെ കണക്കു പ്രകാരം രണ്ടു ദിവസം കൂടി കഴിയേണ്ടതാണ്. എന്ത് പറ്റി എന്നറിയില്ല. വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ പാചക വാതക ദാരിദ്ര്യത്തിനെതിരെ വീട്ടമ്മമാരുടെ പ്രതിഷേധ വാർത്തകൾ കണ്ടിരുന്നു. പ്രതിഷേധിചിട്ട് എന്ത് കാര്യം, രാഷ്ട്രീയക്കാരും കുത്തക മുതലാളിമാരും ചേർന്ന് നാടിനെ നശിപ്പിച്ചിരിക്കുന്നു!. പത്രം മടക്കി അയാള് ദീർഘമായി നിശ്വസിച്ചു.
നിശ്ചലമായ സീലിംഗ് ഫാനിനു മുമ്പിൽ ആർത്തലച്ചു ചിരിച്ച കൊടും ചൂടിന്റെ ക്രൗര്യം തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നു. ഉരുകിയൊലിച്ച ശരീരത്തിനെ ആശ്വസിപ്പിക്കാൻ പാള വിശറികൊണ്ടുള്ള തന്റെ ശ്രമം പരാജയപ്പെട്ടു പോകുന്നല്ലോ!
അവളുടെ ഇളയമ്മയുടെ മകൻ ഇന്ന് വിദേശത്തേക്ക് പോവുകയാണ്. കുടുംബത്തിൽ നിന്നും ആദ്യത്തെ ഗൾഫുകാരൻ ഉണ്ടാകാൻ പോകുന്നു. പോകുന്ന നേരത്ത് നമ്മൾ അവിടെയില്ലെങ്കിൽ അവൻ വരുന്ന നേരത്ത് ചെന്നിട്ട് വലിയ കാര്യമൊന്നും ഉണ്ടാവില്ല, രാത്രിയിലത്തെ അവളുടെ പ്രസ്താവന ഉഷ്ണത്തിന്റെ കൂടെ നിഴലിച്ചു നിന്നു. സ്ത്രീകൾക്ക് അമ്പതല്ല, എഴുപത്തഞ്ചു ശതമാനം സംവരണം കൊടുക്കണം,
അത്രക്കുണ്ട് ദീർഘർശനം!
അരക്കാനും അലക്കാനും എന്ന് വേണ്ട എല്ലാ കുതന്ത്രങ്ങൽക്കും യന്ത്രം കണ്ടുപിടിച്ചതാണ് ഇന്നിന്റെ ശാപം. യന്ത്രങ്ങൾ പണിമുടക്കുമ്പോൾ
ജോലിയുടെ ഭാരം ഇരട്ടിയാകുന്നു. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ
ഇടതു കൈ കൊണ്ട്
അവൾ ഇടയ്ക്കിടെ തുടച്ചു കളയുന്നുണ്ട്.
"ആണുങ്ങൾക്ക് അല്ലെങ്കിലും ഒന്നും അറിയേണ്ടല്ലോ, വെറുതെ കസേരയിൽ ഇരുന്നു കൊടുത്താൽ മതി... രാവിലെ പോയതാണ് കറന്റ്... എന്താണെന്നു അന്വേഷിക്കുക പോലും ചെയ്തില്ല!"
അവളുടെ പ്രാക്ക് വീടിന്റെയും ഗ്രാമത്തിന്റെയും പട്ടണത്തിന്റെയും അതിരുകൾ പിന്നിട്ടു പോയി, അധികാര കേന്ദ്രങ്ങളിലെ ദരിദ്രന്റെ ചോര കുടിക്കുന്ന രാഷ്ട്രീയക്കാരന്റെ കഴുത്തിനു ചുറ്റും വലയം ചെയ്യും എന്നയാൾ വെറുതെ ആശിച്ചു!
"ഇവിടെക്കിടന്നു ഉറങ്ങിക്കോ...നിങ്ങൾ വന്നില്ലെങ്കിലും
ഞാൻ പോകും"
ഒരു മുദ്രാവാക്യം പോലെയുള്ള അവളുടെ ശബ്ദം കേട്ടാണ് അയാൾ
ഉണർന്നത്.. നിശബ്ദതയിൽ ചൂഴ്ന്നു നില്ക്കുന്ന സൂര്യതാപത്തോടൊപ്പം അവളുടെ വാക്കുകൾ ചുട്ടു പഴുത്തു. ശരീരത്തിൽ കിനിഞ്ഞിറങ്ങിയ വിയർപ്പു ചാലുകൾ ഉറക്കത്തിന്റെ ദൈർഘ്യം അയാളെ ഓർമ്മപ്പെടുത്തി. ഫാനിന്റെ അനക്കമില്ലായ്മയിൽ നിന്നും കറന്റ് വന്നിട്ടില്ലെന്ന് ബോധ്യമായി. പെട്ടെന്ന് ഭക്ഷണം കഴിച്ചു റെഡിയാകാം, അയാൾ എഴുന്നേറ്റു.
“നിങ്ങളെവിടെ....ഭക്ഷണം കഴിച്ചു റെഡിയാവണ്ടേ...” അവളുടെ ശബ്ദം അകത്തു നിന്നും ഉച്ചത്തിൽ ഉയർന്നു.
അടുക്കളയിലെ മിനുക്കു പണിയിൽ ബാക്കിയുണ്ടായിരുന്നതും തീർത്ത് കൈയിലൊരു ചൂലുമായി അവൾ ധൃതിയിൽ ഉമ്മറത്തേക്ക് വന്നു. പുറത്തെ ആളുകളെ കണ്ടതും അല്പം ജാള്യതയോടെ കൈയിലെ ചൂൽ അവൾ പിറകിലേക്ക് പിടിച്ചു!
“ചേച്ചി പറഞ്ഞതെല്ലാം ഞാനും കേട്ടു. നമ്മുടെ നാടിന്റെ ഈ ദുസ്ഥിതി മാറാൻ, സാധാരണക്കാരന്റെ ആശ്വാസത്തിന്നായ്, അവകാശങ്ങൽക്കായ് നമുക്ക് പോരാടാം. ചേച്ചി പുറകിലേക്ക് പിടിച്ച ആ ചൂൽ മുന്നിലേക്ക് പിടിക്കൂ..അഴിമതി തുടച്ചു നീക്കാനുള്ള ആയുധം മറച്ചു പിടിക്കാനുള്ളതല്ല!” സ്ഥനാര്ത്ഥിയുടെ നിശ്ചയദാർഡ്യമുള്ള സ്വരത്തിൽ ഞങ്ങൾ തിരക്കുകൾ മറന്നു!
ചൂലുമായി വന്നതാണ് കുഴപ്പമായത് എന്നാണു അവൾ ധരിച്ചതെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായി. ആം ആദ്മിയെപ്പറ്റി മനസ്സിലാക്കാത്തതിനാൽ അവരുടെ ചിഹ്നത്തെ പറ്റിയും അവൾ കേട്ടിരിക്കാൻ ഇടയില്ല. പത്ര വായനയിലും വാർത്തകളിലും അവളത്ര തല്പരയല്ല. സീരിയൽ കഥാപാത്രങ്ങൾ മാത്രമാണ്
ചിരപരിചിതം!
വോട്ടു ചെയ്യണം എന്നപെക്ഷിച്ച് ആം ആദ്മിക്കാർ കടന്നു പോയി. എഴുതിയലൊടുങ്ങാത്തത്ര അക്കങ്ങളുടെ അഴിമതികഥകൾ കേട്ട് മടുത്ത ഈ രാജ്യത്ത് ഒരു രാഷ്ട്രീയ ബദലാകാൻ ഈ പാവങ്ങൾക്ക് കഴിയുമോ എന്തോ. ചിന്തിച്ചു നില്ക്കുന്നതിനിടെ അയാളെ അവൾ അകത്തേക്ക് പിടിച്ചു വലിച്ചു.
നിങ്ങളിങ്ങു വന്നെ...പോകണ്ടേ?
നിങ്ങളിങ്ങു വന്നെ...പോകണ്ടേ?
ഭക്ഷണ മേശക്കു മുമ്പിൽ അയാൾ വിമുഖനായി. വെറുതെ ഭക്ഷണപ്പാത്രത്തിൽ വിരലോടിച്ചു അയാൾ മനസ്സിനോട് സംവദിച്ചു കൊണ്ടിരുന്നു. ചോറും കറികളും വിരലുകൾക്ക് വഴങ്ങാത്ത പോലെ!. പാത്രത്തിൽ വെന്തിരിഞ്ഞു കിടക്കുന്ന വർഗ്ഗീയതയുടെ ഇരകൾ...വിലക്കയറ്റത്തിൽ കണ്ണ് തുറിക്കുന്ന സാധാരണക്കാർ..അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ അട്ടഹാസങ്ങൾ....
"പുറത്ത് ഇപ്പോൾ വന്നു പോയില്ലേ,,, "അയാൾ ഭാര്യയുടെ മുഖത്ത് നോക്കി ചോദിച്ചു.
"ഉം..." അവൾ ചോദ്യഭാവത്തിൽ പതിയെ തലയാട്ടി.
"ഗാന്ധിയുടെ ആത്മാവാണത്, അഴിമതിയിൽ നിന്നും അക്രമത്തിൽ നിന്നും മുക്തിനേടിയ, പൂർണ്ണ സ്വരാജ് സ്വപ്നം കണ്ട നമ്മുടെ മഹാത്മാവിന്റെ ആത്മാവ്!”
*******
3 comments:
ഇന്‍ഡ്യയില്‍ ഒരു പുതുയുഗം പിറക്കട്ടെ
സംഭവം രസമായിരിക്കുന്നു.
ആദ്യം എഴുതിയ പോസ്റ്റ് അതെ പ്രാധാന്യത്തോടെ വീണ്ടും പോസ്ടാന്‍ ആയല്ലോ.
ഇഷ്ടായി.
വെറും പ്രതീക്ഷകൾ!!!!!
Post a Comment